പ്രതീക്ഷയ്ക്ക് അതിര്‍ത്തികളില്ല, ധൈര്യത്തിന് വിസ ആവശ്യമില്ല, സ്വപ്നങ്ങള്‍ക്ക് ഉപരോധങ്ങള്‍ ബാധകവുമല്ല
Discourse
പ്രതീക്ഷയ്ക്ക് അതിര്‍ത്തികളില്ല, ധൈര്യത്തിന് വിസ ആവശ്യമില്ല, സ്വപ്നങ്ങള്‍ക്ക് ഉപരോധങ്ങള്‍ ബാധകവുമല്ല
എം.എം.ജാഫർ ഖാൻ
Monday, 22nd June 2026, 11:04 am
പശ്ചിമേഷ്യയുടെ ഹൃദയഭാഗത്ത് ആയിരങ്ങളാണ്ടുകളുടെ പാരമ്പര്യമുള്ള നാടാണ് ഇറാന്‍. പേര്‍ഷ്യന്‍ സാമ്രാജ്യത്തിന്റെ പ്രൗഢിയുടെയും കവിതയുടെയും ശാസ്ത്രത്തിന്റെയും തത്വചിന്തയുടെയും സമ്പന്നത വഹിക്കുന്ന ആ മണ്ണിന്റെ ചരിത്രം വിജയങ്ങളുടേത് മാത്രമല്ല, ഉപരോധങ്ങളുടെയും അധിനിവേശങ്ങളുടെയും യുദ്ധങ്ങളുടെയും രാഷ്ട്രീയ കലാപങ്ങളുടെയും വേദനകളും അവര്‍ സഹിച്ചിട്ടുണ്ട്.

2026 ലോകകപ്പില്‍ ഇറാന്റെ ആദ്യ രണ്ട് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ അവരുടെ അക്കൗണ്ടില്‍ വിജയങ്ങളില്ല, തോല്‍വിയും.

ന്യൂസിലന്‍ഡിനെതിരെ 2-2
ബെല്‍ജിയത്തിനെതിരെ 0-0

സ്ഥിതിവിവരക്കണക്കുകളുടെ വരണ്ട ഭാഷയില്‍ അത് രണ്ട് സമനിലകള്‍ മാത്രമാണ്. എന്നാല്‍ കളിക്കളത്തിന്റെ അതിരുകള്‍ക്കപ്പുറം നിന്ന് നോക്കുമ്പോള്‍, അവ പ്രതിസന്ധികളുടെ നടുവിലും തലകുനിക്കാതെ നില്‍ക്കുന്ന ഒരു ജനതയുടെ ധീരതയെഴുതിയ രണ്ട് അധ്യായങ്ങളാണ്. യുദ്ധത്തിനിടയിലും മുന്നോട്ട് പോകാന്‍ ധൈര്യപ്പെടുന്ന ഒരു രാജ്യത്തിന്റെ രണ്ട് പ്രഖ്യാപനങ്ങള്‍.

പശ്ചിമേഷ്യയുടെ ഹൃദയഭാഗത്ത് ആയിരങ്ങളാണ്ടുകളുടെ പാരമ്പര്യമുള്ള നാടാണ് ഇറാന്‍. പേര്‍ഷ്യന്‍ സാമ്രാജ്യത്തിന്റെ പ്രൗഢിയുടെയും കവിതയുടെയും ശാസ്ത്രത്തിന്റെയും തത്വചിന്തയുടെയും സമ്പന്നത വഹിക്കുന്ന ആ മണ്ണിന്റെ ചരിത്രം വിജയങ്ങളുടേത് മാത്രമല്ല, ഉപരോധങ്ങളുടെയും അധിനിവേശങ്ങളുടെയും യുദ്ധങ്ങളുടെയും രാഷ്ട്രീയ കലാപങ്ങളുടെയും വേദനകളും അവര്‍ സഹിച്ചിട്ടുണ്ട്.

ഓരോ തലമുറയും ഏതെങ്കിലും ഒരു പ്രതിസന്ധിയോട് നേര്‍ക്കുനേര്‍ നിന്നാണ് ജീവിതം പണിതുയര്‍ത്തിയത്. അതുകൊണ്ടുതന്നെ ഇറാന്‍ ദേശീയ ടീമിന്റെ ജഴ്‌സി വെറുമൊരു കളിക്കുപ്പായമല്ല, മുറിവുകളുടെ ഭൂപടമാണ്. അതിലുപരി, ഒരിക്കലും തകര്‍ക്കാനാവാത്ത ആത്മാഭിമാനത്തിന്റെ നിറമാണ്.

