ബാഗ്ദാദിന്റെ പൊടിപടലങ്ങള്‍ക്കിടയിലും ബസറയുടെ ഇടുങ്ങിയ തെരുവുകളിലും മൊസൂളിന്റെ തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയിലും കുട്ടികള്‍ പന്തിനെ പിന്തുടര്‍ന്നു.
തകര്‍ന്ന മതിലുകള്‍ക്കിടയില്‍ ഗോള്‍ പോസ്റ്റുകള്‍ വരച്ചു. സ്‌ഫോടനങ്ങളുടെ ശബ്ദത്തിനിടയിലും ഗോള്‍ വിളിച്ചു. ജീവിതം അവരില്‍ നിന്ന് വീടുകള്‍ കവര്‍ന്നു, പ്രിയപ്പെട്ടവരെ കവര്‍ന്നു, സുരക്ഷിതമായ നാളെയെ കവര്‍ന്നു. പക്ഷേ ഒരു കാര്യം മാത്രം കവര്‍ന്നെടുക്കാന്‍ കഴിഞ്ഞില്ല. ഫുട്‌ബോളിനോടുള്ള പ്രണയം! | എം എം ജാഫർ ഖാൻ എഴുതുന്നു
രണ്ടു നദികള്‍ക്കിടയിലെ ഭൂമിയായിരുന്നു അത്. ടൈഗ്രിസും യൂഫ്രട്ടീസും ചേര്‍ന്ന് മനുഷ്യരാശിയുടെ ഉയിര്‍പ്പിന് വെള്ളമൊഴിച്ച മണ്ണ്. എഴുത്തും നഗരസംസ്‌കാരവും നിയമവ്യവസ്ഥയും ലോകത്തിന് സമ്മാനിച്ച മെസപ്പൊട്ടേമിയ. മനുഷ്യചരിത്രം ‘സഭ്യതയുടെ തൊട്ടില്‍’ എന്ന് വിളിച്ച ഭൂമി. പ്രവാചകന്മാരുടെ പാദസ്പര്‍ശമേറ്റ വിശുദ്ധ ദേശം.
ഭൂമിക്കടിയില്‍ എണ്ണയുടെ സമുദ്രങ്ങള്‍ ഒളിപ്പിച്ച സമ്പന്ന രാജ്യം. എന്നാല്‍ ആ മണ്ണിലെ ജനങ്ങള്‍ പതിറ്റാണ്ടുകളായി കേള്‍ക്കുന്നത് കുട്ടികളുടെ ചിരിയല്ല, പോര്‍വിമാനങ്ങളുടെ ഇരമ്പലാണ്.
1980 ല്‍ ആരംഭിച്ച ഇറാന്‍ – ഇറാഖ് യുദ്ധം ഒരു തലമുറയുടെ ബാല്യം കവര്‍ന്നു. പിന്നാലെ ഉപരോധങ്ങള്‍, അധിനിവേശങ്ങള്‍, ആഭ്യന്തര സംഘര്‍ഷങ്ങള്‍, ബോംബ് സ്‌ഫോടനങ്ങള്‍. തകര്‍ന്ന നഗരങ്ങള്‍, ഭയത്തിന്റെ നിഴലില്‍ അടച്ചിട്ട സ്റ്റേഡിയങ്ങള്‍.
പല രാജ്യങ്ങളും സ്വന്തം മണ്ണില്‍ ഫുട്‌ബോള്‍ ആഘോഷിച്ചപ്പോള്‍, ഇറാഖിന് വര്‍ഷങ്ങളോളം നാട്ടില്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ നടത്താനായില്ല. അവരുടെ ദേശീയഗാനം പലപ്പോഴും അന്യദേശങ്ങളുടെ ആകാശത്തിനടിയിലാണ് പാടിയത്.
യുദ്ധം മനുഷ്യ ജീവിതങ്ങള്‍ മാത്രമല്ല കവര്‍ന്നത്; ഫുട്‌ബോളിന്റെ വിശുദ്ധ ഇടങ്ങളെയും മുറിവേല്‍പ്പിച്ചു.
ഇറാഖിലെ ചില സ്റ്റേഡിയങ്ങള്‍ ഇന്ന് കളിയുടെ ഓര്‍മകളേക്കാള്‍ മരണത്തിന്റെ കഥകളാണ് പറയുന്നത്. ഫലൂജയിലെ പഴയ സ്റ്റേഡിയത്തിന്റെ മണ്ണിനടിയില്‍ നൂറുകണക്കിന് രക്തസാക്ഷികള്‍ ഉറങ്ങുന്നു.
ഒരുകാലത്ത് ഗോള്‍ ആഘോഷങ്ങളുടെ ആര്‍പ്പുവിളികള്‍ മുഴങ്ങിയിരുന്ന ഗ്യാലറികള്‍, പിന്നീട് നിശ്ശബ്ദതയുടെ ഭാരമേറ്റു നിന്നു. എന്നിട്ടും അവിടെ ഫുട്‌ബോള്‍ മരിച്ചില്ല.
