നൈജീരിയക്കാരന്‍ ഡേവിഡ് വില്യംസും പഠിക്കാനാണ് ഇന്ത്യയിലെത്തുന്നത്. പക്ഷെ, അദ്ദേഹത്തിന്റെ പേരില്‍ ഇന്നും തകരാത്ത ഒരു റെക്കോര്‍ഡ് കിടപ്പുണ്ട്. സ്വാതന്ത്ര്യലബ്ധിക്കു ശേഷം സന്തോഷ് ട്രോഫി കളിച്ച ഒരേയൊരു വിദേശി ഡേവിഡ് വില്യംസാണ്.| എം.എം. ജാഫർ ഖാന്‍ എഴുതുന്നു
പഠനത്തിനായി ഇന്ത്യയിലെത്തി പെരും കളിക്കാരായി മാറിയ നിരവധി ഫുട്‌ബോള്‍ താരങ്ങളുണ്ട്. അലിഗഢ് സര്‍വകലാശാല വിദ്യാര്‍ഥികളായിവന്ന ഇറാനികള്‍ മാജിദ് ബിഷ്‌ക്കറും ജാംഷഡ് നസീരിയും മഹമൂദ് ഖബാസിയും ആരാധകരുടെ പ്രിയങ്കരായി മാറുന്നുണ്ട്. 1970-80 കളില്‍ ഈസ്റ്റ് ബംഗാളിനും മുഹമ്മദന്‍സിനും പന്ത് തട്ടിയ മൂവര്‍ക്കും ഇന്നും കേരളത്തില്‍ പോലും ഇഷ്ടക്കാരുണ്ട്.
എമേക്കാ ഇസുഗോ, ചീമ ഒക്കേരി പോലെയുള്ള ആഫ്രിക്കന്‍ കളിക്കാരും പഠിക്കാന്‍ ഇന്ത്യയില്‍ വന്ന് ഫുട്‌ബോള്‍ കളത്തില്‍ കരുത്ത് കാണിച്ചു. ഇവരില്‍ പലരും ഇന്ത്യയില്‍ ക്ലബ്ബ് ഫുട്‌ബോള്‍ കളിച്ച ‘ലൈസന്‍സ്’ വെച്ച് സ്വന്തം രാജ്യത്തെ ലോകകപ്പില്‍ പ്രതിനിധീകരിച്ചു എന്നത് അത്ഭുതമായി തോന്നുന്നു.
എന്നാല്‍ ഇന്നോ? കളിക്കാലം/പരിശീലനക്കാലം കഴിഞ്ഞ് വിശ്രമിക്കുന്ന വിദേശികളെയാണ് ഇന്ത്യന്‍ ക്ലബ്ബുകള്‍ ‘വാങ്ങുന്നത്’. ഇന്ത്യന്‍ ക്ലബ്ബുകളില്‍ കളിക്കുന്ന ഒരാളെയെങ്കിലും ഏതെങ്കിലും ഒരു രാജ്യം 2026 ലോകകപ്പ് കളിക്കാന്‍ വിളിക്കുമോ?
നൈജീരിയക്കാരന്‍ ഡേവിഡ് വില്യംസും പഠിക്കാനാണ് ഇന്ത്യയിലെത്തുന്നത്. പക്ഷെ, അദ്ദേഹത്തിന്റെ പേരില്‍ ഇന്നും തകരാത്ത ഒരു റെക്കോര്‍ഡ് കിടപ്പുണ്ട്. സ്വാതന്ത്ര്യലബ്ധിക്കു ശേഷം സന്തോഷ് ട്രോഫി കളിച്ച ഒരേയൊരു വിദേശി ഡേവിഡ് വില്യംസാണ്. യൂണിവേഴ്‌സിറ്റി ഫുട്‌ബോളില്‍ തിളങ്ങിയ വില്യംസ് ശ്രദ്ധനേടുന്നത് 1977 ലെ തിരുവനന്തപുരം ജി.വി. രാജ ഫുട്‌ബോള്‍ ടൂര്‍ണമെന്റിലൂടെ.
