ചെന്നൈ: റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍. രവി ലോക് ഭവനില്‍ ഒരുക്കിയ പരമ്പരാഗതമായ ‘അറ്റ് ഹോം’ വിരുന്നില്‍ നിന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും മന്ത്രിമാരും വിട്ടുനിന്നു. ഗവര്‍ണറും സംസ്ഥാന സര്‍ക്കാരും തമ്മില്‍ നിലനില്‍ക്കുന്ന രാഷ്ട്രീയ ഭിന്നതകളുടെ പശ്ചാത്തലത്തിലാണ് വിരുന്നില്‍ നിന്ന് വിട്ടു നിന്നത്.
റിപ്പബ്ലിക് ദിനത്തിലും സ്വാതന്ത്ര്യ ദിനത്തിലും ഗവര്‍ണര്‍ തന്റെ ഔദ്യോഗിക വസതിയില്‍ നടത്തുന്ന ഉദ്യാന വിരുന്നില്‍ ഇത്തവണ സംസ്ഥാന സര്‍ക്കാരിനെ പ്രതിനിധീകരിച്ച് ഉന്നത ഉദ്യോഗസ്ഥര്‍ മാത്രമാണ് പങ്കെടുത്തത്. ചീഫ് സെക്രട്ടറി എന്‍. മുരുഗാനന്ദം, ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ധീരജ് കുമാര്‍ എന്നിവര്‍ ചടങ്ങിലെത്തി.
മുഖ്യമന്ത്രിയും ഭരണകക്ഷി നേതാക്കളും വിട്ടുനിന്നപ്പോള്‍ പ്രതിപക്ഷ കക്ഷികള്‍ വിരുന്നില്‍ സജീവമായി. എ.ഐ.എ.ഡി.എം.കെയെ പ്രതിനിധീകരിച്ച് മുന്‍ മന്ത്രി ഡി. ജയകുമാര്‍, ബി.ജെ.പി നേതാവ് നൈനാര്‍ നാഗേന്ദ്രന്‍, ഡി.എം.ഡി.കെ നേതാവ് എല്‍. സുധീഷ് എന്നിവര്‍ പങ്കെടുത്തു. മുന്‍ ഗവര്‍ണര്‍ ഡോ. തമിഴിസൈ സൗന്ദരരാജന്‍, ടി.എം.സി സ്ഥാപകന്‍ ജി.കെ. വാസന്‍, പ്രതിരോധ സേനയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരും വിരുന്നിലെ അതിഥികളായിരുന്നു.
ഗവര്‍ണര്‍ ആര്‍.എന്‍. രവിയും ഭാര്യ ലക്ഷ്മി രവിയും ചേര്‍ന്നാണ് അതിഥികളെ സ്വീകരിച്ചത്.
ബദല്‍ പരിപാടികളുമായി സ്റ്റാലിന്‍ രാവിലെ ചെന്നൈ മറീന ബീച്ചില്‍ നടന്ന ഔദ്യോഗിക റിപ്പബ്ലിക് ദിനാഘോഷത്തില്‍ ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനൊപ്പം പങ്കെടുത്തു. എന്നാല്‍ വൈകുന്നേരത്തെ വിരുന്നിന് പകരം രാഷ്ട്രീയ പരിപാടികള്‍ക്കാണ് അദ്ദേഹം മുന്‍ഗണന നല്‍കിയത്. തഞ്ചാവൂരിലെ സെങ്കിപ്പട്ടിയില്‍ നടന്ന ഡി.എം.കെ വനിതാ വിഭാഗം സമ്മേളനത്തില്‍ പങ്കെടുത്ത അദ്ദേഹം, നൂറുകണക്കിന് പുതിയ പ്രവര്‍ത്തകരെ പാര്‍ട്ടിയിലേക്ക് സ്വീകരിക്കുകയും ചെയ്തു.
content highlight: MK Stalin, Tamil Nadu Ministers Skip Governor’s At Home Reception On R-Day