മോദിയുടെ തിരുവനന്തപുരം സന്ദര്‍ശനം: നടപ്പാതയും കയ്യേറി ഫ്‌ളക്‌സുകള്‍
Kerala
മോദിയുടെ തിരുവനന്തപുരം സന്ദര്‍ശനം: നടപ്പാതയും കയ്യേറി ഫ്‌ളക്‌സുകള്‍
നിഷാന. വി.വി
Thursday, 22nd January 2026, 11:41 am

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍നവുമായി ബന്ധപ്പെട്ട് നടപ്പാതയടക്കം കയ്യേറി ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍.

സെക്രട്ടറിയേറ്റിന് സമീപത്താണ് നടപ്പാത പൂര്‍ണമായും അടച്ച് കൊണ്ട് പ്രധാനമന്ത്രിയെ വരവേറ്റുകൊണ്ടുള്ള ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നത്.

ഇതിനെതിരെ സാമൂഹ്യമാധ്യങ്ങളില്‍ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.

‘തിരുവനന്തപുരം വികസിപ്പിക്കാനുള്ള വമ്പന്‍ ഐഡിയയുമായി ബഹു. പ്രധാനമന്ത്രി എത്തുകയാണ്. സിറ്റിയിലെ റോഡുകളും നടപ്പാതകളും ഇപ്പോഴേ അദ്ദേഹത്തിന്റെ വികസനം കൊണ്ട് നിറഞ്ഞുകഴിഞ്ഞു. വി. ഐ. പി. വിസിറ്റിനുള്ള റോഡ് ബാരിക്കേഡ് കൂടി ആയപ്പോള്‍ സംഗതി ഗംഭീരം. എന്നിങ്ങനെ പരിഹാസ കുറിപ്പോടെയാണ് ഫ്‌ളക്‌സിന്റെ വീഡീയോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

ഒരു വിസിറ്റുണ്ടെങ്കില്‍ റോഡിലൂടെയൊന്നും പോവാന്‍ കഴിയില്ലെന്ന് തിരുവനന്തപുരത്തുകാര്‍ക്ക് അറിയാമെന്നും എന്നാലിപ്പോള്‍ ഫുട്പാത്തിലൂടെ നടന്നും പോകാന്‍ കഴിയാത്ത അവസ്ഥയില്‍ ജനം മോദിജി കൊണ്ടുവരുന്ന വികസനം എങ്ങനെ കാണും? വീട്ടിലിരുന്ന് ടി.വി യില്‍ കണ്ടാല്‍ മതിയാവും. പോസ്റ്റില്‍ പറയുന്നു.

ഒന്നോ രണ്ടോ റോഡല്ല, സിറ്റിയിലെ ഏതാണ്ടെല്ലാ പ്രധാന പാതകളും കയ്യേറി ബ്ലോക്ക് ചെയ്ത് ബോര്‍ഡുകള്‍ സ്ഥാപിച്ചുകഴിഞ്ഞിട്ടുണ്ടെന്നും വിമര്‍ശനങ്ങളുണ്ട്.

നാളെയാണ് (വെള്ളി) പ്രധാനമന്ത്രിയുടെ തലസ്ഥാന സന്ദര്‍ശനം. തിരുവനന്തപുരം കോര്‍പ്പറേഷന്റെ വികസന രേഖയുടെ നയപ്രഖ്യാപനം, റെയില്‍വേ പദ്ധതികളുടെ ഉദ്ഘാടനം എന്നീ പരിപാടികളാണ് നടക്കുന്നത്. തിരുവനന്തപുരത്തെ തുറമുഖ നഗരമായി പ്രഖ്യാപിക്കുമെന്നടക്കമുള്ള പ്രതീക്ഷകളും മോദി സന്ദര്‍ശനത്തിന് പിന്നിലുണ്ട്.

സര്‍ക്കാര്‍ പരിപാടിയും പാര്‍ട്ടി പരിപാടിയും ഒരു വേദിയില്‍ ഒന്നിച്ചു നടത്താന്‍ കഴിയാത്തതിനാല്‍ റെയില്‍വേ പരിപാടികളുടെ ഉദ്ഘാടനം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടത്താന്‍ റെയില്‍വേ സര്‍ക്കാരിനോട് അനുമതി തേടിയിരുന്നു.

എന്നാല്‍ റിപ്പബ്‌ളിക്ക് ദിനാഘോഷത്തിന്റെ ഒരുക്കം നടക്കുന്നതിനാല്‍ സ്റ്റേഡിയം വിട്ടുനല്‍കാനാവില്ലെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്.

സന്ദര്‍ശനത്തോടനുബന്ധിച്ച് നഗരത്തില്‍ കനത്ത ഗതാഗത നിയന്ത്രണങ്ങളും സുരക്ഷാ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ശംഖുമുഖം-എയര്‍പോട്ട് ഭാഗവും, പുത്തരിക്കണ്ടം- കിഴക്കേക്കോട്ട ഭാഗവും താത്കാലിക റെഡ്‌സോണായി പ്രഖ്യാപിച്ചിട്ടുണ്ട്.

Content Highlight: Modi’s visit to Thiruvananthapuram: Flexes encroach on the sidewalk

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.