തകര്‍ന്ന മതിലുകള്‍ക്കിടയില്‍ ഗോള്‍ പോസ്റ്റുകള്‍ വരച്ചു. സ്‌ഫോടനങ്ങളുടെ ശബ്ദത്തിനിടയിലും ഗോള്‍ വിളിച്ചു. ജീവിതം അവരില്‍ നിന്ന് വീടുകള്‍ കവര്‍ന്നു, പ്രിയപ്പെട്ടവരെ കവര്‍ന്നു, സുരക്ഷിതമായ നാളെയെ കവര്‍ന്നു. പക്ഷേ ഒരു കാര്യം മാത്രം കവര്‍ന്നെടുക്കാന്‍ കഴിഞ്ഞില്ല. ഫുട്‌ബോളിനോടുള്ള പ്രണയം!
ആ പ്രണയത്തിന് ഒരു മുഖമുണ്ടായിരുന്നു. അമ്മോ ബാബ.
അമ്മോ ബാബ. Photo: Wikipedia
ഇറാഖി ഫുട്‌ബോളിന്റെ പിതാവാണ് അമ്മോ ബാബ. കളിക്കാരന്‍, പരിശീലകന്‍, ഗുരു, ഒരു ജനതയുടെ ഫുട്‌ബോള്‍ ആത്മാവ്. രാജ്യം യുദ്ധങ്ങളില്‍ തകര്‍ന്നുകൊണ്ടിരുന്നപ്പോഴും, ഫുട്‌ബോള്‍ എന്ന സ്വപ്നത്തെ ജീവനോടെ സൂക്ഷിച്ചത് അമ്മോ ബാബയെ പോലുള്ള മനുഷ്യരാണ്. തകര്‍ന്ന തലമുറകള്‍ക്ക് പ്രതീക്ഷയുടെ വഴി കാണിച്ചത് അദ്ദേഹമായിരുന്നു.
ആ പാതയില്‍ നടന്നവരില്‍ ഏറ്റവും തിളങ്ങിയ നക്ഷത്രങ്ങളാണ് അഹമ്മദ് റാദിയും യൂനിസ് മഹ്‌മൂദും. 1986 ലോകകപ്പില്‍ ഇറാഖിന്റെ ഏക ഗോള്‍ നേടിയ അഹമ്മദ് റാദി ഒരു തലമുറയുടെ അഭിമാനമായി. പിന്നീട് യൂനിസ് മഹ്‌മൂദ് വന്നു.
അഹമ്മദ് റാദി
2007 ലെ ഏഷ്യന്‍ കപ്പ് ഫൈനലില്‍ സൗദി അറേബ്യയുടെ വലയിലേക്ക് അദ്ദേഹം തലകൊണ്ട് കുത്തിത്തെറിപ്പിച്ച പന്ത് ഒരു ഗോള്‍ മാത്രമായിരുന്നില്ലല്ലോ. അത് യുദ്ധം കൊന്ന ഒരു രാജ്യത്തിന്റെ നെഞ്ചില്‍ വീണ്ടും മിടിപ്പ് തിരിച്ചെത്തിയ നിമിഷമായിരുന്നു.
യൂനിസ് മഹ്‌മൂദ്. Photo: Wikipedia
ആ രാത്രി ബാഗ്ദാദിലെ തെരുവുകളില്‍ ജനം കരഞ്ഞു. പരിചയമില്ലാത്തവര്‍ പോലും പരസ്പരം ആലിംഗനം ചെയ്തു. മതങ്ങളും വിഭാഗങ്ങളും എല്ലാം മറന്ന് ഒറ്റക്കൊടിക്ക് കീഴില്‍ നിന്നു. ആ രാത്രി ഫുട്‌ബോള്‍ ഒരു കളിയല്ലായിരുന്നു, ഞങ്ങള്‍ ജീവിച്ചിരിക്കുന്നുവെന്ന് ഇറാഖി ജനത ലോകത്തോട് പറഞ്ഞ ഭാഷ.
എന്നാല്‍ അപ്പോഴും ലോകകപ്പ് എന്ന സ്വപ്നം ഇറാഖിന് അകലെയായി.
1986 ല്‍ മെക്‌സിക്കോയില്‍ ആദ്യമായി ലോകകപ്പ് കളിച്ച ഇറാഖ്, പിന്നീട് നാല് പതിറ്റാണ്ട് നീണ്ട കാത്തിരിപ്പിലേക്ക് വീണു. തലമുറകള്‍ മാറി. ചിലര്‍ അഭയാര്‍ത്ഥികളായി. ചിലര്‍ സ്വപ്നങ്ങള്‍ പൂര്‍ത്തിയാകുന്നത് കാണാനാവാതെ യാത്രയായി.
എന്നിരുന്നാലും അവര്‍ കാത്തിരിപ്പ് അവസാനിപ്പിച്ചില്ല. കാരണം, പ്രതീക്ഷ എന്ന വാക്ക് ഇറാഖി ജനതയുടെ സ്വഭാവത്തിന്റെ ഭാഗമായി മാറിയിരുന്നു.
