ഐ.എഫ്.എ ഷീല്‍ഡ് ഫൈനലില്‍ ഈസ്റ്റ് ബംഗാളും മോഹന്‍ ബഗാനും നേര്‍ക്കുനേര്‍. രണ്ട് ദിവസത്തോളം വരിയില്‍ നിന്നാണ് അന്ന് പലരും കളി കാണാന്‍ ടിക്കറ്റ് സ്വന്തമാക്കിയത്. പെരുംപോരായിരുന്നു ആരാധകരുടെ പ്രതീക്ഷ. പക്ഷെ, കളി തീര്‍ത്തും ഏകപക്ഷീയമായിപ്പോയി.
ഇരട്ടഗോളുമായി ശ്യാം ഥാപ്പയുടെ മാസ്മരിക പ്രകടനം. സുര്‍ജിത് സെന്‍ഗുപ്തയും രഞ്ജിത് മുഖര്‍ജിയും ശുഭാങ്കര്‍ സന്യാലുമെല്ലാം ഭാസ്‌കര്‍ ഗാംഗുലിയെന്ന പയ്യന്‍ കാവല്‍ നിന്ന ബഗാന്‍ പോസ്റ്റിലേക്ക് ഗോളുകളടിച്ചുകൂട്ടി. ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ ചരിത്രത്തിലെ ഏറ്റവും വലിയ മാര്‍ജിനില്‍ (5-0) ബഗാന്‍ പരമ്പരാഗത വൈരികളായ ഈസ്റ്റ് ബംഗാളിനോട് തോറ്റു.
അവര്‍ ക്ലബ് ഓഫിസിന് തീവെച്ചു. ഭയത്താല്‍ സുബ്രതോ ഭട്ടാചാര്യയും പ്രസൂണ്‍ ബാനര്‍ജിയും ഗംഗാനദിയിലെ ഒരു തോണിയില്‍ ദിവസങ്ങള്‍ ഒളിച്ചുപാര്‍ത്തു. സെന്റര്‍ ബാക്കുകളായിരുന്ന ബിജോയ് ദിക്പാതിയും നിമയ് ഗോസ്വാമിയും പിന്നെ ബഗാന്‍ ജേഴ്സി അണിയാന്‍ വന്നതേയില്ല.
മറ്റൊന്നു കൂടി ആ രാത്രി സംഭവിച്ചു. ബഗാന്‍ ആരാധകനായ ഉമാകാന്ത നാണക്കേടിന്റെ പാരമ്യത്താല്‍ ആത്മഹത്യ ചെയ്തു. അയാള്‍ മരണക്കുറിപ്പില്‍ ഇങ്ങനെ എഴുതിവെച്ചു. ‘അടുത്ത ജന്മത്തില്‍ ഞാന്‍ ഒരു ഫുട്ബാളറായി ജനിക്കും, ഈ തോല്‍വിക്ക് ഈസ്റ്റ് ബംഗാളിനോട് പ്രതികാരം ചെയ്യും’.
ബഗാന്‍ ആരാധകനും പ്രതാപിയുമായ ബംഗാള്‍ മുഖ്യമന്ത്രി സിദ്ധാര്‍ഥ ശങ്കര്‍ റേ ഒരാഴ്ച്ച ഓഫീസിലേക്ക് വന്നതേയില്ല.
ഈ മത്സരം ബിജോയ് ദിക്പാതി, നിമയ് ഗോസ്വാമി എന്നിവരുടെ ഫുട്‌ബോളും ജീവിതം തന്നെയും അവസാനിപ്പിച്ചെങ്കില്‍ ഭാസ്‌കര്‍ ഗാംഗുലി എന്ന പുതുമുഖ ബഗാന്‍ ഗോള്‍കീപ്പര്‍ക്ക് പിറവി നല്‍കുകയും ചെയ്തു.
