ഓടൂ, ഡീഗോ...ഓടൂ നൂറ്റാണ്ടിന്റെ ഗോളിന് പിന്നിലെ വിശപ്പിന്റെ ഓട്ടം
Discourse
ഓടൂ, ഡീഗോ...ഓടൂ നൂറ്റാണ്ടിന്റെ ഗോളിന് പിന്നിലെ വിശപ്പിന്റെ ഓട്ടം
എം.എം.ജാഫർ ഖാൻ
Saturday, 11th July 2026, 1:32 pm
1986 ൽ അസ്റ്റെക്കയിൽ ഓടിയത് ഡീഗോ മറഡോണയായിരുന്നെങ്കിൽ 2026 ൽ ഓടുക മറ്റൊരു തലമുറയായിരിക്കും. പക്ഷേ സ്കോർബോർഡിൽ Argentina vs England എന്ന് തെളിഞ്ഞാൽ, ലോകം തിരയുക ആ ഒരു പേരായിരിക്കും. ഡീഗോ അർമാന്റോ മറഡോണ.

മധ്യവരയ്ക്ക് തൊട്ടടുത്തുവെച്ച് ആദ്യം മുന്നിലെത്തിയത് പീറ്റർ ബിയർഡ്സ്ലി. കാട്ടരുവി പാറക്കല്ലിനെ ചുറ്റുന്നതുപോലെ, മറഡോണ അയാളെ അനായസം കടന്നുപോയി. പിന്നാലെ പീറ്റർ റീഡ്. മറഡോണയുടെ കാലുകൾക്ക് പട്ടിണിയുടെ വേഗം. റീഡിന്റെ ശ്വാസത്തിന് പോലും ഡീഗോയെ തൊടാനായില്ല.

അടുത്തത് കശാപ്പുകാരൻ ടെറി ബുച്ചർ. കരുത്ത് കൊണ്ട് വഴിയടയ്ക്കാൻ ശ്രമിച്ചെങ്കിലും മറഡോണ ശരീര വെട്ടിപ്പിലൂടെ അയാളെ വെറും നിഴലാക്കി മാറ്റി.

ബോക്സിനരികിൽ ടെറി ഫെൻവിക് കാത്തുനിൽക്കുന്നു, കാലുനീട്ടി. പക്ഷേ പന്ത് ചിത്രശലഭത്തെപ്പോലെ അയാളുടെ കാലുകൾക്കിടയിലൂടെ വഴുതിപ്പോയി. മറഡോണ കാലുകൾക്ക് മുകളിലൂടെ കൊടുങ്കാറ്റ് പോലെ വീശി. ഇനി അവസാന കാവൽക്കാരൻ, ഗോളി പീറ്റർ ഷിൽട്ടൺ.

അയാൾ മുന്നോട്ട് പാഞ്ഞു. മറഡോണയും. ഒരു നിമിഷം ലോകം ശ്വാസം പിടിച്ചുനിന്നു. ചെറിയ ഒരു സ്പർശം. ഷിൽട്ടൺ തെറ്റായ ദിശയിലേക്ക് കാറ്റേറ്റ പടുമരം പോലെ വീണു.

ഗോൾലൈൻ ലക്ഷ്യമാക്കി പന്ത് ഉരുളുമ്പോൾ പിന്നിൽ നിന്ന് ജീവൻമരണ ഓട്ടവുമായി ടെറി ബുച്ചർ വീണ്ടും വരുന്നു. പക്ഷേ ചരിത്രത്തെ പിന്തുടർന്ന് ഓടുന്നവർക്ക് അതിനെ പിടിച്ചുനിർത്താൻ കഴിയില്ല. പന്ത് വലയെ തൊട്ടു തുള്ളി.

ചരിത്രരേഖകളിൽ ഇത് 1986 ലോകകപ്പിലെ ഇംഗ്ലണ്ട്–അർജന്റീന ക്വാർട്ടർ ഫൈനലിന്റെ അൻപത്തിയഞ്ചാം മിനിറ്റിൽ പിറന്ന ഒരു ഗോൾ മാത്രം. മനോഹാരിതയാൽ കാലം അതിന് മറ്റൊരു പേരെഴുതി ‘നൂറ്റാണ്ടിന്റെ ഗോൾ’.

എന്നാൽ അന്ന് അസ്റ്റെക്കയിൽ ഓടിയത് മറഡോണയായിരുന്നില്ല. വില്ല ഫിയോരിറ്റോയിലെ വിശപ്പിൽ നിന്ന് ഓറഞ്ച് കട്ടെടുത്ത് പായുന്ന ഒരു കുട്ടിയുടെ ഓർമ്മയായിരുന്നു അത്. വയറിൽ തീ കത്തുന്നു. വീട്ടിൽ ഭക്ഷണമില്ല. അമ്മയുടെ കണ്ണുകളിൽ ദൈന്യതയുടെ നിഴൽ. ചെറുസഹോദരങ്ങൾ ഉറങ്ങുന്നത് പട്ടിണിയെ കെട്ടിപ്പിടിച്ച്.