ഈ ലോകകപ്പിലേക്ക് ഇറാന്‍ എത്തിയത് സാധാരണ സാഹചര്യങ്ങളിലൂടെയല്ല. രാജ്യത്തിനുമേല്‍ യുദ്ധം കനത്ത മേഘംപോലെ തങ്ങിനിന്നു. രാഷ്ട്രീയ സംഘര്‍ഷങ്ങളും യാത്രാ നിയന്ത്രണങ്ങളും അനിശ്ചിതത്വങ്ങളും ഉപരോധങ്ങളും ടീമിന്റെ ഒരുക്കങ്ങളെ നിരന്തരം അലട്ടി. പ്രവേശന നിയന്ത്രണങ്ങള്‍, റദ്ദാക്കപ്പെട്ട പരിശീലന മത്സരങ്ങള്‍, വിസ പ്രതിസന്ധികള്‍ എന്നിങ്ങനെ ലോകകപ്പിനായുള്ള അവരുടെ യാത്ര തുടക്കം മുതല്‍ തന്നെ തടസങ്ങളുടെ വഴിയിലൂടെയായിരുന്നു. അമേരിക്ക ഓരോ നിമിഷവും അവരെ ദ്രോഹിക്കാന്‍ മറന്നില്ല.ഇറാന്‍ ഫുട്‌ബോള്‍ ടീം

പരിശീലകന്‍ അമീര്‍ ഗലെനോയിയുടെ വാക്കുകളില്‍ ആ വേദന വ്യക്തമാണ്. ബെല്‍ജിയത്തിനെതിരായ മത്സരത്തിന് മുമ്പ് യാത്രയ്ക്കും പരിശീലനത്തിനും വിശ്രമത്തിനുമെല്ലാമായി ടീമിന് ലഭിച്ചത് ഏതാനും മണിക്കൂറുകള്‍ മാത്രം.

മത്സരത്തിന്റെ തലേദിവസം ഏറെ വൈകിയാണ് അമേരിക്കയിലേക്കുള്ള പ്രവേശനാനുമതി ലഭിച്ചത്. കളി കഴിഞ്ഞയുടന്‍ മെക്‌സിക്കോയിലെ ക്യാമ്പിലേക്ക് മടങ്ങേണ്ട അവസ്ഥ. പരിശീലന സെഷനുകള്‍ പാതിവഴിയില്‍ അവസാനിപ്പിക്കേണ്ടി വന്നു. ചില ഉദ്യോഗസ്ഥര്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫിനും വിസ അനുവദിച്ചില്ല. ഒരു ലോകകപ്പ് ടീമിന് അര്‍ഹമായ അടിസ്ഥാന സൗകര്യങ്ങളും ബഹുമാനം പോലും നിഷേധിക്കപ്പെട്ടുവെന്ന അദ്ദേഹത്തിന്റെ വേദന വെറും പരാതിയല്ല, അത് യാഥാര്‍ത്ഥ്യത്തിന്റെ സാക്ഷ്യപത്രമാണ്.

ന്യൂസിലന്‍ഡിനെതിരായ ആദ്യ മത്സരത്തിന് മുമ്പ് അഞ്ച് മണിക്കൂറിലേറെ നീണ്ട യാത്ര, കസ്റ്റംസ് പരിശോധനകള്‍, നിയന്ത്രണങ്ങളുടെ കുരുക്കുകള്‍ശരീരത്തെയും മനസിനെയും ഒരുപോലെ ക്ഷീണിപ്പിക്കുന്ന അനുഭവങ്ങള്‍. എന്നാല്‍ മൈതാനത്ത് ഇറാന്‍ തളര്‍ന്നില്ല. രണ്ട് ഗോളുകള്‍ നേടി സമനില പിടിച്ചു. ടേബിളില്‍ അത് ഒരു പോയന്റ് മാത്രമായിരിക്കാം, പക്ഷേ ആ ഒരു പോയന്റിന് പിന്നില്‍ അനേകം വെല്ലുവിളികളെ മറികടന്ന ആത്മവിശ്വാസമുണ്ടായിരുന്നു.

