മേജര്‍ ലീഗ് സോക്കറില്‍ ലയണല്‍ മെസിയുടെ ഇന്റര്‍ മയാമിക്ക് പരാജയം. സൂപ്പര്‍ ടീം സിന്‍സിനാട്ടിയോടാണ് മെസിപ്പടയ്ക്ക് തോല്‍വിയേറ്റുവാങ്ങേണ്ടി വന്നത്. ടി.ക്യു.എല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളിനാണ് ഹെറോണ്‍സിന്റെ പരാജയം.
തുടര്‍ച്ചയായ അഞ്ച് മത്സരങ്ങളില്‍ ചുരുങ്ങിയത് രണ്ട് ഗോള്‍ വീതം നേടി കുതിച്ചെത്തിയ മെസിയുടെ അശ്വമേധത്തിന് അന്ത്യം കുറിച്ച മത്സരത്തിന് കൂടിയാണ് ടി.ക്യു.എല്‍ സ്‌റ്റേഡിയത്തില്‍ ആരാധകര്‍ സാക്ഷ്യം വഹിച്ചത്.
സുവാരസിനെയും മെസിയെയും ആക്രമണത്തിന്റെ സാരഥ്യമേല്‍പ്പിച്ച് 4-4-2 ഫോര്‍മേഷനിലാണ് ഹാവിയര്‍ മഷറാനോ മയാമിയെ കളത്തിലിറക്കിയത്. അതേസമയം, 3-4-1-2 എന്ന രീതിയാണ് സിന്‍സിനാട്ടി പരിശീലകന്‍ മാറ്റ് നൂനന്‍ അവലംബിച്ചത്.
മത്സരത്തിന്റെ ആദ്യ നിമിഷം മുതല്‍ തന്നെ സിന്‍സിനാട്ടി ആക്രമണമഴിച്ചുവിട്ടു. തങ്ങളുടെ പകുതിയില്‍ നിന്നും ലഭിച്ച പന്തുമായി കുതിച്ച കെയ് കമാര രണ്ടാം മിനിട്ടില്‍ തന്നെ മയാമി ആരാധകരെ മുള്‍മുനയില്‍ നിര്‍ത്തി. എന്നാല്‍ താരത്തിന്റെ ഷോട്ട് വലയിലെത്താതെ പുറത്തേക്ക് പോയി.
16ാം മിനിട്ടില്‍ ജെറാര്‍ഡോ വലന്‍സ്വെലയിലൂടെ സിന്‍സിനാട്ടി മുമ്പിലെത്തി. ലൂകാ ഒറെലാനോയുടെ അസിസ്റ്റിലാണ് താരം ഗോള്‍ നേടിയത്.
മത്സരത്തില്‍ തുടര്‍ന്നും ഇരുവരും മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഒന്നും ഗോളായി മാറിയില്ല. ഇതോടെ ആദ്യ പകുതി 1-0ന് അവസാനിച്ചു.
രണ്ടാം പകുതി ആരംഭിച്ച് അഞ്ചാം മിനിട്ടില്‍ തന്നെ സിന്‍സിനാട്ടി ലീഡ് ഇരട്ടിയാക്കി. അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍ ഇവാന്‍ഡര്‍ ഡ സില്‍വ ഫെരേരയാണ് ഗോള്‍ കണ്ടെത്തിയത്.
70ാം മിനിട്ടില്‍ ഇവാന്‍ഡര്‍ ഒരിക്കല്‍ക്കൂടി വലകുലുക്കി. സഹതാരത്തിന്റെ ഷോട്ട് മയാമി ഗോള്‍കീപ്പര്‍ തടുത്തിട്ടപ്പോള്‍ കൃത്യസമയത്ത് അവിടെയുണ്ടായിരുന്ന ബ്രസീലിയന്‍ താരത്തിന് പന്ത് വലയിലേക്ക് തട്ടിയിടേണ്ട ചുമതല മാത്രമായിരുന്നു ഉണ്ടായിരുന്നത്.
ഈ വിജയത്തോടെ സിന്‍സിനാട്ടി പോയിന്റ് പട്ടികയില്‍ രണ്ടാമതാണ്. 23 മത്സരത്തില്‍ നിന്നും 14 വിജയവും ആറ് തോല്‍വിയും മൂന്ന് സമനിലയുമായി 45 പോയിന്റാണ് ടീമിനുള്ളത്.