മോദി നിങ്ങളുടെ പണമെടുത്ത് സുഹൃത്തുക്കള്‍ക്ക് മുപ്പതിനായിരം കോടി നല്‍കുന്നു; രാഹുലിന്റെ കേസിനാസ്പദമായ പ്രസംഗത്തിലെ 10 ഭാഗങ്ങള്‍
India
മോദി നിങ്ങളുടെ പണമെടുത്ത് സുഹൃത്തുക്കള്‍ക്ക് മുപ്പതിനായിരം കോടി നല്‍കുന്നു; രാഹുലിന്റെ കേസിനാസ്പദമായ പ്രസംഗത്തിലെ 10 ഭാഗങ്ങള്‍
ആര്യ. പി
Wednesday, 6th August 2025, 5:01 pm

ബി.ജെ.പി ദേശീയ അധ്യക്ഷനായിരിക്കെ അമിത് ഷാക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് ജാര്‍ഖണ്ഡ് ജില്ലാ കോടതി ജാമ്യം അനുവദിച്ചിരിക്കുകയാണ്.

ദല്‍ഹിയില്‍ നടന്ന കോണ്‍ഗ്രസ് പാര്‍ട്ടിയുടെ 18ാം പ്ലീനറി സമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗത്തിലെ ചില പരാമര്‍ശങ്ങളായിരുന്നു കേസിന് ആസ്പദമായത്.

കൊലപാതകക്കുറ്റം ചുമത്തപ്പെട്ട ഒരാളെ ബി.ജെ.പിയുടെ പ്രസിഡന്റായി അവര്‍ അംഗീകരിക്കുമെന്നും എന്നാല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഒരിക്കലും അത് സംഭവിക്കില്ലെന്നുമുള്ള രാഹുലിന്റെ പരാമര്‍ശമായിരുന്നു കേസിന് ആധാരം.

ആര്‍.എസ്.എസിനേയും ബി.ജെ.പിയേയും അമിത് ഷായേയും കടന്നാക്രമിച്ചുകൊണ്ടുള്ള രാഹുലിന്റെ പ്രസംഗം അന്ന് വലിയ വിവാദത്തിനും വഴിയൊരുക്കിയിരുന്നു.

രാഹുല്‍ ഗാന്ധി

ഈ രാജ്യത്തിന്റെ മണ്ണ് കോണ്‍ഗ്രസുകാരുടെയും കോണ്‍ഗ്രസ് വനിതകളുടെയും രക്തത്താല്‍ നനഞ്ഞിരിക്കുന്നെന്നും നമ്മുടെ നേതാക്കള്‍ ജയിലില്‍ കിടന്നപ്പോള്‍ അവരുടെ നേതാവായ സവര്‍ക്കര്‍ ബ്രിട്ടീഷുകാരോട് കരുണയ്ക്കായി യാചിച്ച് കത്തെഴുതുകയായിരുന്നുവെന്നും ഇത് ഇന്ത്യക്കാര്‍ ഒരിക്കലും മറക്കരുതെന്നും രാഹുല്‍ പ്രസംഗത്തില്‍ പറഞ്ഞിരുന്നു.

ബി.ജെ.പിയേയും ആര്‍.എസ്.എസിനേയും വിറളി പിടിപ്പിച്ച പ്രസംഗത്തില്‍ തൊട്ടടുത്ത ദിവസം തന്നെ രാഹുലിനെതിരെ കേസ് വന്നു.

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ 18ാം പ്ലീനറി സമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗത്തിലെ പ്രസക്ത ഭാഗങ്ങള്‍..

1.നൂറ്റാണ്ടുകള്‍ക്ക് മുമ്പ് കുരുക്ഷേത്രത്തില്‍ വലിയൊരു യുദ്ധം നടന്നു. കൗരവര്‍ ശക്തരും അഹങ്കാരികളുമായിരുന്നു. എന്നാല്‍ പാണ്ഡവര്‍ സത്യത്തിനു വേണ്ടി പോരാടി. കൗരവരെപ്പോലെ ബി.ജെ.പിയും ആര്‍.എസ്.എസും അധികാരത്തിനു വേണ്ടി പോരാടുന്നവരാണ്. കോണ്‍ഗ്രസാവട്ടെ പാണ്ഡവരെപ്പോലെ സത്യത്തിനു വേണ്ടി പോരാടുന്നവരും

2. ഈ രാജ്യത്തിന്റെ മണ്ണ് കോണ്‍ഗ്രസുകാരുടെയും കോണ്‍ഗ്രസ് വനിതകളുടെയും രക്തത്താല്‍ നനഞ്ഞിരിക്കുന്നു. ഗാന്ധിജി ഇന്ത്യയ്ക്കു വേണ്ടിയാണ് മരിച്ചത്. നമ്മുടെ നേതാക്കള്‍ ജയിലില്‍ കിടക്കേണ്ടി വന്നപ്പോള്‍ അവരുടെ നേതാവായ വിനായക് ദാമോദര്‍ സവര്‍ക്കര്‍ ബ്രിട്ടീഷുകാരോട് കരുണയ്ക്കായി യാചിച്ച് കത്തെഴുതുകയായിരുന്നു. ഇന്ത്യ ഒരിക്കലും അത് മറക്കരുത്.

