21 പന്തില്‍ വെറും ആറ് റണ്‍സ്; പാകിസ്ഥാന്റെ ലോകകപ്പ് മോഹങ്ങള്‍ അവസാനിപ്പിച്ച അതേ 'ഇന്ത്യക്കാരന്‍' വീണ്ടും തിളങ്ങുന്നു
Sports News
21 പന്തില്‍ വെറും ആറ് റണ്‍സ്; പാകിസ്ഥാന്റെ ലോകകപ്പ് മോഹങ്ങള്‍ അവസാനിപ്പിച്ച അതേ 'ഇന്ത്യക്കാരന്‍' വീണ്ടും തിളങ്ങുന്നു
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 18th June 2025, 5:56 pm

മേജര്‍ ലീഗ് ക്രിക്കറ്റില്‍ ഇന്ന് പുലര്‍ച്ചെ നടന്ന വാഷിങ്ടണ്‍ ഫ്രീഡം – ലോസ് ആഞ്ചലസ് നൈറ്റ് റൈഡേഴ്‌സ് മത്സരത്തില്‍ വാഷിങ്ടണ്‍ പടുകൂറ്റന്‍ വിജയം സ്വന്തമാക്കിയിരുന്നു. ഓക്‌ലാന്‍ഡ് കൊളീസിയത്തില്‍ നടന്ന മത്സരത്തില്‍ 113 റണ്‍സിന്റെ തകര്‍പ്പന്‍ വിജയമാണ് ഗ്ലെന്‍ മാക്‌സ്‌വെല്ലും സംഘവും സ്വന്തമാക്കിയത്.

മാക്‌സിയുടെ സെഞ്ച്വറി കരുത്തില്‍ ഫ്രീഡം ഉയര്‍ത്തിയ 209 റണ്‍സിന്റെ വിജയസക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ നൈറ്റ് റൈഡേഴ്‌സ് 16.3 ഓവറില്‍ 95ന് പുറത്തായി. ജാക്ക് എഡ്വാര്‍ഡ്‌സ്, മിച്ചല്‍ ഓവന്‍, സൗരഭ് നേത്രാവല്‍ക്കര്‍ എന്നിവരുടെ മികവിലാണ് വാഷിങ്ടണ്‍ ലോസ് ആഞ്ചലസിനെ തകര്‍ത്തെറിഞ്ഞത്.

ഇവരില്‍ സൗരഭ് നേത്രാവല്‍ക്കര്‍ എന്ന യു.എസ്. പേസറുടെ പ്രകടനമാണ് എടുത്ത് പറയേണ്ടത്. 3.3 ഓവറില്‍ വെറും ആറ് റണ്‍സ് മാത്രം വിട്ടുകൊടുത്താണ് നേത്രാവല്‍ക്കര്‍ രണ്ട് വിക്കറ്റ് സ്വന്തമാക്കിയത്. 1.71 എന്ന മികച്ച എക്കോണമിയാണ് താരത്തിനുണ്ടായിരുന്നത്.

ടി-20 ഫോര്‍മാറ്റ് കണ്ട് എക്കാലത്തെയും മികച്ച താരമായ അലക്‌സ് ഹേല്‍സിനെ ആദ്യ ഓവറില്‍ തന്നെ മടക്കി വിക്കറ്റ് മെയ്ഡനുമായാണ് നേത്രാവല്‍ക്കര്‍ വേട്ട ആരംഭിച്ചത്. ഫ്രീഡം നിരയിലെ മറ്റ് ബൗളര്‍മാര്‍ക്ക് മുമ്പില്‍ നൈറ്റ് റൈഡേഴ്‌സ് ചെറുത്തുനില്‍ക്കാന്‍ ശ്രമിച്ചെങ്കിലും ഇന്ത്യക്കായി U19 ലോകകപ്പ് കളിച്ചവന് മുമ്പില്‍ പൊരുതാന്‍ പോലുമാകാതെ നൈറ്റ് റൈഡേഴ്‌സ് വിയര്‍ത്തു.

