| Monday, 18th November 2024, 2:16 pm

മമ്മൂക്ക പറഞ്ഞിട്ടാണ് വിളിക്കുന്നതെന്ന് കേട്ടതും ഞാന്‍ ഞെട്ടി; പ്ലാന്‍ ചെയ്തതൊന്നും ചോദിക്കാനായില്ല: മിയ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സീരിയലിലൂടെ അഭിനയ രംഗത്തേക്ക് വന്ന നടിയാണ് മിയ ജോര്‍ജ്. 2010ല്‍ പുറത്തിറങ്ങിയ ഒരു സ്‌മോള്‍ ഫാമിലി എന്ന ചിത്രത്തിലൂടെയാണ് നടി തന്റെ സിനിമാ കരിയര്‍ ആരംഭിക്കുന്നത്. മുമ്പ് നന്‍പകല്‍ നേരത്ത് മയക്കം എന്ന സിനിമയുടെ സമയത്ത് മമ്മൂട്ടിയുമായി മിയ നടത്തിയ അഭിമുഖം വലിയ രീതിയില്‍ ശ്രദ്ധനേടിയിരുന്നു.

മമ്മൂട്ടി കമ്പനിക്ക് വേണ്ടിയായിരുന്നു മിയ ആ അഭിമുഖം നടത്തിയത്. അന്ന് മമ്മൂട്ടി കമ്പനിയില്‍ നിന്ന് വിളിച്ചതിനെ കുറിച്ചും ആ അഭിമുഖത്തെ കുറിച്ചും പറയുകയാണ് മിയ ജോര്‍ജ്. പത്താം ക്ലാസ് പരീക്ഷക്ക് പോലും താന്‍ ഇത്ര പഠിച്ചിരുന്നില്ലെന്നാണ് നടി പറയുന്നത്. റെഡ് എഫ്.എം. മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മിയ.

‘ഞാന്‍ ഒരു പരിപാടി കഴിഞ്ഞ് വണ്ടിയില്‍ പോകുമ്പോഴാണ് എനിക്ക് ഒരു കോള്‍ വരുന്നത്. ‘മമ്മൂക്കയുടെ നന്‍പകല്‍ നേരത്ത് മയക്കം എന്ന സിനിമ റിലീസാകാന്‍ പോകുകയാണ്. മമ്മൂട്ടി കമ്പനിയുടെ യൂട്യൂബ് ചാനലിന് വേണ്ടി മമ്മൂക്കയെ ഒന്ന് ഇന്റര്‍വ്യു ചെയ്യാനായി മിയയെ വിളിക്കാന്‍ പറഞ്ഞു’ എന്നാണ് എന്നോട് പറഞ്ഞത്.

ഞാന്‍ അത് കേട്ടതും ഞെട്ടി. ആരാണ് എന്നെ വിളിക്കാന്‍ പറഞ്ഞതെന്ന് ചോദിച്ചപ്പോള്‍ മമ്മൂക്കയാണ് മിയയെ വിളിക്കാന്‍ പറഞ്ഞത് എന്നായിരുന്നു മറുപടി. അത് കേട്ടതും ഞാന്‍ വീണ്ടും ഞെട്ടി. ഞാന്‍ സത്യത്തില്‍ അതുവരെ ആരെയും ഇന്റര്‍വ്യു ചെയ്തിരുന്നില്ല.

ഞാന്‍ ഓരോ ഇന്റര്‍വ്യൂവിന് പോയിരിക്കാറുണ്ടെന്നേയുള്ളൂ. അവിടെ എന്നെയാണ് ഓരോരുത്തരും ഇന്റര്‍വ്യു ചെയ്യുന്നത്. അല്ലാതെ ഞാന്‍ ആരെയും ഇന്റര്‍വ്യു ചെയ്തിരുന്നില്ല. ആ ഇന്റര്‍വ്യൂവിന് വേണ്ടിയുള്ള തയ്യാറെടുപ്പിനായി ഒരു രാത്രിയും ഒരു പകലുമാണ് എനിക്ക് ലഭിച്ചത്.

പക്ഷെ സംഭവിച്ചത് എന്താണെന്ന് ചോദിച്ചാല്‍, ഞാന്‍ പ്ലാന്‍ ചെയ്ത ഒരു കാര്യവും അവിടെ ചോദിക്കാന്‍ എനിക്ക് സാധിച്ചില്ല. പത്താം ക്ലാസ് പരീക്ഷക്ക് പോലും ഞാന്‍ ഇത്ര പഠിച്ചിരുന്നില്ല എന്നതാണ് സത്യം,’ മിയ പറയുന്നു.

Content Highlight: Miya George Talks About Mammootty

Latest Stories

We use cookies to give you the best possible experience. Learn more