വലനിറിയെ ഗോള്‍ വാങ്ങിയ ഭാസ്‌കര്‍ ഗാംഗുലിയെ മൂന്ന് മാസത്തോളം വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ സമ്മതിക്കാതെ ബഗാന്‍ ആരാധകര്‍ ‘പൂട്ടിയിട്ടിരുന്നു’. കളത്തിലേക്ക് തിരിച്ചുവന്ന ഭാസ്‌കര്‍ ഗാംഗുലി ഇന്ത്യയിലെ ഏറ്റവും മികച്ച ഗോള്‍ കീപ്പര്‍മാരില്‍ ഒരാളായി മാറി.
ഭാസ്‌കര്‍ ഗാംഗുലി
‘ബീര്‍ കാ ബച്ച ഭാസ്‌കര്‍’ എന്ന് ഗ്യാലറിയെ കൊണ്ട് പാടിച്ചു. ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ നായകനായി. 20 വര്‍ഷത്തോളം കൊല്‍ക്കത്ത ലീഗ് ഭരിച്ചു. രാജ്യാന്തര ഫുട്‌ബോളില്‍ റെഗുലര്‍ ടൈമില്‍ രണ്ട് പെനാല്‍റ്റികള്‍ രക്ഷിച്ച് അത്ഭുതമായി. ഒരേ ദുരന്തം മനുഷ്യരെ പലവഴിയില്‍ എത്തിക്കുന്നു.
50 വര്‍ഷത്തിന് ഇപ്പുറവും കഴുകിക്കളയാന്‍ പറ്റാത്ത നാണക്കേടിന്റെ ആഴങ്ങളിലേക്ക് ബഗാനെ വീഴ്ത്തിയ ഈസ്റ്റ് ബംഗാള്‍ ടീമില്‍ അന്ന് ഉണ്ടായിരുന്നത് ഇവരാണ്.
തരുണ്‍ ബോസ്, സുധീര്‍ കര്‍മാക്കാര്‍, അശോക് ലാല്‍ ബാനര്‍ജി, ശ്യാമള്‍ ഘോഷ്, ഗൗതം സര്‍ക്കാര്‍, സമരേഷ് ചൗധരി, രഞ്ജിത് മുഖര്‍ജി, ശുഭാങ്കര്‍ സന്യാല്‍, ശ്യാം ഥാപ്പ, സുഭാഷ് ഭൗമിക്ക്, സുര്‍ജിത് സെന്‍ ഗുപ്ത.
ബഗാന്‍ ആരാധകരുടെ മനസ്സില്‍ ഇന്നും പകയുടെ തീയാളുന്ന കൊല്‍ക്കത്ത ഡെര്‍ബിയിലെ ഏറ്റവും വലിയ 5-0 തോല്‍വിക്ക് പകരം കൊടുക്കാന്‍ ഉമാകാന്ത ബംഗാളില്‍ എവിടെയെങ്കിലും ജന്മമെടുത്തിട്ടുണ്ടാകുമോ? അറിയില്ല.
പക്ഷെ, മോഹന്‍ ബഗാനും ഈസ്റ്റ് ബംഗാളും ഇന്നും ജീവിക്കുന്നത് അവരുടെ സ്വത്വത്തിലാണ്. അതാണ് നൂറ് വര്‍ഷം പിന്നിട്ടിട്ടും അവരെ ജീവിപ്പിക്കുന്നത്. ജാതി പോലെ നെഞ്ചിലും ഹൃദയത്തിലും മനസ്സിലും പച്ചകുത്തിയ ഒന്നാണത്.
അടുത്ത കാലത്ത് ഈസ്റ്റ് ബംഗാള്‍ ആരാധകര്‍ ഗ്യാലറിയില്‍ ഉയര്‍ത്തിയ ബാനറുകള്‍ എന്ത് പറയുന്നുവെന്ന് വായിച്ചാല്‍ കൊല്‍ക്കത്ത ഫുട്‌ബോളിന്റെ രാഷ്ട്രീയം മനസ്സിലാവും.
”Bharat swadhin korte shedin porechhilam phaansi / Maa er bhasha bolchhi boley aajke Bangladeshi?‘ (That day we wore the hangman’s noose for our country’s independence/ Today we are being labelled Bangladeshi for speaking in our mother tongue?)