നേത്രാവല്‍ക്കര്‍ എറിഞ്ഞ 21 പന്തില്‍ എതിരാളികള്‍ നേടിയത് ഒരു ബൗണ്ടറി ഉള്‍പ്പടെ വെറും ആറ് റണ്‍സ്! താരത്തിന്റെ മൂന്ന് പന്തില്‍ മാത്രമാണ് നൈറ്റ് റൈഡേഴ്‌സിന് സ്‌കോര്‍ കണ്ടെത്താന്‍ സാധിച്ചത്.

2024 ടി-20 ലോകകപ്പില്‍ യു.എസ്.എ സൂപ്പര്‍ 8-ന് യോഗ്യത നേടിയപ്പോള്‍ അവിടെ സൗരഭ് നേത്രാവല്‍ക്കറിവന്റെ സാന്നിധ്യം നിര്‍ണായകമായിരുന്നു. പാകിസ്ഥാനെ സൂപ്പര്‍ ഓവറില്‍ പരാജയപ്പെടുത്തിയതടക്കം നേത്രാവല്‍ക്കറിന്റെ കരിയര്‍ തന്നെ ഈ ലോകകപ്പ് തിരുത്തിക്കുറിച്ചു.

പാകിസ്ഥാനെതിരായ മത്സരത്തില്‍ സൂപ്പര്‍ ഓവറില്‍ അഞ്ച് റണ്‍സിനാണ് യു.എസ്.എ വിജയിച്ചത്. സൂപ്പര്‍ ഓവറില്‍ 19 റണ്‍സ് കൃത്യമായി ഡിഫന്‍ഡ് ചെയ്ത നേത്രാവല്‍ക്കര്‍ ആതിഥേയര്‍ക്ക് സൂപ്പര്‍ 8-ലെ സ്ഥാനവും ഉറപ്പിച്ചുനല്‍കി.

ഇന്ത്യയും പാകിസ്ഥാനും അടങ്ങുന്ന ഗ്രൂപ്പ് എ-യില്‍ നിന്നുമാണ് യു.എസ്.എ സൂപ്പര്‍ 8ന് യോഗ്യത നേടിയത്. വെസ്റ്റ് ഇന്‍ഡീസിനൊപ്പം ഈ ലോകകപ്പിന്റെ സഹ ആതിഥേയര്‍ എന്ന ലേബലോടെയാണ് യു.എസ്.എ ബിഗ് ഇവന്റിനെത്തിയത്. എന്നാല്‍ പാകിസ്ഥാന്‍ അടക്കമുള്ള ടീമുകളെ പരാജയപ്പെടുത്തി ഗ്രൂപ്പ് സ്റ്റാന്‍ഡിങ്സില്‍ രണ്ടാം സ്ഥാനക്കാരായി ക്രിക്കറ്റ് ലോകത്തെ ഒന്നാകെ ഞെട്ടിച്ചാണ് യു.എസ്.എ സൂപ്പര്‍ 8ല്‍ പ്രവേശിച്ചത്.

സൗത്ത് ആഫ്രിക്ക, ഇംഗ്ലണ്ട്, വെസ്റ്റ് ഇന്‍ഡീസ് എന്നിവരടങ്ങുന്ന ഗ്രൂപ്പ് 2ലായിരുന്നു സൂപ്പര്‍ 8ല്‍ യു.എസ്.എയുടെ സ്ഥാനം. ടൂര്‍ണമെന്റിന്റെ രണ്ടാം ഘട്ടത്തില്‍ ഒറ്റ മത്സരം പോലും വിജയിക്കാന്‍ സാധിച്ചില്ലെങ്കിലും കന്നി ലോകകപ്പില്‍ തന്നെ വരവറിയിക്കാനും ഇന്ത്യയും ശ്രീലങ്കയും ആതിഥേയരാകുന്ന 2026 ലോകകപ്പിന് യോഗ്യത നേടാനും യു.എസ്.എക്കായിരുന്നു.

 

Content Highlight: MLC: Saurabh Netravalkar’s brilliant bowling performance against LA Knight Riders