സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമകളിലൊന്നാണ് മമ്മൂട്ടി- മോഹന്‍ലാല്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണന്‍ അണിയിച്ചൊരുക്കുന്ന മള്‍ട്ടിസ്റ്റാര്‍ ചിത്രം. ഇന്‍ഡസ്ട്രിയുടെ ഹൈപ്പ് മുഴുവന്‍ ഒറ്റയടിക്ക് ഉയര്‍ത്തിയ അനൗണ്‍സ്‌മെന്റായിരുന്നു ചിത്രത്തിന്റേത്.
കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍ എന്നിവരും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. മലയാളത്തില്‍ ഈയടുത്ത് വന്നതില്‍ വെച്ച് ഏറ്റവും വലിയ മള്‍ട്ടിസ്റ്റാര്‍ പ്രൊജക്ടാണിത്. ‘MMMN’ എന്ന് താത്കാലിക ടൈറ്റിലിലാണ് ചിത്രം അറിയപ്പെട്ടിരുന്നത്. എന്നാല്‍ കഴിഞ്ഞദിവസം ചിത്രത്തിന്റെ ടൈറ്റില്‍ ലീക്കായതാണ് സോഷ്യല്‍ മീഡിയയിലെ പുതിയ ചര്‍ച്ച.
ചിത്രത്തിന്റെ പുതിയ ഷെഡ്യൂളിനായി കഴിഞ്ഞദിവസം മോഹന്‍ലാല്‍ ശ്രീലങ്കയിലെത്തിയിരുന്നു. താരത്തെ സ്വീകരിച്ചുകൊണ്ട് ശ്രീലങ്കന്‍ ടൂറിസം പേജ് അവരുടെ സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവെച്ച പോസ്റ്റിലൂടെയാണ് ടൈറ്റില്‍ ലീക്കായത്. അണിയറപ്രവര്‍ത്തകര്‍ വളരെ രഹസ്യമാക്കി വെച്ച ടൈറ്റിലാണ് വളരെ കാഷ്വലായി ശ്രീലങ്കന്‍ ടൂറിസം പേജ് അനൗണ്‍സ് ചെയ്തത്.
‘സൗത്ത് ഇന്ത്യന്‍ ഇതിഹാസമായ മോഹന്‍ലാല്‍ ‘പാട്രിയറ്റ്’ എന്ന തന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിനിടെ ശ്രീലങ്കയെ ‘സിനിമാസൗഹൃദ അന്തരീക്ഷം’ എന്ന് വിശേഷിപ്പിച്ചിരിക്കുന്നു. ശ്രീലങ്കയില്‍ ഇത് ചിത്രത്തിന്റെ രണ്ടാമത്തെ ഷെഡ്യൂളാണ്’ എന്നായിരുന്നു ശ്രീലങ്കന്‍ ടൂറിസം പോസ്റ്റില്‍ കുറിച്ചത്.
ഇതിന് പിന്നാലെ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരെ മെന്‍ഷന്‍ ചെയ്ത് ഒരുപാട് കമന്റുകള്‍ വന്നിട്ടുണ്ട്. ‘പാന്‍ വേള്‍ഡ് ടൈറ്റില്‍ അനൗണ്‍സ്‌മെന്റ്’, ‘ഇത്രയും കിടിലന്‍ ടൈറ്റില്‍ സ്വപ്‌നങ്ങളില്‍ മാത്രം’ തുടങ്ങി നിരവധി കമന്റുകളാണ് വരുന്നത്. എന്നാല്‍ അണിയറപ്രവര്‍ത്തകര്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
ശ്രീലങ്കയില്‍ ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ അവസാനിച്ചിരുന്നു. രണ്ട് കാലഘട്ടങ്ങളിലായി നടക്കുന്ന കഥയാണ് ചിത്രത്തിന്റേത്. മമ്മൂട്ടിയും മോഹന്‍ലാലും രണ്ട് ലുക്കുകളിലാണ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. പത്ത് വര്‍ഷത്തിന് ശേഷമാണ് ഇരുവരും ഒരു സിനിമക്കായി ഒന്നിക്കുന്നത്.
ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം ചിത്രത്തിന്റെ ഷൂട്ടിനിടയില്‍ നിന്ന് മമ്മൂട്ടി വിട്ടുനിന്നിരുന്നു. ശ്രീലങ്ക, ദല്‍ഹി, കൊച്ചി, ഹൈദരബാദ് എന്നിവിടങ്ങളിലായാണ് ചിത്രം പുരോഗമിക്കുന്നത്. ആരോഗ്യപ്രശ്‌നങ്ങളാല്‍ ഇടവേളയെടുത്ത മമ്മൂട്ടി ഈ മാസം ചിത്രത്തില്‍ ജോയിന്‍ ചെയ്യും. 2026ല്‍ ചിത്രം തിയേറ്ററിലെത്തുമെന്നാണ് പ്രതീക്ഷകള്‍.
Content Highlight: MMMN movie title leaked by Sri Lankan Tourism page