ഇറാന്‍ ഫുട്‌ബോള്‍ ഫാന്സ് – Photo: Al Jazeera

രണ്ടാം മത്സരം ബെല്‍ജിയത്തിനെതിരെ. ലോക ഫുട്‌ബോളിലെ ശക്തര്‍. പന്ത് കൂടുതല്‍ നേരം ബെല്‍ജിയത്തിന്റെ കാലുകളിലായിരുന്നു. ആക്രമണങ്ങള്‍ തിരമാലപോലെ വന്നു. എന്നാല്‍ ഇറാന്‍ ഒരു പ്രതിരോധ മതിലായി മാറി. ഓരോ നീക്കവും അവര്‍ തടഞ്ഞു. ഓരോ ഭീഷണിയും അവര്‍ ചെറുത്തു. ഗോള്‍കീപ്പര്‍ അലിറേസ ബെയ്‌റന്‍വാന്‍ഡ് ഏഴ് തവണ രക്ഷകനായി. ഓരോ സേവും ഒരു പ്രതിഷേധ കവിതപോലെയായിരുന്നു. അവസാന വിസില്‍ മുഴങ്ങിയപ്പോള്‍ സ്‌കോര്‍ ബോര്‍ഡ് 0-0. ആ പൂജ്യത്തിനുള്ളില്‍ ഒരു രാജ്യത്തിന്റെ അഭിമാനവും അടങ്ങാത്ത മനക്കരുത്തും നിറഞ്ഞുനിന്നു.

യുദ്ധവാര്‍ത്തകള്‍ കേട്ടുകൊണ്ടാണ് ഇറാന്‍ താരങ്ങള്‍ പരിശീലനത്തിനിറങ്ങുന്നത്. സ്വന്തം നാട്ടില്‍ എന്താണ് സംഭവിക്കുന്നതെന്ന ആശങ്കയോടെയാണ് അവര്‍ ഉറങ്ങുന്നത്. കുടുംബങ്ങള്‍ സുരക്ഷിതരാണോ എന്ന ചോദ്യവുമായാണ് അവര്‍ മത്സരത്തിനിറങ്ങുന്നത്. എന്നിട്ടും അവരുടെ കാലുകള്‍ വിറയ്ക്കുന്നില്ല, മനസ് പതറുന്നില്ല.

ഇറാന്‍ ഫുട്‌ബോള്‍ ടീം

കാരണം ഫുട്‌ബോള്‍ ചിലപ്പോള്‍ ഒരു കളിയേക്കാള്‍ വലുതാകുന്നു. ഒരു സമനില പോലും വിജയത്തേക്കാള്‍ വലിയ അര്‍ത്ഥം വഹിക്കുന്നു. ചില ഫലങ്ങള്‍ പോയന്റ് പട്ടികയില്‍ മാത്രമായി രേഖപ്പെടുത്തപ്പെടുന്നില്ല, അവ ചരിത്രത്തിന്റെ പേജുകളിലേക്കുകൂടി എഴുതപ്പെടുന്നു.

ന്യൂസിലന്‍ഡിനെതിരായ 2-2 ഉം ബെല്‍ജിയത്തിനെതിരായ 0-0 ഉം അത്തരത്തിലുള്ള ഫലങ്ങളാണ്. അവ വെറും സ്‌കോറുകളല്ല, ഒരു സന്ദേശമാണ്.

രാജ്യത്തെ ഉപരോധിക്കാം, ടീമിന്റെ യാത്ര നിയന്ത്രിക്കാം,
വിസ നിഷേധിക്കാം,
പരിശീലന സമയം കുറയ്ക്കാം,
യുദ്ധത്തിന്റെ ഭയം വിതറാം.
പക്ഷേ, ആത്മവിശ്വാസത്തെ ആര്‍ക്കാണ് ബന്ധിക്കാനാവുക?

ഇറാന്റെ പോരാട്ടം ഇവിടെ അവസാനിക്കുന്നില്ല. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന പോരില്‍ ഈജിപ്തിനെ വീഴ്ത്താനായാല്‍ റൗണ്ട് ഓഫ് 32ന്റെ വാതില്‍ അവര്‍ക്കായി തുറക്കും. ആറ് ലോകകപ്പുകള്‍ കളിച്ചിട്ടും ഒരിക്കലും രണ്ടാം റൗണ്ടിലെത്താനാകാത്ത ഇറാന് ഇത്തവണ ചരിത്രം തിരുത്താനാകുമോ? ഇറാന്റെ അടുത്ത മത്സരത്തിനായി കാത്തിരിക്കുന്നത് ഫുട്‌ബോള്‍ ലോകം മാത്രമല്ല, രാഷ്ട്രീയ ലോകവും ചരിത്രവും കൂടിയാണ്.

 

Content Highlight: MM Jafar Khan writes about the competitive background of the Iranian team that drew against Belgium in the World Cup