പ്രായം 87 ആയി. 1938ല്‍ അന്നത്തെ തിരുവിതാംകൂര്‍ രാജാവായിരുന്ന ശ്രീ ചിത്തിര തിരുനാള്‍ ബാലരാമവര്‍മ്മയുടെ സന്തതിയായാണ് ജനനം. പക്ഷെ, ഇന്ന് ദാരിദ്ര്യമൊഴിഞ്ഞ നേരമില്ല. കടം വാങ്ങിയാണ് എന്നും പൊറുതി.
പ്രായം 87 ആയി. 1938ല്‍ അന്നത്തെ തിരുവിതാംകൂര്‍ രാജാവായിരുന്ന ശ്രീ ചിത്തിര തിരുനാള്‍ ബാലരാമവര്‍മ്മയുടെ സന്തതിയായാണ് ജനനം. പക്ഷെ, ഇന്ന് ദാരിദ്ര്യമൊഴിഞ്ഞ നേരമില്ല. കടം വാങ്ങിയാണ് എന്നും പൊറുതി.
പ്രേംനസീര്‍, ഉമ്മര്‍, ഷീല തുടങ്ങിയവര്‍ക്കൊപ്പം സിനിമയില്‍ മുഖം കാണിച്ച ‘കണ്ണൂര്‍ ഡീലക്‌സും’ ഏത് ജപ്തിക്കാരും ഈടായി സ്വീകരിക്കാന്‍ മാത്രം പത്രാസുള്ള ‘മലപ്പുറം – ഊട്ടി എഫ്പി’ യുമെല്ലാം മക്കളായുണ്ടെങ്കിലും തറവാട്ടില്‍ എന്നും പട്ടിണി തന്നെ.

1938 ഫെബ്രുവരി 21ന് ട്രാവന്‍കൂര്‍ സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് ഡിപ്പാര്‍ട്ട്‌മെന്റ് (TSTD) എന്ന പേരില്‍ തുടക്കം. 1949ല്‍ കൊച്ചിയിലേക്കും 1956 ല്‍ കേരളം രൂപവത്കരിച്ചശേഷം മലബാറിലേക്കും ‘വളര്‍ന്ന്’ 1965 മാര്‍ച്ച് 15ന് കേരള സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍ (KSRTC) എന്ന പേര് സ്വീകരിച്ച നമ്മുടെ ആനവണ്ടി കമ്പനിയെ കുറിച്ചാണ് പറഞ്ഞുവരുന്നത്.
ആറായിരം ബസുകളുള്ള കെ.എസ്.ആര്‍.ടി.സി ഒരു ദിവസം 16 ലക്ഷം കിലോമീറ്റര്‍ സര്‍വീസ് നടത്തുന്നുണ്ടത്രേ! ഭൂമി ഒന്ന് ചുറ്റിവരാന്‍ 40000 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ മതി എന്നോര്‍ക്കണം. ഒരു ദിവസം അനവണ്ടിയില്‍ സഞ്ചരിക്കുന്നത് 35 ലക്ഷത്തിലേറെ ആളുകളാണ്. ഉറുഗ്വെ, ഖത്തര്‍ ഉള്‍പ്പടെ ലോകത്തെ 70 ലേറെ രാജ്യങ്ങളില്‍ ഇത്രയും ജനസംഖ്യയില്ല. 25000 പേരാണ് ഈ ബസ് കമ്പനിയില്‍ ജോലിക്കാരായുള്ളത്. ദിവസം പത്ത് കോടിക്കടുത്ത് വരുമാനവും ഉണ്ട്.
പാരമ്പര്യവും കരുത്തുമെല്ലാമുള്ള സ്ഥാപനം ആണെങ്കിലും കെ.എസ്.ആര്‍.ടി.സിയെ കുറിച്ച് നല്ലൊരു വാര്‍ത്ത കേട്ടിട്ട് എത്ര നാളായി ? ഏതെങ്കിലും ഒരു ഡ്രൈവറോ കണ്ടക്ടറോ യാത്രക്കാരോട് കാണിച്ച നന്മയോ അപകട സ്ഥലത്ത് പുറത്തെടുത്ത ധീരതയോ ഒന്നുമല്ല ഉദ്ദേശിച്ചത്, സ്ഥാപനം മൊത്തത്തില്‍ അഭിമാനത്തോടെ നിന്ന സന്ദര്‍ഭം.
അങ്ങനെയൊരു കാലമുണ്ടായിരുന്നു, 1960 മുതല്‍ 1990 വരെ. അന്ന് കെ.എസ്.ആര്‍.ടി.സി റോഡിലും ജനങ്ങളുടെ ഹൃദയത്തിലും തലയുയര്‍ത്തി ഓടി. അതിന് നേതൃത്വം വഹിച്ചത് കെ.എസ്.ആര്‍.ടി.സി ഫുട്‌ബോള്‍ ടീം. സംസ്ഥാന ക്ലബ് ഫുട്‌ബോളിലും ദേശീയ ട്രാന്‍സ്പോര്‍ട്ട് ഫുട്‌ബോളിലും രാജ്യത്തെ വിവിധ ക്ലബ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പുകളിലും കെ.എസ്.ആര്‍.ടി.സിക്കാര്‍ കിരീടമുയര്‍ത്തി ഇരമ്പിപ്പാഞ്ഞു.

