പാലക്കാട്: പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്ത് നടത്തിയ പ്രസംഗം വെറുപ്പിന്റേയും ചരിത്ര നിഷേധത്തിന്റെയും മറ്റൊരു ഉദാഹരണമാണെന്ന് കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍.
സ്വാതന്ത്ര്യത്തിന് ശേഷം രൂപം കൊണ്ട ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗുമായുള്ള സഖ്യത്തിന്റെ പേരില്‍ കോണ്‍ഗ്രസിനെ വിമര്‍ശിക്കുമ്പോള്‍ സ്വന്തം പാര്‍ട്ടിയുടെ പൂര്‍വികര്‍ ചെയ്തുകൂട്ടിയ കാര്യങ്ങള്‍ പ്രധാനമന്ത്രി സൗകര്യപൂര്‍വം മറക്കുകയാണെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് സന്ദീപ് വാര്യരുടെ പ്രതികരണം.
ഇന്ന് (വെള്ളി) കേരളത്തില്‍ എത്തിയ മോദി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെ ‘മുസ്‌ലിം ലീഗ് മാവോയിസ്റ്റ് കോണ്‍ഗ്രസ്’ എന്ന് വിശേഷിപ്പിച്ചിരുന്നു. കോണ്‍ഗ്രസിനെ കുറിച്ച് മുന്നറിയിപ്പ് നല്‍കാനാണ് താന്‍ തിരുവനന്തപുരത്ത് എത്തിയതെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.
ഇതിനെ മുന്‍നിര്‍ത്തിയാണ് സന്ദീപ് വാര്യരുടെ പ്രതികരണം. ‘ബി.ജെ.പിയുടെ ഇരട്ടത്താപ്പും മറന്നുപോയ ചരിത്രവും’ എന്ന വാചകത്തോട് കൂടിയാണ് സന്ദീപ് വാര്യരുടെ പോസ്റ്റ്.
ചരിത്രമൊന്ന് ചികഞ്ഞു നോക്കിയാല്‍ ബി.ജെ.പിയുടെ തറവാടായ ഹിന്ദുമഹാസഭയും ജിന്നയുടെ മുസ്‌ലിം ലീഗും തമ്മിലുണ്ടായിരുന്ന ‘അവിശുദ്ധ കൂട്ടുകെട്ട്’ ആര്‍ക്കും കാണാന്‍ സാധിക്കുമെന്നും സന്ദീപ് പറഞ്ഞു.
ജിന്നയുടെ നേതൃത്വത്തിലുള്ള മുസ്‌ലിം ലീഗ് വിഭജന പ്രമേയം അവതരിപ്പിച്ച കാലത്ത്, സിന്ധിലും ബംഗാളിലും വടക്കുപടിഞ്ഞാറന്‍ അതിര്‍ത്തി പ്രവിശ്യയിലും മുസ്‌ലിം ലീഗിനൊപ്പം ചേര്‍ന്ന് മന്ത്രിസഭയുണ്ടാക്കിയത് ഹിന്ദു മഹാസഭയായിരുന്നുവെന്നും സന്ദീപ് വാര്യര്‍ ചൂണ്ടിക്കാട്ടി.
ബി.ജെ.പിയുടെ ആദര്‍ശപുരുഷനായ ശ്യാമപ്രസാദ് മുഖര്‍ജി, മുസ്‌ലിം ലീഗ് അംഗങ്ങള്‍ ഉള്‍പ്പെട്ട ബംഗാള്‍ മന്ത്രിസഭയില്‍ ധനമന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. മുസ്‌ലിം ലീഗുമായി അധികാരം പങ്കിട്ട ചരിത്രം സ്വന്തം പേരില്‍ വെച്ചുകൊണ്ടാണ് ഇവര്‍ ഇന്ന് മറ്റുള്ളവര്‍ക്ക് നേരെ വിരല്‍ ചൂണ്ടുന്നതെന്നും വിമര്‍ശനമുണ്ട്.
കശ്മീരില്‍ അധികാരം ലഭിക്കാന്‍ വേണ്ടി വിഘടനവാദി നേതാക്കളോട് മൃദുസമീപനം പുലര്‍ത്തുന്ന മെഹബൂബ മുഫ്തിയുടെ പി.ഡി.പിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിച്ചത് ബി.ജെ.പിയല്ലേ എന്നും സന്ദീപ് വാര്യര്‍ ചോദിക്കുന്നു. അന്ന് ദേശസ്‌നേഹം എവിടെയായിരുന്നുവെന്നും ചോദ്യമുണ്ട്.
തെരഞ്ഞെടുപ്പ് ജയിക്കാന്‍ വര്‍ഗീയതയും അപരവത്ക്കരണവും ആയുധമാക്കുന്ന ബി.ജെ.പി, സ്വന്തം ഭൂതകാലത്തെ കുറിച്ച് മൗനം പാലിക്കുന്നത് പരിഹാസ്യമാണെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.
കേരളത്തിലെ ജനങ്ങള്‍ ചരിത്ര ബോധമുള്ളവരാണെന്നും ഈ ഇരട്ടത്താപ്പ് ഇവിടെ ചെലവാകില്ലെന്നും സന്ദീപ് കൂട്ടിച്ചേര്‍ത്തു.