ഗോവ അടക്കിവാണ വാസ്‌കോയുടെ വിശ്വസ്തനായ പടിയാളി; വിട സി.എം. ശിവരാജന്‍
Obituary
ഗോവ അടക്കിവാണ വാസ്‌കോയുടെ വിശ്വസ്തനായ പടിയാളി; വിട സി.എം. ശിവരാജന്‍
എം.എം.ജാഫർ ഖാൻ
Saturday, 5th July 2025, 4:02 pm

1961 വരെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലായിരുന്നു ഗോവ ഭരിച്ചിരുന്നത്. ഏതാനും വര്‍ഷം മലയാളികളും ഗോവ അടക്കിവാണിട്ടുണ്ട്. പക്ഷെ, അത് ഫുട്‌ബോളിലായിരുന്നുവെന്ന് മാത്രം.

ഗോവയില്‍ ആദ്യമായി രജിസ്റ്റര്‍ ചെയ്ത ഫുട്‌ബോള്‍ ക്ലബ്ബ് വാസ്‌കോ എസ്.സിയാണ്. 1953 ല്‍ തന്നെ അവര്‍ തദ്ദേശീയ/പറങ്കി കളിക്കാരെ വെച്ച് ഗോവ ലീഗ് വിജയിച്ചു. ജനപ്രീതി കാരണം People’s Club എന്ന പേരിലാണ് അറിയപ്പെട്ടത്.

 

വാസ്‌കോയുടെ സുവര്‍ണകാലമായി രേഖപ്പെടുത്തിയിരിക്കുന്നത് മലയാളികളുടെ ‘ഭരണത്തി’നുകീഴിലാണ്. 1960 ന്റെ മധ്യത്തില്‍ ഗോവയിലെ മലയാളി ബിസിനസ്സുകാരായ ബി.എം. പാറക്കോട്ട്, ടി.കെ. ഉണ്ണി എന്നിവര്‍ ക്ലബിന്റെ നേതൃനിരയിലെത്തി.

കേരളത്തില്‍ നിന്നുള്ള പോരാളികളെ എത്തിച്ച് വിജയങ്ങള്‍ വെട്ടിപ്പിടിക്കാനായിരുന്നു ഇരുവരുടെയും പ്ലാന്‍. ഒ.കെ. സത്യന്‍, എം. ഭരതന്‍, ജോര്‍ജ് റോസ്മണ്ട്, റാഫേല്‍, സി.എം. ശിവരാജന്‍, ടി.കെ. ചാത്തുണ്ണി, ഗോളി സുധീര്‍… നിരവധി മലയാളി കളിക്കാരെ ഇരുവരും ടീമിലെത്തിച്ചു.

ഗോവന്‍ ഫുട്‌ബോളിലെ എ.ബി.സി.ഡി എന്നറിയപ്പെടുന്ന അപകടസഖ്യം ആന്‍ഡ്രൂ ഡിസൂസ, ബെര്‍നാര്‍ഡ് പരേര, കെയ്റ്റാവോ ഫെര്‍ണാണ്ടസ്, ഡൊമിനിക് സോറസ് എന്നിവരും ഒപ്പം ചേര്‍ന്നു. സാക്ഷാല്‍ പീറ്റര്‍ തങ്കരാജ് കോച്ച് കം പ്ലയെറായും എത്തി.

കിരീടങ്ങള്‍ എല്ലാം വാസ്‌കോയെന്ന തുറമുഖ നഗരത്തിലേക്ക് ഒഴുകുന്ന കാഴ്ചയായിരുന്നു പിന്നീട്. നാഗ്ജി ട്രോഫി, ചാക്കോള ട്രോഫി, ബന്തോദ്ക്കര്‍ കപ്പ്, പോലീസ് കപ്പ്, സ്റ്റാഫോര്‍ഡ് ചാലഞ്ച് കപ്പ്, റോവേഴ്സ് കപ്പ്, കേരള ട്രോഫി, കെ.എഫ്.എ ഷീല്‍ഡ്, മാമ്മന്‍ മാപ്പിള ട്രോഫി, ജി.വി. രാജ കപ്പ്, നിരവധി തവണ ഗോവ ലീഗ് കിരീടങ്ങള്‍ – 1975 വരെ വാസ്‌കോ കളത്തില്‍ വിസ്മയമായി തുടര്‍ന്നു.

വാസ്‌കോയുടെ ആ ചരിത്ര പടയോട്ടത്തില്‍ നിര്‍ണായക പങ്കുവഹിച്ച കളിക്കാരനായിരുന്നു ഇന്നലെ അന്തരിച്ച സി.എം ശിവരാജന്‍ എന്ന കണ്ണൂര്‍ക്കാരന്‍ ഡിഫന്‍ഡര്‍. എസ്.എന്‍ കോളേജിലെ പഠനം കഴിഞ്ഞ് ഏറെ വൈകാതെ വാസ്‌കോയില്‍ എത്തിയ ശിവരാജന്‍ ഗോവയെ സന്തോഷ് ട്രോഫിയിലും പ്രതിനിധീകരിച്ചിട്ടുണ്ട്.

 

കളിയില്‍ നിന്ന് വിരമിച്ച ശേഷം കണ്ണൂര്‍ ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍, ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍, എസ്.എന്‍ ട്രസ്റ്റ്, ലയണ്‍സ് ക്ലബ് തുടങ്ങി നിരവധി സംഘടനകളുടെ ഭാഗമായും പ്രവര്‍ത്തിച്ചു.

 

Content Highlight: MM Jaffer Khan writes about CM Sivarajan