കന്നുകാലി കടത്താരോപിച്ച് ജാര്‍ഖണ്ഡില്‍ മുസ്‌ലിം കച്ചവടക്കാരനെ ആള്‍ക്കൂട്ടം മര്‍ദിച്ച് കൊന്നു
India
കന്നുകാലി കടത്താരോപിച്ച് ജാര്‍ഖണ്ഡില്‍ മുസ്‌ലിം കച്ചവടക്കാരനെ ആള്‍ക്കൂട്ടം മര്‍ദിച്ച് കൊന്നു
നിഷാന. വി.വി
Saturday, 10th January 2026, 8:00 am

റാഞ്ചി: ജാര്‍ഖണ്ഡിലെ ഗോഡ്ഡ ജില്ലയില്‍ മുസ്‌ലിം കന്നുകാലി കച്ചവടക്കാരനെ ആള്‍ക്കൂട്ടം മര്‍ദിച്ചുകൊന്നു.

ബുധനാഴ്ച്ച ബീഹാര്‍ അതിര്‍ത്തിക്ക് സമീപമാണ് കന്നുകാലി കടത്താരോപിച്ച് 46 കാരനായ പപ്പു അന്‍സാരിയെ 25 ഓളം പേരടങ്ങുന്ന ആള്‍ക്കൂട്ടം തല്ലിക്കൊന്നത്.

ബീഹാറിലെ ബങ്കയിലെ ശ്യാം ബസാറിലെ കന്നുകാലി മാര്‍ക്കറ്റില്‍ നിന്നും വീട്ടിലേക്ക് മടങ്ങവെയായിരുന്നു സംഭവം.

പപ്പു അന്‍സാരിയുടെ വാഹനം സംഘം തടഞ്ഞ് നിര്‍ത്തുകയും പേര് ചോദിച്ച് മതം മനസ്സിലായതോടെ അക്രമിക്കുകയുമായിരുന്നുവെന്നും അദ്ദേഹത്തിന്റെ പങ്കാളി ആയിഷ ബീഗത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ സമര്‍പ്പിച്ച എഫ്.ഐ.ആറില്‍ പറയുന്നു.

അക്രമികള്‍ കോടാലി, അമ്പുകള്‍ എന്നീ മൂര്‍ച്ചയുള്ള ആയുധങ്ങള്‍ ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്തുകയും സമീപത്തെ വയലില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്നും എഫ്.ഐ.ആറില്‍ പറയുന്നു.

എന്നാല്‍ പപ്പു അന്‍സാരി ഒരു കന്നുകാലി മാര്‍ക്കറ്റില്‍ നിന്ന് മറ്റൊന്നിലേക്ക് കന്നുകാലികളെ കൊണ്ട് പോവുന്ന ട്രാന്‍സ്‌പോര്‍ട്ടറായി വര്‍ഷങ്ങളോളമായി ജോലി ചെയ്യുകയായിരുന്നുവെന്ന് അദ്ദേഹത്തിന്റെ പങ്കാളിയുടെ സഹോദരന്‍ പറഞ്ഞു.

നിയമപരമായ ജോലിക്ക് മതിയായ രേഖകളും അന്‍സാരിയുടെ പക്കല്‍ ഉണ്ടായിരുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘വൈകുന്നേരം കന്നുകാലി ചന്തയില്‍ പോയി രാത്രി തിരിച്ച് വരികയായിരുന്നു. 11 മണിയോടെ ഒരു കൂട്ടം ആളുകള്‍ വാഹനം തടഞ്ഞു. ഏകദേശം 25 പേരുള്ളതായി പപ്പു അന്‍സാരിയുടെ ഡ്രൈവര്‍ പറഞ്ഞു,’ പങ്കാളിയുടെ സഹോദരനായ ഫുര്‍ഖാന്‍ അന്‍സാരിയെ ഉദ്ധരിച്ച് ഇന്ത്യ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

ആള്‍ക്കൂട്ടം അക്രമാസക്തമായപ്പോള്‍ ഡ്രൈവറോടും മറ്റുള്ളവരോടും വാഹനവുമായി രക്ഷപ്പെടാന്‍ പപ്പു ആവശ്യപ്പെടുകയായിരുന്നുവെന്നും ഓടിപോയത് കൊണ്ട് മാത്രം അവര്‍ രക്ഷപ്പെടുകയായിരുന്നുവെന്നും അന്‍സാരിയുടെ കുടുംബം പറഞ്ഞു.

‘പപ്പുവിന്റെ പേര് ചോദിച്ചപ്പോള്‍ അയാള്‍ മുസ്‌ലിം ആണെന്ന് മനസിലായി ഇതിന് കന്നുകാലി മോഷണം എന്നൊക്കെ പറയുന്നത് ഒഴിവുകഴിവാണ്. ഇതില്‍ വിഷയം മതം തന്നെയാണ്,’ കുടുംബം പറഞ്ഞു.

സംഭവം നടന്ന് ഒരു ദിവസത്തിന് ശേഷമാണ് വിഷയത്തില്‍ പുയ്യഹട്ട് പൊലീസ് സ്റ്റേഷനില്‍ എഫ്. ഐ. ആര്‍ റിപ്പോര്‍ട്ട് ചെയ്തത്.

എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ഗോഡ്ഡ പൊലീസ് സുപ്രണ്ട് മുകേഷ് കുമാര്‍ പറഞ്ഞു.

കൊലപാതകത്തിന് വിശ്വാസവുമായി ബന്ധമുണ്ടോ എന്ന ചോദ്യത്തിന് അന്വേഷണത്തിന് ശേഷമെ വ്യക്തമാകൂ എന്നായിരുന്നു എസ്.പി പറഞ്ഞത്.

‘ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് അന്വേഷണം പുരോഗമിക്കുകയാണ്. സംഭവത്തിന് പിന്നിലെ കൃത്യമായ കാരണം കണ്ടെത്താന്‍ ഏകദേശം ഒരു ആഴ്ച്ച സമയമെടുക്കും. എല്ലാ വശങ്ങളും പരിശോധിക്കും,’ എസ്.പി പറഞ്ഞതായി ദി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

Content Highlight: Mob murder on suspicion of cattle smuggling; Muslim trader beaten to death in Jharkhand

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.