മെസിയുള്ളപ്പോള്‍ തോല്‍വി, മെസിയില്ലാത്തപ്പോള്‍ സമനില; എം.എല്‍.എസില്‍ മയാമി പൊരുതുന്നു
Sports News
മെസിയുള്ളപ്പോള്‍ തോല്‍വി, മെസിയില്ലാത്തപ്പോള്‍ സമനില; എം.എല്‍.എസില്‍ മയാമി പൊരുതുന്നു
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 27th July 2025, 8:43 am

മേജര്‍ ലീഗ് സോക്കറില്‍ ഗോള്‍രഹിത സമനിലയുമായി ഇന്റര്‍ മയാമി. ചെയ്‌സ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ കരുത്തരായ സിന്‍സിനാറ്റിയെയാണ് ഹെറോണ്‍സ് സമനിലയില്‍ തളച്ചത്. സൂപ്പര്‍ താരം ലയണല്‍ മെസിയും ജോര്‍ഡി ആല്‍ബയുമില്ലാതെയാണ് മയാമി കളത്തിലിറങ്ങിയത് എന്നത് ഈ സമനിലയ്ക്കും മാറ്റുകൂട്ടുന്നു.

ഓള്‍ സ്റ്റാര്‍ ഇലവനില്‍ കളിച്ചില്ല എന്ന കാരണത്താലാണ് മെസിക്ക് ഈ മത്സരം നഷ്ടപ്പെട്ടത്. ജോര്‍ഡി ആല്‍ബയ്ക്കും ഇതേ കാരണത്താല്‍ മേജര്‍ ലീഗ് സോക്കറിന്റെ സസ്‌പെന്‍ഷന്‍ നേരിടേണ്ടി വന്നിരുന്നു.

മെസിയുടെ അഭാവത്തില്‍ ലൂയീസ് സുവാരസിനെ മുന്നേറ്റ നിരയുടെ നേതൃത്വമേല്‍പ്പിച്ച് 4-2-3-1 എന്ന ഫോര്‍മേഷനിലാണ് ഹാവിയര്‍ മഷറാനോ മയാമിയെ കളത്തിലിക്കിയത്. അതേസമയം, പ്രതിരോധം കടുപ്പിച്ച സിന്‍സിനാറ്റി പരിശീലകന്‍ പാറ്റ് നൂനന്‍ 5-3-2 ഫോര്‍മേഷനും പുറത്തെടുത്തു.

മത്സരത്തിന്റെ മൂന്നാം മിനിട്ടില്‍ തന്നെ സിന്‍സിനാറ്റി മയാമി ഗോള്‍ മുഖത്തേക്ക് പന്തുമായി ഇരച്ചെത്തി. എന്നാല്‍ അത് ഗോളാക്കി മാറ്റാന്‍ ടീമിന് സാധിച്ചില്ല. എട്ടാം മിനിട്ടിലെ മയാമിയുടെ മുന്നേറ്റം ഗോള്‍ കീപ്പര്‍ റോമന്‍ സെലന്റാനോയില്‍ തട്ടി അവസാനിച്ചു.

ആദ്യ പകുതിയില്‍ മയാമി വീണ്ടും ആക്രമണമഴിച്ചുവിട്ടെങ്കിലും ഗോളാക്കി മാറ്റാന്‍ സാധിച്ചില്ല. ഇതോടെ ഗോള്‍രഹിത സമനിലയില്‍ ഒന്നാം പകുതി അവസാനിച്ചു.

രണ്ടാം പകുതിയുടെ തുടക്കത്തിലും മയാമിയുടെ മുന്നേറ്റമാണ് ആരാധകര്‍ കണ്ടത്. 51ാം മിനിട്ടില്‍ ഫാബ്രീസ് പികള്‍ട്ടിന്റെ ഗോള്‍ ശ്രമം സെലന്റാനോ പരാജയപ്പെടുത്തി. 58ാം മിനിട്ടില്‍ സിന്‍സിനാറ്റി പ്രതിരോധ നിരയെ കബളിപ്പിച്ച് സുവാരസ് പന്തുമായി മുന്നേറിയെങ്കിലും താരത്തിന്റെ ഷോട്ട് വെളിയിലേക്ക് പോയി.

ആഡ് ഓണ്‍ സമയത്തിന്റെ അവസാന നിമിഷം പോലും മയാമി ഗോളിനായി പൊരുതിക്കളിച്ചെങ്കിലും വലകുലുക്കാന്‍ സാധിച്ചില്ല. ഇതോടെ ഗോള്‍രഹിത സമനിലയില്‍ ഇരുവരും പിരിഞ്ഞു.

ഇരുടീമുകളും നേരത്തെ ഏറ്റുമുട്ടിയപ്പോള്‍ മയാമി എതിരില്ലാത്ത മൂന്ന് ഗോളിന്റെ പരാജയമേറ്റുവാങ്ങിയിരുന്നു. അന്ന് മെസിയും ആല്‍ബയും ടീമിന്റെ ഭാഗമായിരുന്നു.

നിലവില്‍ 22 മത്സരത്തില്‍ നിന്നും 12 ജയവും ആറ് സമനിലയും നാല് തോല്‍വിയുമായി 42 പോയിന്റോടെ മയാമി അഞ്ചാം സ്ഥാനത്താണ്. അതേസമയം, 25 മത്സരത്തില്‍ നിന്നും 49 പോയിന്റുള്ള സിന്‍സിനാറ്റി രണ്ടാമതാണ്. 15 ജയവും നാല് സമനിലയും ആറ് തോല്‍വിയുമാണ് ടീമിനുള്ളത്.

ഇന്ന് മയാമിയോട് വിജയിച്ചിരുന്നെങ്കില്‍ ഫിലാഡല്‍ഫിയ യൂണിയനെ പരാജയപ്പെടുത്തി ഒന്നാമതെത്താനും സിന്‍സിനാറ്റിക്ക് അവസരമൊരുങ്ങുമായിരുന്നു. 50 പോയിന്റാണ് ഫിലാഡല്‍ഫിയക്കുള്ളത്.

ലീഗ്‌സ് കപ്പിന്റെ ഗ്രൂപ്പ് ഘട്ട മത്സരമാണ് ഇനി മയാമിക്ക് മുമ്പിലുള്ളത്. ഓഗസ്റ്റ് ഏഴിന് ചെയ്‌സ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ പ്യൂമാസ് യു.എന്‍.എ.എമ്മിനെയാണ് ടീമിന് നേരിടാനുള്ളത്.

 

 

Content Highlight: MLS: Match between Inter Miami and Cincinnati ended in draw