കിരീടമില്ലാത്തവര്‍ കിരീടമുയര്‍ത്തുന്ന മാജിക്കിന് ക്രിക്കറ്റ് ലോകം സാക്ഷിയായ 2025 മറ്റൊരു തിരിച്ചുവരവിന് കൂടിയാണ് സാക്ഷ്യം വഹിച്ചിരിക്കുന്നത്. മോശം ഫോമില്‍ പെട്ട് ഉഴറിയിരുന്ന സൂപ്പര്‍ താരം ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെ ഗംഭീര പ്രകടനമാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തെ ചര്‍ച്ചാ വിഷയം.
മേജര്‍ ലീഗ് ക്രിക്കറ്റില്‍ ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ വാഷിങ്ടണ്‍ ഫ്രീഡത്തിന് വേണ്ടിയാണ് ക്യാപ്റ്റന്‍ കൂടിയായ മാക്‌സ്‌വെല്‍ ഗംഭീര പ്രകടനം പുറത്തെടുത്തത്. ഐ.പി.എല്ലില്‍ അടക്കം തുടര്‍ന്ന മോശം ഫോമിന്റെ പേരില്‍ തന്റെ കാലം അവസാനിച്ചെന്ന് മുദ്ര കുത്തിയവര്‍ക്കുള്ള മറുപടി കൂടിയാണ് ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരം ബാറ്റിലൂടെ നല്‍കിയത്.
ഒക്‌ലാന്‍ഡ് കൊളീസിയത്തില്‍ നടന്ന മത്സരത്തില്‍ ലോസ് ആഞ്ചലസ് നൈറ്റ് റൈഡേഴ്‌സിനെതിരെ വെടിക്കെട്ട് സെഞ്ച്വറിയുമായി തിളങ്ങിയാണ് മാക്‌സ്‌വെല്‍ കരുത്തുകാട്ടിയത്. 49 പന്ത് നേരിട്ട് പുറത്താകാതെ 106 റണ്‍സാണ് മാക്‌സി അടിച്ചെടുത്തത്.
