തുടര്‍ച്ചയായ പത്ത് തോല്‍വികള്‍ക്ക് ശേഷം 11ാം മത്സരത്തില്‍ വിജയവുമായി സിയാറ്റില്‍ ഓര്‍ക്കാസ്. ഗ്രാന്‍ഡ് പ്രയറി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ എം.ഐ ന്യൂയോര്‍ക്കിനെതിരെ നടന്ന മത്സരത്തില്‍ ഈ സീസണിലെ ആദ്യ ജയമാണ് ഓര്‍ക്കാസ് സ്വന്തമാക്കിയത്.
ന്യൂയോര്‍ക് ഉയര്‍ത്തിയ 238 റണ്‍സിന്റെ വിജയലക്ഷ്യം അവസാന പന്തില്‍ ഓര്‍ക്കാസ് മറികടന്നു. 40 പന്തില്‍ പുറത്താകാതെ 97 റണ്‍സ് നേടിയ ഷിംറോണ്‍ ഹെറ്റ്‌മെയറിന്റെ പ്രകടനമാണ് സിയാറ്റിലിന് കരുത്തായത്.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ന്യൂയോര്‍ക് നിക്കോളാസ് പൂരന്റെ സെഞ്ച്വറിയുടെയും തജീന്ദര്‍ സിങ്ങിന്റെ അവിശ്വസനീയ വെടിക്കെട്ടിന്റെയും കരുത്തിലാണ് മികച്ച സ്‌കോറിലെത്തിയത്.
പൂരന്‍ 60 പന്തില്‍ പുറത്താകാതെ 108 റണ്‍സ് നേടി. എട്ട് സിക്‌സറും ഏഴ് ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.
35 പന്തില്‍ 95 റണ്‍സുമായാണ് തജീന്ദര്‍ സിങ് തിളങ്ങിയത്. എട്ട് വീതം സിക്‌സറും ഫോറും അടക്കം 271.34 സ്‌ട്രെക്ക് റേറ്റിലായിരുന്നു താരം വെടിക്കെട്ട് നടത്തിയത്. ഇരുവരും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 158 റണ്‍സിന്റെ കൂട്ടുകെട്ടും പടുത്തുയര്‍ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓര്‍ക്കാസിന് രണ്ടാം ഓവറില്‍ തന്നെ ഓപ്പണര്‍ ജോഷ് ബ്രൗണിനെ നഷ്ടപ്പെട്ടെങ്കിലും പിന്നാലെയെത്തിവര്‍ സ്‌കോര്‍ ബോര്‍ഡിന് വേഗം നല്‍കി.
എട്ട് ഓവറില്‍ 107/4 എന്ന നിലയില്‍ നില്‍ക്കവെയാണ് ഷിംറോണ്‍ ഹെറ്റ്‌മെയര്‍ ക്രീസിലെത്തയത്. കരിബിയന്‍ കരുത്ത് വെളിവാക്കി ഹെറ്റി സ്‌കോര്‍ ചെയ്തുകൊണ്ടിരുന്നു. കൂടുതല്‍ പന്തുകള്‍ നേരിട്ട് സ്‌കോര്‍ ചെയ്യുക എന്നതായിരുന്നു താരത്തിന്റെ തന്ത്രം.
19 ഓവര്‍ പിന്നിടുമ്പോള്‍ കേവലം ഒമ്പത് റണ്‍സ് മാത്രമായിരുന്നു ഓര്‍ക്കാസിന് വിജയിക്കാന്‍ വേണ്ടിയിരുന്നത്. കെയ്‌റോണ്‍ പൊള്ളാര്‍ഡ് അവസാന ഓവര്‍ എറിയാനെത്തി.
ഓവറിലെ ആദ്യ മൂന്ന് പന്തില്‍ വെറും ഒറ്റ റണ്‍സ് മാത്രമാണ് സ്‌ട്രൈക്കിലുണ്ടായിരുന്ന ജസ്ദീപ് സിങ്ങിന് നേടാനായത്. നാലാം പന്തില്‍ ക്രീസിലെത്തിയ ഹെറ്റിക്കും സ്‌കോര്‍ ചെയ്യാന്‍ സാധിക്കാതെ പോയതോടെ വിജയലക്ഷ്യം രണ്ട് പന്തില്‍ എട്ടായി ഉയര്‍ന്നു.
ആറ് മത്സരത്തില്‍ നിന്നും ഒരു ജയവുമായി പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് സിയാറ്റില്‍. നാളെയാണ് ടീമിന്റെ അടുത്ത മത്സരം. ഇതേ വേദിയില്‍ നടക്കുന്ന മത്സരത്തില്‍ പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരായ ലോസ് ആഞ്ചലസ് നൈറ്റ് റൈഡേഴ്‌സാണ് എതിരാളികള്‍.
Content Highlight: MLC: Seattle Orcas defeated MI New York