1962 ലെ ഇന്ത്യ - ചൈന യുദ്ധചിത്രങ്ങളില്‍ ഒന്ന് പോലും കളറില്‍ കണ്ടില്ല. ആ വര്‍ഷം തന്നെ കേരള മുഖ്യമന്ത്രിയായി ആര്‍. ശങ്കര്‍ സത്യപ്രതിജ്ഞ ചെയ്യുന്നുണ്ട്, അതും കളറല്ല. 1962 ഏഷ്യന്‍ ഗെയിംസ് ഫുട്‌ബോളില്‍ സ്വര്‍ണം നേടിയ ഇന്ത്യന്‍ ടീമിനും കളറില്‍ വിലസാന്‍ ഭാഗ്യമുണ്ടായില്ല. എന്തിനേറെ, 1962ല്‍ ചിലിയില്‍ നടന്ന ഫിഫ ലോകകപ്പിന്റെ മിക്ക ചിത്രങ്ങളും കറുപ്പിലും വെളുപ്പിലുമാണ്. | എം.എം. ജാഫര്‍ഖാന്‍ എഴുതുന്നു
കാലവും കാഴ്ചകളും മാറിക്കൊണ്ടേയിരിക്കും! അവസാന വിസിലും കഴിഞ്ഞ് ആരവമൊഴിഞ്ഞ മൈതാനത്ത് അനാഥമായിക്കിടക്കുന്ന ഗോള്‍വല പോലെ ഓര്‍മകള്‍ കോര്‍ത്തുകെട്ടി കെട്ടിപ്പിണഞ്ഞു കിടക്കുന്നുണ്ട്.
പഴയ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പന്ത് എവിടെയോ കളഞ്ഞു പോയെങ്കിലും, വാന്‍ ബാസ്റ്റനും മറഡോണയും മത്തേവൂസും ഭാസ്‌കര്‍ ഗാംഗുലിയും ബ്രഹ്‌മാനന്ദും സത്യനുമെല്ലാം കറുപ്പും വെളുപ്പും പത്രചിത്രങ്ങളായി വിശ്രമിച്ചിരുന്ന 200 പേജിന്റെ രണ്ട് നോട്ടുബുക്കുകള്‍ പിന്നെയും കുറേകാലം കൂടെയുണ്ടായിരുന്നു.
ഒരു ‘നനച്ചുളി’യുടെ അന്ന് രണ്ടിനെയും വീട്ടുകാര്‍ കുളിപ്പിച്ചു കിടത്തി. ഓട്ടുംപുറത്തിട്ടു വെയിലുകൊള്ളിച്ചു നോക്കിയെങ്കിലും രണ്ട് കിത്താബിലെയും ഒരാളെ പോലും രക്ഷിച്ചെടുക്കാന്‍ കഴിഞ്ഞില്ല.
ഇന്നും പഴയൊരു ഫുട്‌ബോള്‍ ചിത്രം കണ്ടാല്‍, വെള്ള ബനിയന്‍ നീലത്തിലിട്ട് കളറ് മാറ്റി കുപ്പ മഞ്ഞള്‍ കൊണ്ട് ജഴ്‌സി നമ്പര്‍ എഴുതിയിരുന്ന ആ കുട്ടി വീണ്ടും കളത്തിലിറങ്ങും. ആ ചിത്രങ്ങള്‍ക്ക് പിന്നാലെ കൂടും. അതിന്റെ നാരായവേര് കാണും വരെ കുഴിക്കും.
വളരെ പഴയ രണ്ട് ചിത്രങ്ങള്‍ ഇന്നലെ വാട്‌സ്ആപ്പില്‍ വന്നുവീണു. 1961ലെ കോഴിക്കോട് സന്തോഷ് ട്രോഫിയിലേതാണ്. ജേതാക്കളായ സര്‍വീസസിന്റെയും രണ്ടാം സ്ഥാനക്കാരായ ബംഗാളിന്റെയും ടീം ഫോട്ടോകള്‍. രണ്ടും കളറിലാണ് എന്നത് കൗതുകമുണര്‍ത്തി.