English speakers will be ashamed; the idea of ​​a complete India cannot be imagined through half-baked foreign languages: Amit Shah

അമിത് ഷാ

3. കൊലപാതകക്കുറ്റം ചുമത്തപ്പെട്ട ഒരാളെ ബി.ജെ.പിയുടെ പ്രസിഡന്റായി അവര്‍ അംഗീകരിക്കും, പക്ഷേ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ജനങ്ങള്‍ ഒരിക്കലും അത് അംഗീകരിക്കില്ല.

4. ഇന്ത്യയിലെ ഏറ്റവും വലിയ ചങ്ങാത്ത മുതലാളിമാരും ഇന്ത്യയുടെ പ്രധാനമന്ത്രിയും തമ്മില്‍ ശക്തമായ ഒരു രഹസ്യ ബന്ധമുണ്ട്. മോദി നിങ്ങളുടെ പണത്തില്‍ നിന്ന് അവര്‍ക്ക് 30000 കോടി നല്‍കുന്നു. തിരിച്ച് മോദിയെ മാര്‍ക്കറ്റ് ചെയ്യാനും തെരഞ്ഞെടുപ്പില്‍ മത്സരത്തിനുമായുള്ള പണം അവര്‍ നല്‍കുന്നു.

5. കോണ്‍ഗ്രസ് രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകും, പക്ഷേ നമ്മളും മനുഷ്യരാണ്, നമ്മള്‍ തെറ്റുകള്‍ വരുത്താറുണ്ട്. പക്ഷേ മോദി ജി കരുതുന്നത് അദ്ദേഹം മനുഷ്യനല്ലെന്നും ദൈവത്തിന്റെ അവതാരമാണെന്നുമാണ്.

നരേന്ദ്ര മോദി

6. ചിലര്‍ക്ക് ബാങ്കുകളില്‍ നിന്ന് 33,000 കോടി രൂപ മോഷ്ടിക്കാന്‍ കഴിയും, ബി.ജെ.പി സര്‍ക്കാര്‍ അവരെ സംരക്ഷിക്കും. ധനമന്ത്രിയും മകളും ചങ്ങാത്ത മുതലാളിമാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നതിനാല്‍ അദ്ദേഹം നിശബ്ദനാകും.

7. രാജ്യത്തെ എല്ലാ സ്ഥാപനങ്ങളെയും ദുര്‍ബലപ്പെടുത്താന്‍ ആര്‍.എസ്.എസ് ശ്രമിക്കുകയാണ്. ജുഡീഷ്യറി, പാര്‍ലമെന്റ്, പൊലീസ് ഇവരൊക്കെ തങ്ങളുടെ കീഴില്‍ പ്രവര്‍ത്തിക്കണമെന്ന് ആര്‍.എസ്.എസ് ആഗ്രഹിക്കുന്നു.

8. ഗുജറാത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ഞങ്ങള്‍ ടിക്കറ്റ് നല്‍കി, എന്നാല്‍ അവിടെ മോദിജി ജലവിമാനത്തില്‍ പറക്കുന്നത് കണ്ടു. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ നമ്മള്‍ ശാക്തീകരിക്കുമ്പോള്‍, പ്രധാനമന്ത്രി എല്ലായ്‌പ്പോഴും ഒരു അന്തര്‍വാഹിനിയില്‍ ആയിരിക്കും.

9. കോണ്‍ഗ്രസ് നേതൃത്വത്തിനും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും ഇടയില്‍ ഒരു മതില്‍ ഉണ്ടെന്ന് ഞാന്‍ സമ്മതിക്കുന്നു. എന്റെ പ്രഥമ പരിഗണന ആ തടസം ഇല്ലാതാക്കുന്നതിലാണ്.

10 ഇന്ന് ലോകത്തിനു മുന്നില്‍ രണ്ട് ‘വിഷനു’കളുണ്ട്. ഒന്ന് അമേരിക്ക മറ്റൊന്ന് ചൈന്. ലോകത്തിന് മുന്നില്‍ ഒരു ഇന്ത്യന്‍ വിഷന്‍ അവതരിപ്പിക്കുക എന്നതാണ് എന്റെ ലക്ഷ്യം.

Content Highlight:  Modi gives 30,000 crore of your money to them, Rahul Gandhi’s Top Quotes

ആര്യ. പി
അസോസിയേറ്റ് എഡിറ്റര്‍, ഡൂള്‍ന്യൂസ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ. 2011 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.