'ഞങ്ങളെ പുറത്താക്കിയവര്‍, ഇപ്പോള്‍ അവരുടെ ടീമില്‍ മുള്ളറും!!!'; ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് മെസി
Sports News
'ഞങ്ങളെ പുറത്താക്കിയവര്‍, ഇപ്പോള്‍ അവരുടെ ടീമില്‍ മുള്ളറും!!!'; ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് മെസി
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 5th December 2025, 12:50 pm

മേജര്‍ ലീഗ് സോക്കറിലെ ഈസ്‌റ്റേണ്‍ കോണ്‍ഫറന്‍സ് വിജയിച്ച് എം.എല്‍.എസ് കപ്പിന് യോഗ്യത നേടിയിരിക്കുകയാണ് ലയണല്‍ മെസിയും ഇന്റര്‍ മയാമിയും. ഇതാദ്യമായാണ് മയാമി എം.എല്‍.എസ് കിരീടത്തിനായി മാറ്റുരയ്ക്കുന്നത്.

വെസ്‌റ്റേണ്‍ കോണ്‍ഫറന്‍സ് ജേതാക്കളായ വാന്‍കൂവര്‍ വൈറ്റ് ക്യാപ്‌സാണ് ഡിസംബര്‍ ഏഴിന് ചെയ്‌സ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തിലെ എതിരാളികള്‍. കരുത്തരായ വൈറ്റ്ക്യാപ്‌സ് ഹെറോണ്‍സിന് കടുത്ത വെല്ലുവിളി ഉയര്‍ത്തുമെന്നുറപ്പാണ്.

കിരീടം തേടി: Photo/mlssoccer.com

 

ലയണല്‍ മെസിക്ക് എക്കാലവും ദുസ്വപ്നങ്ങള്‍ സമ്മാനിച്ച തോമസ് മുള്ളറിനൊപ്പമാണ് വൈറ്റ്ക്യാപ്സ് മെസിപ്പടയെ നേരിടാനൊരുങ്ങുന്നത് എന്നതാണ് ആരാധകരെ ഒരേ സമയം ആവേശത്തിലും ആശങ്കയിലുമാക്കുന്നത്.

മുള്ളറിനും സംഘത്തിനുമെതിരെ മെസി കളത്തിലിറങ്ങുമ്പോള്‍ ആരാധകരുടെ മനസില്‍ 2020ലെ ബാഴ്സലോണ – ബയേണ്‍ മ്യൂണിക് മത്സരം തന്നെയായിരിക്കും ഓടിയെത്തുക.

ബാഴ്സയുടെ ഏറ്റവും വലിയ തോല്‍വികളിലൊന്ന്. Photo/ Scree Grab/ FC Bayern Munich/ YouTube

ഇപ്പോള്‍ മുള്ളറിനെ കുറിച്ചും ഫൈനലിനെ കുറിച്ചും സംസാരിക്കുകയാണ് മെസി.

‘പ്രത്യാഘാതങ്ങളെന്ത് തന്നെയായാലും മുള്ളര്‍ എം.എല്‍.എസിന്റെ ഭാഗമാകുന്നു എന്നത് ഏറെ സന്തോഷം നല്‍കുന്ന കാര്യമാണ്. ഫൈനലില്‍, ഒരിക്കല്‍ക്കൂടി നേര്‍ക്കുനേര്‍ ഏറ്റുമുട്ടാം എന്നതും ഏറെ മികച്ചതാണ്. ഞങ്ങള്‍ ഇതിന് മുമ്പ് വാന്‍കൂവറിനെതിരെ കളിച്ചവരാണ്, ഇതുകൊണ്ട് തന്നെ അവര്‍ എത്തരത്തിലുള്ള ടീം ആണെന്നതിനെ കുറിച്ചും നല്ല ധാരണയുണ്ട്.

തോമസ് മുള്ളർ. Photo/mlssoccer.com

ശരിക്കും പറഞ്ഞാല്‍ അവര്‍ ഞങ്ങളെ പുറത്താക്കിയവരാണ് (കോണ്‍കകാഫ് ചാമ്പ്യന്‍സ് കപ്പില്‍). അവര്‍ മികച്ച ടീമാണ്. ഞങ്ങളെ പോലെ വര്‍ഷം മുഴുവന്‍ മികച്ച പ്രകടനം പുറത്തെടുക്കുകയും അവസാന നിമിഷം വരെ ഏറ്റവും മികച്ച ടീമുകളിലൊന്നായി തുടരുകയും ചെയ്തവരാണ്.

ഫൈനല്‍ ഏറെ കടുപ്പമായിരിക്കുമെന്ന് ഞങ്ങള്‍ക്കറിയാം. മുള്ളര്‍ ടീമിലേക്ക് വരുന്നത് അവരെ കൂടുതല്‍ മികച്ച ടീമാക്കി മാറ്റുന്നു. ഇത് മത്സരത്തിലും ടീമിനുള്ളിലും മികച്ച ഒരു അവബോധം കൊണ്ടുവരും. ഏറെ മികച്ച ഒരു ഫൈനലായിരിക്കും അത്. ഫലം ഞങ്ങള്‍ക്ക് അനുകൂലമാകുമെന്ന് പ്രതീക്ഷിക്കുന്നു,’ ഗോളിന് നല്‍കിയ അഭിമുഖത്തില്‍ മെസി പറഞ്ഞു.

മെസിയും മുള്ളറും പി.എസ്.ജി – ബയേണ്‍ മത്സരത്തിനിടെ. Photo: We Are Messi10/x.com

കോണ്‍കകാഫ് ചാമ്പ്യന്‍സ് കപ്പില്‍ ഇന്റര്‍ മയാമി 5-1 എന്ന അഗ്രഗേറ്റ് സ്‌കോറില്‍ വാന്‍കൂവര്‍ വൈറ്റ് ക്യാപ്‌സിനോട് പരാജയപ്പെട്ടിരുന്നു.

ഫൈനലില്‍ മയാമി vs വാന്‍കൂവര്‍ മത്സരത്തേക്കാള്‍, ഫുട്‌ബോള്‍ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച രണ്ട് താരങ്ങള്‍ തമ്മിലുള്ള സ്റ്റാര്‍ ബാറ്റിലിനായിരിക്കും ആരാധകര്‍ സാക്ഷ്യം വഹിക്കുക.

ക്ലബ്ബ് തലത്തിലും അന്താരാഷ്ട്ര തലത്തിലും പലപ്പോഴായും ഇരുവരും നേര്‍ക്കുനേര്‍ വന്നിട്ടുണ്ട്. 2020ല്‍ ബയേണ്‍ ബാഴ്‌സയെ 8-2ന് തകര്‍ത്തപ്പോള്‍ ഇരട്ടഗോളടിച്ച് തിളങ്ങിയതും 2014 ലോകകപ്പില്‍ അര്‍ജന്റീനയെ തോല്‍പ്പിച്ച് വിശ്വകിരീടം ചൂടിയതുമടക്കം ഏഴ് തവണ തോമസ് മുള്ളര്‍ മെസിയെ പരാജയപ്പെടുത്തിയിട്ടുണ്ട്. മൂന്ന് തവണ മാത്രമാണ് മെസിക്ക് മുള്ളറിനെ പരാജയപ്പെടുത്താന്‍ സാധിച്ചത്.

 

Content Highlight: MLS: Lionel Messi about Thomas Muller and MLS Cup Final