‘കാപ്പിരിപ്പയ്യന്‍’ കളിച്ചത് തമിഴ്‌നാട് ഇലവന് വേണ്ടി. അന്നത്തെ തമിഴ്‌നാട് ഇലവന്‍ മലയാളികള്‍ അടക്കമുള്ള പ്രമുഖരുടെ നിരയായിരുന്നു. ഗോളടിക്കാന്‍ ഡേവിഡ് വില്യംസ്, ഗോളി ചിട്ടി ബാബു. ഒപ്പം സി ഉമർ കോഴിക്കോട്, ജയാനന്ദന്‍ കോഴിക്കോട്, ഗുണ സിങ്, കെ.സി. പ്രകാശ് കണ്ണൂര്‍, ഓര്‍ലാന്‍ഡോ, ഗുണപാണ്ഡ്യന്‍, ഡിക്രൂസ് (ഐ.സി.എഫ്), കുമാര്‍ (ആര്‍.ബി.ഐ), ജോണ്‍സന്‍, എഡ്വിന്‍ റോസ്, കോശി തിരുവനന്തപുരം തുടങ്ങിയവരും കളത്തിലിറങ്ങി.
സി ഉമർ കോഴിക്കോടിനൊപ്പം ഡേവിഡ് വില്യംസ്
ആദ്യ മത്സരത്തില്‍ എത്തിരാജിന്റെ ബി.എച്ച്.ഇ.എല്ലിനെ 5-1 ന് കുടഞ്ഞുകളഞ്ഞു. രണ്ടാം കളിയില്‍ പ്രീമിയര്‍ ടയേഴ്സിന്റെ കിടിലന്മാര്‍ ഉള്‍പ്പെട്ട എറണാകുളം ഇലവനെ 2-0നും മറിച്ചിട്ടു. ഗോളുകള്‍ മിക്കതും വില്യംസിന്റെ ബൂട്ടില്‍ നിന്ന്.
സെമി ഫൈനലിലെ എതിരാളികള്‍ ബി.എസ്.എഫ്. കളത്തില്‍ തടിമിടുക്ക് കാണിക്കുന്ന ‘ഭീകരരുടെ’ സംഘം. മുന്‍ മത്സരങ്ങളില്‍ തിളങ്ങിയ ഡേവിഡ് വില്യംസിനെ മാര്‍ക്ക് ചെയ്യാന്‍ ചുമതല ‘ക്രൂരന്‍’ ലാംബര്‍ സിങ്ങിന്. മൂപ്പര് ഏല്‍പ്പിച്ച പണി കൃത്യമായി എടുത്തു. ഫുട്‌ബോള്‍ ഭാഷയില്‍ പറഞ്ഞാല്‍ ‘മുട്ടുങ്കാല് കയറ്റി’. ഇനി അവന്‍ തിരിച്ചുവരില്ലെന്ന് ബി.എസ്.എഫ് ഉറപ്പിച്ചു.
അന്ന് ഗ്രൗണ്ടില്‍ ചികിത്സാ ചുമതല സി.വി.എന്‍ കളരി സംഘത്തിനായിരുന്നു. അവര്‍ ഉഴിഞ്ഞു നന്നാക്കിയത് ആണോ, വില്യംസിന്റെ മനക്കരുത് കൊണ്ടായിരുന്നോ എന്നറിയില്ല. ആള് അഞ്ച് മിനിറ്റിനകം തിരിച്ചെത്തി. 2-0 ന് അതിര്‍ത്തി സൂക്ഷിപ്പുകാരെയും കീഴടക്കി.
വില്യംസിന്റെ ഗോളില്‍ തമിഴ്‌നാട് ഇലവന്‍ ജയിച്ചുനില്‍ക്കുന്നു. കളി തീരാന്‍ രണ്ട് മിനിറ്റ് മാത്രം ബാക്കി. പണം വാരാന്‍ സംഘടകരുടെ നിര്‍ദേശപ്രകാരം മത്സരം രണ്ടാം പാദത്തിലേക്ക് നീട്ടാനുള്ള റഫറിയുടെ ‘കളി’ കാണികള്‍ തിരിച്ചറിയുന്നു.
ലൈറ്റിന്റെ പ്രശ്‌നം പറഞ്ഞു ഫൈനല്‍ വിസില്‍ നേരത്തെ വിസില്‍ മുഴങ്ങുന്നു. ഗ്രൗണ്ടില്‍ കലാപം. കാണികള്‍ അസോസിയേഷന്‍ ഓഫീസ് അടിച്ചുപൊളിച്ചു. മത്സരം ഉപേക്ഷിച്ചു. പിന്നീട് ഏറെകാലം ജി.വി. രാജ ഫുട്‌ബോള്‍ നടന്നതേയില്ല.