സര്‍വീസസ്
ലോകത്തെ ആദ്യ കളര്‍ ഫോട്ടോ 1861ല്‍ പിറന്നിട്ടുണ്ട് എന്നതാണ് ചരിത്രം. പക്ഷെ, ഇന്ത്യയില്‍ വാര്‍ത്തകളുടെ കൂടെയെല്ലാം വര്‍ണചിത്രങ്ങള്‍ വരാന്‍ തുടങ്ങിയത് എന്നുമുതലാവും?
ബംഗാള്‍
1962 ലെ ഇന്ത്യ – ചൈന യുദ്ധചിത്രങ്ങളില്‍ ഒന്ന് പോലും കളറില്‍ കണ്ടില്ല. ആ വര്‍ഷം തന്നെ കേരള മുഖ്യമന്ത്രിയായി ആര്‍. ശങ്കര്‍ സത്യപ്രതിജ്ഞ ചെയ്യുന്നുണ്ട്, അതും കളറല്ല. 1962 ഏഷ്യന്‍ ഗെയിംസ് ഫുട്‌ബോളില്‍ സ്വര്‍ണം നേടിയ ഇന്ത്യന്‍ ടീമിനും കളറില്‍ വിലസാന്‍ ഭാഗ്യമുണ്ടായില്ല. എന്തിനേറെ, 1962ല്‍ ചിലിയില്‍ നടന്ന ഫിഫ ലോകകപ്പിന്റെ മിക്ക ചിത്രങ്ങളും കറുപ്പിലും വെളുപ്പിലുമാണ്.
പിന്നെയും 12 വര്‍ഷങ്ങള്‍ക്ക് ശേഷം 1973 ലാണല്ലോ കേരളം ആദ്യമായി എറണാകുളത്ത് വെച്ച് സന്തോഷ് ട്രോഫി ജയിക്കുന്നത്. അതിന്റെ ഒരു ചിത്രം പോലും കളറില്‍ കണ്ടിട്ടില്ല.
എന്നാല്‍ 65 വര്‍ഷങ്ങള്‍ക്കപ്പുറം കോഴിക്കോട് വന്ന് കളര്‍ ചിത്രമെടുത്തത് ആരായിരിക്കും? അതെങ്ങിനെ സംഭവിച്ചു? അറിവുള്ളവരെ പറയൂ!
നമുക്ക് മൈതാനത്തേക്ക് തന്നെ തിരിച്ചുപോവാം. ആദ്യമായി ഒരു പൊതുമേഖലാ ടീം സന്തോഷ് ട്രോഫി ജയിക്കുന്നത് 1961ല്‍ കോഴിക്കോട് വെച്ചാണ്.
സന്തോഷ് ട്രോഫി
കളിയെഴുത്തിന്റെ ആശാന്മാരായ വിംസിയും മുഷ്ത്താഖുമെല്ലാം പ്രസ്സ് ബോക്‌സിലും തിക്കോടിയന്‍, എന്‍.പി. മുഹമ്മദ്, എം.ടി. വാസുദേവന്‍ നായര്‍, യു.എ. ഖാദര്‍ തുടങ്ങിയ ഫുട്‌ബോള്‍ പ്രേമികള്‍ ഗ്യാലറിയിലും ഇരിപ്പുണ്ട്.
മുണ്ടിന്റെയറ്റം മേല്‍പ്പോട്ടുയര്‍ത്തിപ്പിടിച്ച് കക്ഷത്തില്‍ ഒരു ബാഗും ഇറുക്കി തലയല്‍പ്പം ചരിച്ച് കോഴിക്കോടന്‍ ഫുട്‌ബോളിന്റെ ഒരേയൊരു ഔക്കാക്ക (ടി. അബൂബക്കര്‍) സംഘാടകന്റെ റോളില്‍ പാഞ്ഞു നടക്കുന്നു.
സെമിയില്‍ ട്രാന്‍സ്പോര്‍ട്ട് ബാലകൃഷ്ണന്‍ നയിച്ച കേരളത്തെ തോല്‍പ്പിച്ച് ബംഗാളും അസമിനെ തോല്‍പ്പിച്ച് സര്‍വീസസും ഫൈനലിലെത്തി.
