തമിഴ്‌നാടിന്റെ വികസനത്തിനായി ഒന്നിച്ച് പ്രവര്‍ത്തിക്കുമെന്ന് മോദി; വിശ്വാസം കാത്ത്‌സൂക്ഷിക്കാന്‍ കഴിയട്ടെയെന്ന് ഖാര്‍ഗെ: വിജയ്ക്ക് അഭിനന്ദനം
India
തമിഴ്‌നാടിന്റെ വികസനത്തിനായി ഒന്നിച്ച് പ്രവര്‍ത്തിക്കുമെന്ന് മോദി; വിശ്വാസം കാത്ത്‌സൂക്ഷിക്കാന്‍ കഴിയട്ടെയെന്ന് ഖാര്‍ഗെ: വിജയ്ക്ക് അഭിനന്ദനം
നിഷാന. വി.വി
Sunday, 10th May 2026, 2:01 pm

ന്യൂദല്‍ഹി: തമിഴ്‌നാടിന്റെ പുതിയ മുഖ്യമന്ത്രിയായി അധികാരത്തിലേറിയ വിജയ്ക്ക് അഭിനന്ദനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങളുടെ ക്ഷേമത്തിനായി കേന്ദ്രം തമിഴ്‌നാട് സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും വിജയ്ക്ക് അഭിനന്ദനങ്ങള്‍ അറിയിച്ചു. സാമൂഹിക നീതിയുടേയും ആത്മാഭിമാനത്തിന്റെയും ദീര്‍ഘകാല തത്വങ്ങള്‍ പുതിയ സര്‍ക്കാര്‍ ഉയര്‍ത്തിപ്പിടിക്കുമെന്ന് കരുതുന്നതായി ഖാര്‍ഗെ പറഞ്ഞു.

‘തമിഴ്‌നാട്ടിലുടനീളമുള്ള ദശലക്ഷക്കണക്കിന് ആളുകള്‍ പ്രത്യേകിച്ച് യുവാക്കള്‍ വിജയ്‌യുടെ ടി.വി.കെയില്‍ വിശ്വാസമര്‍പ്പിച്ചിട്ടുണ്ട്. അത് നിറവേറ്റാന്‍ സാധിക്കട്ടെ,’ അദ്ദേഹം ആശംസിച്ചു.

ഇന്ന് രാവിലെ പത്ത് മണിയോടെയായിരുന്നു വിജയ് തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. രാഹുല്‍ ഗാന്ധിയടക്കമുള്ള നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു. ചെന്നൈ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടന്നത്.

പഴയതും പുതിയതുമായ മുഖങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പത്തംഗ മന്ത്രിസഭയാണ് വിജയ് പ്രഖ്യാപിച്ചത്. മുന്‍ ഡി.എം.കെ ഭരണകൂടത്തില്‍ നിന്ന് വ്യത്യസ്തമായി മുഖ്യമന്ത്രിയും മന്ത്രിമാരും ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്.

ആകെ 234 സീറ്റുകളുള്ള തമിഴ്നാട് നിയമസഭയില്‍ 118 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. 108 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും ഭൂരിപക്ഷത്തിന് 11 സീറ്റുകള്‍ കൂടി വിജയ്ക്ക് ആവശ്യമായിരുന്നു. കോണ്‍ഗ്രസിന്റെ പിന്തുണയ്ക്ക് പിന്നാലെ സി.പി.ഐ, സി.പി.ഐ.എം, വി.സി.കെ പാര്‍ട്ടികള്‍ കൂടി പിന്തുണ പ്രഖ്യാപിച്ചതോടെ വിജയ് സുരക്ഷിതമായ ഭൂരിപക്ഷത്തിലേക്ക് എത്തിച്ചേരുകയായിരുന്നു. പിന്നാലെയാണ് സത്യപ്രതിജ്ഞയ്ക്ക് വഴിയൊരുങ്ങിയത്.

തമിഴ്‌നാട് രാഷ്ട്രീയത്തില്‍ പതിറ്റാണ്ടുകള്‍ നീണ്ടുനിന്ന ദ്രാവിഡ കക്ഷികളുടെ ആധിപത്യത്തിന് അന്ത്യം കുറിച്ചാണ് ദളപതി വിജയ് ഭരണത്തിലേക്ക് വരുന്നത്.

Content Highlight: Modi says we will work together for the development of Tamil Nadu; Kharge congratulates Vijay, says he can maintain trust

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.