കോയമ്പത്തൂര്‍ നഞ്ചപ്പ ട്രോഫി കിരീടം നേടിയ കേരള ട്രാന്‍സ്‌പോര്‍ട്ട് ഫുഡ്‌ബോള്‍ ടീം
1975 ല്‍ കോയമ്പത്തൂര്‍ ഡോ. നഞ്ചപ്പ ട്രോഫി, പോണ്ടിച്ചേരി ട്രോഫി എന്നിവയില്‍ കിരീടം നേടിയ ട്രാന്‍സ്പോര്‍ട്ട് ടീമിന്റെ ഒരു ഫോട്ടോ കഴിഞ്ഞ ദിവസം കൈയ്യില്‍ എത്തി. ആര്‍.ബി.ഐ, ആര്‍.എ.സി ബിക്കാനീര്‍, ഇന്ത്യന്‍ നേവി ടീമുകളെ തോല്‍പ്പിച്ച് ‘ഡബിളടിച്ച’ ആ ടീമിലെ കളിക്കാരെ കണ്ടെത്താനായി പിന്നെ ശ്രമം. അവര്‍ ഓരോരുത്തരായി മുന്നില്‍ അണിനിരന്നു.
ഇതാ ആ താരങ്ങള്‍: അല്‍ഫോണ്‍സ് (തിരുവനന്തപുരം), ടൈറ്റസ് കുര്യന്‍ (കൊല്ലം), കാതിരി കോയ (കോഴിക്കോട്), ഡേവിസ് (തൃശൂര്‍), ബാലന്‍ (കാസര്‍ഗോഡ്), ശശീന്ദ്രനാഥ് (കോഴിക്കോട്), വിന്‍സെന്റ് (മാനേജര്‍ – തിരുവനന്തപുരം), ബ്രഹ്‌മനായകം (തിരുവനന്തപുരം), ബാലകൃഷ്ണന്‍ (കോട്ടയം), ഉമ്മര്‍ കോയ (കോഴിക്കോട്), രഘുത്തമന്‍ (കണ്ണൂര്‍), അക്ബറലി (മലപ്പുറം), മജീദ് (കോഴിക്കോട്), അസീസ് (കോഴിക്കോട്), അലക്‌സ് (തിരുവനന്തപുരം), സൈനുല്‍ ആബിദീന്‍ (മലപ്പുറം), വിക്രമന്‍ (തിരുവനന്തപുരം), ജയകൃഷ്ണന്‍ (കണ്ണൂര്‍).

കെ.ബി ഗണേഷ് കുമാര്‍
കേരളത്തിന് പുറത്തു പോയി ട്രാന്‍സ്പോര്‍ട്ട് ടീം ഇരട്ടക്കിരീടമുയര്‍ത്തിയ ചരിത്രനേട്ടത്തിന്റെ അന്‍പതാം വര്‍ഷമാണിത്. ആ കളിക്കാര്‍ക്ക് ഒരു ആദരവ് ഒരുക്കാന്‍ ട്രാന്‍സ്പോര്‍ട്ട് മന്ത്രി കെ.ബി ഗണേഷ് കുമാര്‍ തയ്യാറാവുമെന്നാണ് പ്രതീക്ഷ.
content highlights: MM Jafar Khan writes on the glory days of KSRTC football team