ന്യുദൽഹി: ഇറാൻ പ്രസിഡന്റ് മസൂദ് പെസസ്കിയാനുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. കടൽ വഴിയുള്ള വ്യാപാരത്തിനും കപ്പൽ ഗതാഗതത്തിനുമുള്ള സ്വാതന്ത്ര്യം ഉറപ്പാക്കണമെന്ന് മോദി ആവശ്യപ്പെട്ടു. കിർഗിസ്ഥാനിലെ ബിഷ്‌കെക്കിൽ നടന്ന എസ്.സി.ഓ ഉച്ചകോടിയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച്ച.
നാവികർ, മറ്റ് സാധാരണക്കാർ എന്നിവർക്കുള്ള സുരക്ഷ ഉറപ്പാക്കണമെന്നും അവർക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ വീഴ്ച വരുത്തരുതെന്നും അദ്ദേഹം പറഞ്ഞു. നയതന്ത്രത്തിന് പകരം യുദ്ധത്തിന്റെ പാത തെരെഞ്ഞെടുത്തത് അമേരിക്കയാണെന്നും ചർച്ച നടത്തി യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യ ഇടപെടെണമെന്നുമായിരുന്നു ഇറാൻ പ്രസിഡന്റ് മസൂദ് പെസെസ്‌ക്കിയാന്റെ മറുപടി.
പശ്ചിമേഷ്യയിൽ സംഘർഷങ്ങൾ ഒഴിവാക്കി സമാധാനപരമായ അന്തരീക്ഷം സൃഷ്ടിക്കാൻ നയതന്ത്രപരമായ ഇടപെടൽ ആവശ്യമാണ് എന്ന ഇന്ത്യയുടെ നിലപാട് മോദി ആവർത്തിച്ചു. ഇന്ത്യ അതിന് വേണ്ട എല്ലാ ശ്രമങ്ങളും നടത്തുമെന്നും മോദി ഉറപ്പ് നൽകി. ലക്ഷക്കണക്കിന് ഇന്ത്യൻ പൗരന്മാർ ജീവിക്കുന്ന പശ്ചിമേഷ്യൻ മേഖല, ഇന്ത്യയുടെ ഊർജ ആവശ്യങ്ങൾക്കും സമുദ്ര വ്യാപാരത്തിനും അതി പ്രധാനമാണെന്നും മോദി കൂട്ടിച്ചേർത്തു.
അമേരിക്ക-ഇസ്രാഈൽ യുദ്ധവും സംഘർഷങ്ങളും രൂക്ഷമായ സാഹചര്യത്തിൽ കടൽമാർഗമുള്ള വ്യാപാരത്തിനും നാവികരുടെ സുരക്ഷയും ഉറപ്പാക്കുന്നതിൽ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്നും മോദി പെസെസ്‌ക്കിയാനെ ഓർമിപ്പിച്ചു. ബ്രിക്സ്, എസ്.സി.ഓ പോലുള്ള അന്താരാഷ്ട്ര കൂട്ടായ്മകളിലൂടെ ഇറാനുമായി ചേർന്ന് പ്രവർത്തിക്കാൻ ഇന്ത്യ തയാറാണെന്നും മോദി അറിയിച്ചു. സെപ്റ്റംബർ 12, 13 തീയതികളിൽ
ന്യുദൽഹിയിൽ നടക്കുന്ന ഉച്ചകോടിയിലേക്ക് ഇറാൻ പ്രസിഡന്റിനെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.
ഇറാനുമായുള്ള ദീർഘകാല സൗഹൃദം ശക്തിപ്പെടുത്താൻ ഇന്ത്യ ആഗ്രഹിക്കുന്നുവെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം മോദി സോഷ്യൽ മീഡിയയിൽ കുറിച്ചു. വരും ദിവസങ്ങളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം കൂടുതൽ വിപുലമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlight:Modi urges Iran to ensure seafarers’ safety; Iran claims US chose war path and seeks India’s intervention