ബംഗാളിന്റെ പ്രതിരോധം കാക്കുന്ന ഒളിമ്പ്യന്‍ റഹ്‌മാന്‍ സ്വന്തം നാട്ടുകാര്‍ക്ക് മുന്നില്‍ ആദ്യമായി സന്തോഷ് ട്രോഫി കളിക്കുന്നുവെന്ന പ്രത്യേകതയും ഈ ടൂര്‍ണമെന്റിനുണ്ടായിരുന്നു.
ഒളിമ്പ്യന്‍ റഹ്‌മാന്‍
1961 ഫെബ്രുവരി എട്ടാം തീയ്യതി നടന്ന ഫൈനലിന്റെ ആദ്യപാദം ഗോള്‍രഹിത സമനിലയില്‍ അവസാനിച്ചു. ഒമ്പതാം തീയ്യതിയിലെ രണ്ടാം പാദത്തില്‍ എസ്. ഥാപ്പറിന്റെ ഗോളില്‍ സര്‍വീസസ് കന്നിക്കിരീടം നേടി.
ബംഗാള്‍ ടീമില്‍ നിറയെ കൊമ്പന്മാരായിരുന്നു. എസ്. ബോസ്, ജര്‍ണയില്‍ സിങ്, ടി.എ. റഹ്‌മാന്‍, അരുണ്‍ ഘോഷ്, കെമ്പയ്യ, രാം ബഹദൂര്‍, റഹ്‌മത്തുള്ള, മുഷ്ത്താഖ് അഹമ്മദ്, ഡി. കണ്ണന്‍, ചുനി ഗോസ്വാമി, അരുമനായകം, ദീപുദാസ്, അമോല്‍ ചക്രവര്‍ത്തി, അശോക് ചാറ്റര്‍ജി തുടങ്ങിയവര്‍.
ജേതാക്കളായ സര്‍വീസസ് ടീം മലയാളി താരങ്ങളാല്‍ സമ്പന്നം. പീറ്റര്‍ തങ്കരാജ്, ഡിക്രൂസ്, ത്രിലോക് സിങ്, എസ്. ഥാപ്പര്‍, നാക്കടി ജയരാമന്‍, ശ്രീനിവാസന്‍, മൊലോയ് ലാഹിരി, എത്തിരാജ്, പുരന്‍ ബഹദൂര്‍, മുംതാസ് ഹുസൈന്‍, ഇഗ്നേഷ്യസ് ആന്റണി, ചാക്കോ, ജനാര്‍ദ്ദനന്‍, ദുരൈ സ്വാമി, ഗോവര്‍ധനന്‍ തുടങ്ങിയവരായിരുന്നു പട്ടാള ടീമിന്റെ കരുത്ത്.
ഫുട്‌ബോള്‍ കമ്പത്തിന്റെ പൊരുള് തേടി പഴയ കാലത്തിന്റെ മണ്ണിളക്കുമ്പോള്‍ എത്രയെത്ര മനുഷ്യരാണല്ലേ ചരിത്രത്തില്‍ നിന്ന് ഇറങ്ങി വരുന്നത്!
ഇന്നും കോഴിക്കോട്ടങ്ങാടിയിലെത്തിയാല്‍ ഒരു ബിരിയാണിയും ബീച്ചിലെ കാറ്റും ശീതീകരിച്ച മാളുകളും പ്രലോഭിപ്പിക്കാറില്ല. കളി നടക്കാറില്ലെങ്കിലും ആ സ്റ്റേഡിയം വെറുതെയൊന്ന് കണ്ടാല്‍ മതി. അവിടെയുറങ്ങുന്നത് ചരിത്രം മാത്രമല്ല. പല തലമുറകുളുടെ നിര്‍വചിക്കന്‍ പറ്റാത്ത ഫുട്‌ബോള്‍ വികാരങ്ങളും കൂടിയാണ്.
Content highlight: MM Jaffer Khan about Football in Calicut and 1960-61 Santhosh Trophy