2026 ലോകകപ്പിലേക്ക് ഇറാഖ് വരുമ്പോള്‍, അത് ഒരു ടീം നേടിയ ഒഫീഷ്യല്‍ യോഗ്യത മാത്രമല്ല. ബോംബുകള്‍ക്കിടയില്‍ പന്ത് തട്ടിയ കുട്ടികള്‍ക്ക് കിട്ടിയ സ്വര്‍ഗമാണ്. തകര്‍ന്ന സ്റ്റേഡിയങ്ങളുടെ തിരിച്ചുവരവാണ്. അമ്മോ ബാബയുടെ പൂര്‍ത്തിയാകാത്ത സ്വപ്നത്തിന്റെ തുടര്‍ച്ചയും.
അഹമ്മദ് റാദിക്കും യൂനിസ് മഹ്‌മൂദിനും സമര്‍പ്പിക്കുന്ന ആദരവ്. യുദ്ധങ്ങളെ അതിജീവിച്ച ഒരു ജനതയുടെ തലയുയര്‍ത്തിയുള്ള നില്‍പ്പ്.
ജലാല്‍ ഹസന്‍, റീബിന്‍ സുലാഖ, മെര്‍ചാസ് ദോസ്‌കി, അലി ജാസിം, ഐമന്‍ ഹുസൈന്‍ എന്നിവരെല്ലാം ആദ്യ മത്സരത്തിനായി മൈതാനമധ്യത്തേക്ക് നടക്കുമ്പോള്‍, അവര്‍ക്കൊപ്പം ഇറാഖിന്റെ ചരിത്രവും ചുവടുവെക്കും.
മെസപ്പൊട്ടേമിയയുടെ ഓര്‍മകളും യുദ്ധങ്ങളില്‍ നഷ്ടപ്പെട്ട തലമുറകളുടെ പൂര്‍ത്തിയാകാത്ത സ്വപ്നങ്ങളും കൈപ്പിടിക്കും. ‘മൗതിനി’യുടെ ഓരോ വരികളിലും മണ്ണിന്റെ മണം പടരും.
കിക്കോഫ് വിസിലോടെ ലോകം കാണുക ഒരു ഫുട്‌ബോള്‍ മത്സരം മാത്രമാണെങ്കില്‍ ഇറാഖ് അനുഭവിക്കുക മറ്റൊന്നാവും. ടൈഗ്രിസിന്റെയും യൂഫ്രട്ടീസിന്റെയും തീരങ്ങളില്‍ ആരംഭിച്ച ഒരു ദീര്‍ഘയാത്രയുടെ തിരിച്ചുവരവ്.
അന്‍ഡോറയെ തോല്‍പ്പിച്ചും യൂറോപ്യന്‍ ശക്തികളായ സ്‌പെയ്‌നിനെ തളച്ചും മെസൊപ്പൊട്ടേമിയയിലെ സിംഹങ്ങള്‍ ലോകകപ്പിനായി ഒരുങ്ങിക്കഴിഞ്ഞു. ഇനി അവരുടെ മുന്നിലുള്ളത് ഫ്രാന്‍സും സെനഗലും നോര്‍വേയും ഉള്‍പ്പെട്ട കഠിന ഗ്രൂപ്പ്.
ഇറാഖിന്റെ കഥ ഒരിക്കലും എളുപ്പവഴികളിലൂടെ സഞ്ചരിച്ചതല്ല. യുദ്ധങ്ങളുടെ ചാരത്തില്‍ നിന്ന് ഉയര്‍ന്നുവന്ന ഒരു ജനതയ്ക്ക്, ബോംബുകളുടെ നിഴലില്‍ ബാല്യം ചെലവഴിച്ചവര്‍ക്ക്, പ്രതീക്ഷയൊഴികെ മറ്റൊന്നും നഷ്ടപ്പെടാനില്ല.
അതുകൊണ്ടുതന്നെ ലോകകപ്പിന് വരുമ്പോള്‍ ഇറാഖ് ചരിത്രത്തെ കൂടി ചുമന്നാണ് വരിക. അവരുടെ ഒരു കൈയില്‍ പന്തുണ്ട്. മറുകൈയില്‍, എത്ര യുദ്ധങ്ങള്‍ വന്നാലും ഒരിക്കലും താഴെ വീഴാത്ത പ്രതീക്ഷയുടെ പതാകയുമുണ്ട്.
ലോകകപ്പില്‍ ഇറാഖ് എത്ര ദൂരം പോകുമെന്ന് അറിയില്ല. പക്ഷെ, അവര്‍ ഇതിനകം തന്നെ മഹാവിജയം നേടിക്കഴിഞ്ഞു. കേവലം ഒരു ടൂര്‍ണമെന്റിലേക്ക് അല്ല അവര്‍ എത്തിയിരിക്കുന്നത്, ചരിത്രത്തിന്റെ ഇരുണ്ട ടണലൂടെ നടന്ന്, വെളിച്ചത്തിലേക്കാണ്, പ്രത്യാശയിലേക്കാണ്.
അഹ്‌ലന്‍ വ സഹ്‌ലന്‍ യാ ബിലാദല്‍ റാഫിദയ്ന്‍
Content Highlight: MM Jaffer Khan writes about Iraq football