'ടെലിപ്രോംപ്റ്ററില്ലാതെ വന്ദേ മാതരം പാടാൻ മോദിയും അമിത് ഷായും തയ്യാറാകണം': സഞ്ജയ് റാവത്ത്
India
'ടെലിപ്രോംപ്റ്ററില്ലാതെ വന്ദേ മാതരം പാടാൻ മോദിയും അമിത് ഷായും തയ്യാറാകണം': സഞ്ജയ് റാവത്ത്
ശ്രീലക്ഷ്മി പി.പി
Monday, 24th August 2026, 11:10 am

ന്യൂദൽഹി: ‘വന്ദേ മാതരം’ ആലാപനവുമായി ബന്ധപ്പെട്ട രാഷ്ട്രീയ വിവാദങ്ങൾക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും വെല്ലുവിളിച്ച് ശിവസേന (യു.ബി.ടി) എം.പി. സഞ്ജയ് റാവത്ത് രംഗത്തെത്തി. ടെലിപ്രോംപ്റ്ററിന്റെ സഹായമില്ലാതെ വന്ദേ മാതരം പൂർണരൂപത്തിൽ ആലപിക്കാൻ ഇരുവരും മുന്നോട്ട് വരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

മുംബൈയിലെ ആഗസ്റ്റ് ക്രാന്തി മൈതാനത്ത് ഇതിനായി വേദി ഒരുക്കാമെന്നും എന്നാൽ അവിടെ ടെലിപ്രോംപ്റ്റർ ഉണ്ടാകില്ലെന്നും വാർത്താസമ്മേളനത്തിൽ റാവത്ത് പരിഹസിച്ചു. ആദ്യം മോദിയും അമിത് ഷായും പാടട്ടെയെന്നും അതിനുശേഷം ജിതൻ റാം മാഞ്ചി ഉൾപ്പെടെയുള്ള സഖ്യകക്ഷി നേതാക്കളും പൂർണരൂപം ആലപിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക നയങ്ങളെയും വിലക്കയറ്റത്തെയും റാവത്ത് രൂക്ഷമായി വിമർശിച്ചു. മോദി സർക്കാരിന്റെ ഭരണത്തിന് കീഴിൽ മരണത്തിനും അപകടങ്ങൾക്കും ആത്മഹത്യകൾക്കും മാത്രമാണ് വിലകുറഞ്ഞതെന്നും മറ്റെല്ലാ അവശ്യവസ്തുക്കൾക്കും വില കുതിച്ചുയരുകയാണെന്നും അദ്ദേഹം വിമർശിച്ചു. യുവാക്കളുമായി സർവകലാശാലകളിൽ നടത്തുന്ന സംവാദങ്ങൾക്ക് പകരം അവരുടെ കുടുംബങ്ങളുമായി സംസാരിക്കാൻ മന്ത്രിമാർ തയ്യാറാകണമെന്നും റാവത്ത് ആവശ്യപ്പെട്ടു.

കോൺഗ്രസ് പരിപാടികളിൽ വന്ദേ മാതരം ആദ്യ രണ്ട് ചരണങ്ങൾ മാത്രം ആലപിക്കാനുള്ള കോൺഗ്രസ് പ്രവർത്തക സമിതിയുടെ തീരുമാനത്തെ ബി.ജെ.പി എതിർത്തതോടെയാണ് പുതിയ വിവാദങ്ങൾക്ക് തുടക്കമായത്. ആറ് ചരണങ്ങളുള്ള പൂർണരൂപം സംരക്ഷിക്കാൻ രാജ്യവ്യാപക പ്രചാരണം നടത്തുമെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു വ്യക്തമാക്കുകയും ഇതിനെതിരെ പാർട്ടി പ്രമേയം പാസാക്കുകയും ചെയ്തിരുന്നു.

എന്നാൽ, ബി.ജെ.പി ദേശീയഗാനത്തെയും ദേശസ്‌നേഹത്തെയും രാഷ്ട്രീയവത്കരിക്കുകയാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ഉൾപ്പെടെയുള്ള നേതാക്കൾ വിമർശിച്ചു. ഗാനം പൂർണമായി ആലപിക്കാത്തവരെ രാജ്യദ്രോഹികളായി ചിത്രീകരിക്കാനാണ് കേന്ദ്ര നീക്കമെന്നും പ്രതിപക്ഷം വിമർശിച്ചു.

തൊഴിലില്ലായ്മ, വിലക്കയറ്റം തുടങ്ങിയ രൂക്ഷമായ ജനകീയ പ്രശ്നങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനാണ് ഭരണകൂടം ഇത്തരം വൈകാരിക വിഷയങ്ങൾ ഉയർത്തിക്കൊണ്ടുവരുന്നതെന്ന് ശിവസേന (യു.ബി.ടി) നേതാവ് പ്രിയങ്ക ചതുർവേദിയും കോൺഗ്രസ് നേതാക്കളും വിമർശനങ്ങളുമായി രംഗത്തെത്തി.

Content Highlight:“Modi and Amit Shah should be ready to sing Vande Mataram without a teleprompter”: Sanjay Raut.

 

ശ്രീലക്ഷ്മി പി.പി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.