കിരീടമില്ലാത്തവര്‍ കിരീടമുയര്‍ത്തുന്ന മാജിക്കിന് ക്രിക്കറ്റ് ലോകം സാക്ഷിയായ 2025 മറ്റൊരു തിരിച്ചുവരവിന് കൂടിയാണ് സാക്ഷ്യം വഹിച്ചിരിക്കുന്നത്. മോശം ഫോമില്‍ പെട്ട് ഉഴറിയിരുന്ന സൂപ്പര്‍ താരം ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെ ഗംഭീര പ്രകടനമാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തെ ചര്‍ച്ചാ വിഷയം.
മേജര്‍ ലീഗ് ക്രിക്കറ്റില്‍ ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ വാഷിങ്ടണ്‍ ഫ്രീഡത്തിന് വേണ്ടിയാണ് ക്യാപ്റ്റന്‍ കൂടിയായ മാക്‌സ്‌വെല്‍ ഗംഭീര പ്രകടനം പുറത്തെടുത്തത്. ഐ.പി.എല്ലില്‍ അടക്കം തുടര്‍ന്ന മോശം ഫോമിന്റെ പേരില്‍ തന്റെ കാലം അവസാനിച്ചെന്ന് മുദ്ര കുത്തിയവര്‍ക്കുള്ള മറുപടി കൂടിയാണ് ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരം ബാറ്റിലൂടെ നല്‍കിയത്.
ഒക്‌ലാന്‍ഡ് കൊളീസിയത്തില്‍ നടന്ന മത്സരത്തില്‍ ലോസ് ആഞ്ചലസ് നൈറ്റ് റൈഡേഴ്‌സിനെതിരെ വെടിക്കെട്ട് സെഞ്ച്വറിയുമായി തിളങ്ങിയാണ് മാക്‌സ്‌വെല്‍ കരുത്തുകാട്ടിയത്. 49 പന്ത് നേരിട്ട് പുറത്താകാതെ 106 റണ്‍സാണ് മാക്‌സി അടിച്ചെടുത്തത്.
ആകാശം തൊട്ട 13 പടുകൂറ്റന്‍ സിക്‌സറുകളും രണ്ട് ഫോറും അടക്കം 216.33 സ്‌ട്രൈക്ക് റേറ്റിലാണ് മാക്‌സ്‌വെല്‍ വെടിക്കെട്ട് നടത്തിയത്. ക്യാപ്റ്റന്റെ വെടിക്കെട്ടില്‍ വാഷിങ്ടണ്‍ വിജയിക്കുകയും ചെയ്തു. മാക്‌സ്‌വെല്‍ നേടിയതിനേക്കാള്‍ കുറവ് റണ്‍സ് മാത്രമാണ് ലോസ് ആഞ്ചലസ് ടീമിന് ആകെ സ്വന്തമാക്കാന്‍ സാധിച്ചത്.
View this post on Instagram
മത്സരത്തില്‍ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഫ്രീഡം നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സ് നേടി. 11 പന്തില്‍ 32 ണ്‍സ് നേടിയ ഓപ്പണര്‍ മിച്ചല്‍ ഓവനാണ് ഫ്രീഡം നിരയിലെ രണ്ടാമത് മികച്ച റണ്‍ ഗെറ്റര്‍.
ലോസ് ആഞ്ചലസിനായി തന്‍വീര്‍ സാംഗ, കോമെ ഡ്രൈ എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ക്യാപ്റ്റന്‍ ജേസണ്‍ ഹോള്‍ഡറാണ് അഞ്ചാം വിക്കറ്റ് നേടിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ലോസ് ആഞ്ചലസിന് തൊട്ടതെല്ലാം പിഴച്ചു. സുനില്‍ നരെയ്ന്റ ഗോള്‍ഡന്‍ ഡക്ക് ഉള്‍പ്പടെ ടോപ്പ് ഓര്‍ഡറിലെ മൂന്ന് താരങ്ങളും പൂജ്യത്തിനാണ് മടങ്ങിയത്.
31 പന്തില്‍ 32 റണ്‍സ് നേടിയ സൈഫ് ബാദറാണ് ടോപ് സ്‌കോറര്‍. ക്യാപ്റ്റന്‍ ജേസണ്‍ ഹോള്‍ഡര്‍ 16 പന്തില്‍ 23 റണ്‍സിന് പുറത്തായി.
ഒടുവില്‍ 16.3 ഓവറില്‍ നൈറ്റ് റൈഡേഴ്‌സ് 95 റണ്‍സിന് പോരാട്ടം അവസാനിപ്പിച്ചു.
വാഷിങ്ടണ്ണിനായി ജാക് എഡ്വാര്‍ഡ്‌സും മിച്ചല്‍ ഓവനും മൂന്ന് വിക്കറ്റ് വീതം സ്വന്തമാക്കി. സൗരഭ് നേത്രാവല്‍ക്കര്‍ രണ്ട് വിക്കറ്റുമായി മികച്ച പ്രകടനം പുറത്തെടുത്തപ്പോള്‍ ഇയാന്‍ ഹോളണ്ടും മാര്‍ക് അഡയറുമാണ് ശേഷിച്ച വിക്കറ്റുകള്‍ വീഴ്ത്തിയത്.
ഈ വിജയത്തോടെ ഫ്രീഡം പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു. മൂന്ന് മത്സരത്തില്‍ നിന്നും രണ്ട് ജയത്തോടെ നാല് പോയിന്റാണ് ടീമിനുള്ളത്. കളിച്ച മൂന്ന് മത്സരത്തിലും വിജയിച്ച സാന്‍ ഫ്രാന്‍സിസ്‌കോ യൂണികോണ്‍സും ടെക്‌സസ് സൂപ്പര്‍ കിങ്‌സുമാണ് യഥാക്രമം ഒന്നും രണ്ടും സ്ഥാനത്തുള്ളത്. അതേസമയം, നൈറ്റ് റൈഡേഴ്‌സ് ഇനിയും ആദ്യ വിജയം കണ്ടെത്തിയിട്ടില്ല.
ഞായറാഴ്ചയാണ് വാഷിങ്ടണ്‍ അടുത്ത മത്സരത്തിനിറങ്ങുന്നത്. ഗ്രാന്‍ഡ് പ്രയറി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഐ.ഐ ന്യൂയോര്‍ക്കാണ് എതിരാളികള്‍.
Content Highlight: MLC: Glenn Maxwell’s brilliant batting performance against LA Knight Riders