അന്നത്തെ വിവാദ മത്സരം കേരള സന്തോഷ് ട്രോഫി കളിക്കാരനും എസ്.ബി.ഐ താരവുമായിരുന്ന കോഴിക്കോട് സ്വദേശി സി. ഉമര്‍ ഇന്നും ഓര്‍ക്കുന്നു. തിരുവനന്തപുരം നന്ദവനം ടൂറിസ്റ്റ് ഹോമില്‍ ഡേവിഡ് വില്യംസിന് ഒപ്പം ഒരേ റൂമില്‍ താമസിച്ചതും അദ്ദേഹം ആവേശത്തോടെ അനുസ്മരിച്ചു.
ജി.വി. രാജയിലെ ജീവനുള്ള പ്രകടനം ഡേവിഡ് വില്യംസിനെ സന്തോഷ് ട്രോഫിക്കുള്ള സംസ്ഥാന ടീമില്‍ ഉള്‍പ്പെടുത്താന്‍ തമിഴ്‌നാട് ഫുട്‌ബോള്‍ അസോസിയേഷനെ മോഹിപ്പിച്ചു. അന്ന്, തമിഴ്‌നാട് ഒഴികെയുള്ള ദക്ഷിണേന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളും സന്തോഷ് ട്രോഫി വിജയിച്ചിട്ടുണ്ട്. ‘വിദേശിയെ ഇറക്കിയെങ്കിലും കപ്പടിക്കാന്‍ അണ്ണന്മാര്‍ക്ക് മോഹം’.
അങ്ങനെ 1977-78 കല്‍ക്കത്ത സന്തോഷ് ട്രോഫിക്കുള്ള തമിഴ്‌നാട് ടീമില്‍ വില്യംസും ഉള്‍പ്പെട്ടു. ആദ്യ മത്സരത്തില്‍ ജമ്മു കശ്മീരിനെതിരെ ഹാട്രിക്ക്. തൊട്ടടുത്ത വര്‍ഷം ശ്രീനഗറിലും നൈജീരിയക്കാരന്‍ തമിഴ് ടീമില്‍ കളിച്ചു. കപ്പെടുക്കാന്‍ അതൊന്നും അവരെ സഹായിച്ചില്ല. ഇന്നും സന്തോഷ് ട്രോഫി കിരീടം തമിഴ്‌നാടിന് സ്വപ്നമായി തുടരുന്നു.
1979-80 കോയമ്പത്തൂര്‍ സന്തോഷ് ട്രോഫിയില്‍ ബംഗാളും അവനെ ടീമില്‍ ഉള്‍പ്പെടുത്തി. ബംഗാളിന് വേണ്ടിയും വില്യംസ് ഗോള്‍ വര്‍ഷിച്ചു. ആ വര്‍ഷം ബംഗാള്‍ കപ്പ് ജയിച്ചു. അങ്ങനെ ഒരു നൈജീരിയക്കാരനും സന്തോഷ് ട്രോഫി ഉയര്‍ത്തി.
12 മത്സരങ്ങളില്‍ നാല് ഗോള്‍ അതാണ് വില്യംസിന്റെ സന്തോഷ് ട്രോഫി സ്റ്റാറ്റിസ്റ്റിക്‌സ്. ഈസ്റ്റ് ബംഗാളിന് വേണ്ടി 1979-80 സീസണില്‍ അവന്‍ ബൂട്ടുകെട്ടി. 21 കളികളില്‍ എട്ട് ഗോളുകള്‍ നേടി. പക്ഷെ കപ്പൊന്നും കിട്ടിയില്ല.
ജീവിച്ചിരിപ്പുണ്ടെങ്കില്‍ 65-70 വയസ് കാണും വില്യംസിന്. ഈ സ്‌പെഷ്യല്‍ കളിക്കാരനെ ബന്ധപ്പെട്ട് സംസാരിക്കാന്‍ പലവഴിക്കും ശ്രമിച്ചു നോക്കി. ഒന്നും നടന്നില്ല. ചില ആനന്ദങ്ങള്‍, ആശ്ചര്യങ്ങള്‍ കാണാമറയത്ത് തന്നെ നില്‍ക്കട്ടെയല്ലേ?
Content Highlight: MM Jaffer Khan writes about David Williams, the only foreigner to play in the Santosh Trophy.