അപ്പോഴാണ് തെരുവുമൂലയിലെ പഴക്കച്ചവടക്കാരന്റെ തട്ടിൽ കിടക്കുന്ന ഓറഞ്ച് കണ്ണിൽ പതിയുന്നത്. അതൊരു പഴമല്ല. അതിജീവനമാണ്. മാജിക്കുകാരന്റെ കൈയ്യൊതുക്കത്തോടെ കുഞ്ഞു ഡീഗോ ഓറഞ്ച് റാഞ്ചി. അടുത്ത നിമിഷം ഓട്ടം തുടങ്ങി. അവന്റെ കാലുകൾ ഭൂമിയെ തൊടുന്നില്ല.

ആ ഓട്ടമാണ് അസ്റ്റെക്കയിൽ പീറ്റർ ബിയർഡ്സ്ലിയെയും പീറ്റർ റീഡിനെയും ടെറി ബുച്ചറിനെയും ടെറി ഫെൻവിക്കിനെയുമെല്ലാം മറികടന്ന് നൂറ്റാണ്ടിന്റെ ഗോളായി മാറിയത്.

പിറകിൽ പാഞ്ഞുവരുന്നവർ ഫുട്ബോൾ താരങ്ങളല്ല. ഓറഞ്ച് മോഷ്ടിച്ച ആ പാവം കുട്ടിയെ പിടിക്കാൻ വരുന്ന യൂണിഫോം ധരിച്ച പോലീസുകാരാണ്. “നിൽക്കൂ!” അവർ അലറുന്നു. പക്ഷേ വിശപ്പിന് മുന്നിൽ നിയമപുസ്തകങ്ങൾക്ക് വേഗം കുറയും.

തെരുവുകൾ അവനറിയാം. ദാരിദ്ര്യം പഠിപ്പിച്ച ഭൂപടം പോലീസിന്റെ കൈയിലില്ലല്ലോ! ഒരു വളവ്. മറ്റൊരു വളവ്. ഇടുങ്ങിയ ചാലുകൾ. ചെളിവഴികൾ. ഭിത്തികളിൽ പതിഞ്ഞ തൊഴിലാളി മുദ്രാവാക്യങ്ങൾ. കുട്ടികൾ വിളിക്കുന്നു, “ഓട് ഡീഗോ… ഓട്…”

മുന്നിൽ അവസാനത്തെ കാവൽക്കാരൻ. പീറ്റർ ഷിൽട്ടൺ. അതൊരു ഗോൾകീപ്പറല്ല. തെരുവിന്റെ അറ്റത്ത് കൈവിരിച്ച് നിൽക്കുന്ന പോലീസുകാരൻ. മറഡോണ ബാലെ നർത്തകനെ പോലെ തിരിയുന്നു. പോലീസുകാരൻ വീണു. അന്നേരം ഓറഞ്ച് സുരക്ഷിതമായി പറന്നു.

ഗോളിലേക്കല്ല. ഇടുങ്ങിയ തെരുവിലെ പഴയൊരു കെട്ടിടത്തിന്റെ രണ്ടാം നിലയിലെ ജനലിലൂടെ കൈകൾ നീട്ടി കാത്തുനിൽക്കുന്ന സുഹൃത്തിലേക്ക്. “പിടിക്ക്!” സുഹൃത്ത് ചിരിക്കുന്നു.

താഴെ പോലീസുകാർ പടികൾ കയറിത്തുടങ്ങുമ്പോഴേക്കും മറഡോണ മറ്റൊരു ഇടവഴിയിലൂടെ അപ്രത്യക്ഷനായി. അതാണ് അവന്റെ ആ ആഘോഷ ഓട്ടം. ഗോൾ നേടിയ സന്തോഷമല്ല അത്. അതിജീവിച്ച മനുഷ്യന്റെ ചിരിയാണ്.

മറഡോണയുടെ ഡ്രിബിളുകൾ പരിശീലന മൈതാനങ്ങളിൽ ജനിച്ചതല്ല, അധികാരത്തിന്റെ മതിലുകളും ദാരിദ്ര്യത്തിന്റെ തെരുവുകളും വർഗ്ഗവ്യവസ്ഥയുടെ ചങ്ങലകളും മറികടന്ന് ഓടിയ ഒരു ബാലന്റെ ജീവിതമാണ് അവയെ സൃഷ്ടിച്ചത്. അതുകൊണ്ടാണ് ‘ലോകം’ അവനെ “കള്ളൻ” എന്ന് വിളിച്ചപ്പോൾ ദരിദ്രജനകോടികൾ ” ഞങ്ങളിലൊരാൾ” എന്ന് ചേർത്തുപിടിച്ചത്.

വീണ്ടുമൊരു അർജന്റീന – ഇംഗ്ലണ്ട് മത്സരത്തിന്റെ മണമടിക്കുന്നുണ്ടോ?

1986ൽ അസ്റ്റെക്കയിൽ ഓടിയത് ഡീഗോ മറഡോണയായിരുന്നെങ്കിൽ 2026 ൽ ഓടുക മറ്റൊരു തലമുറയായിരിക്കും. പക്ഷേ സ്കോർബോർഡിൽ Argentina vs England എന്ന് തെളിഞ്ഞാൽ, ലോകം തിരയുക ആ ഒരു പേരായിരിക്കും. ഡീഗോ അർമാന്റോ മറഡോണ.

 

Content Highlight: MM Jaffer Khan writes about Diego Maradona’s performance in the England-Argentina match in the 1986 World Cup