| Tuesday, 22nd April 2025, 2:32 pm

ചിരിക്കാത്ത മുഖവുമായി അദ്ദേഹത്തെ ഞാന്‍ ഒരിക്കലും കണ്ടിട്ടില്ല: മിയ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ദില്ലിവാലാ രാജകുമാരന്‍ എന്ന സിനിമയില്‍ അസിസ്റ്റന്റ് ഡയറക്ടറായായി സിനിമാജീവിതം ആരംഭിച്ച വ്യക്തിയാണ് ഷാഫി. 2001 ല്‍ വണ്‍ മാന്‍ ഷോയിലൂടെ അദ്ദേഹം സ്വതന്ത്ര സംവിധായകനായി. തുടര്‍ന്ന് കല്യാണരാമന്‍, തൊമ്മനും മക്കളും, മായാവി, പുലിവാല്‍ കല്യാണം, ചട്ടമ്പിനാട്, ചോക്ലേറ്റ്, മേരിക്കുണ്ടൊരു കുഞ്ഞാട്, മേക്കപ്പ്മാന്‍, ടു കണ്‍ട്രീസ്, ഷെര്‍ലക്ക് ടോംസ് എന്നിവയടക്കം 18 സിനിമകള്‍ ഷാഫി മലയാള സിനിമ പ്രേമികള്‍ക്ക് സമ്മാനിച്ചു.

സംവിധായകന്‍ ഷാഫിയെ കുറിച്ച് സംസാരിക്കുകയാണ് ഇപ്പോള്‍ മിയ.

ഷാഫിയെ പറ്റി പറയുമ്പോള്‍ അദ്ദേഹത്തിന്റെ ചിരിച്ച മുഖമാണ് എപ്പോഴും തനിക്ക് ഓര്‍മ വരികയെന്നും ചിരിക്കാത്ത മുഖവുമായി താന്‍ അദ്ദേഹത്തെ ഒരിക്കലും കണ്ടിട്ടില്ലെന്നും മിയ പറയുന്നു. ഷാഫി ഒരുപാട് കഥകള്‍ പറയാറുണ്ടായിരുന്നുവെന്നും സെറ്റിലെ അനുഭവങ്ങളും തമാശകളും എല്ലാം തന്നെ തങ്ങളോട് പങ്കുവെക്കാറുണ്ടായിരുന്നുവെന്നും മിയ പറയുന്നു. അദ്ദേഹം ശരിക്കും ഒരു എന്റര്‍ടെയ്‌നര്‍ ആയിരുന്നുവെന്നും സംഭാഷണങ്ങളില്‍ എപ്പോഴും ഒരു ഫണ്‍ എലമെന്റ് ഉണ്ടാകാറുണ്ടായിരുന്നുവെന്നും മിയ കൂട്ടിച്ചേര്‍ത്തു.
അമൃത ടി.വിയിലെ ഓര്‍മയിലെന്നും എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മിയ.

‘ഷാഫി സാര്‍ എന്ന് പറയുമ്പോഴെ എന്റെ മനസിലേക്ക് ആദ്യം വരുന്നത് അദ്ദേഹത്തിന്റെ ചിരിച്ച മുഖമാണ്. ചിരിക്കാത്ത ഒരു മുഖവുമായി ഞാന്‍ ഷാഫി സാറിനെ കണ്ടിട്ടേയില്ല എന്ന് തന്നെ പറയാം. ഷെര്‍ലെക് ടോംസ് എന്ന സിനിമയാണ് ഞാന്‍ സാറിന്റെ ചെയ്തത്. ഷൂട്ടിങ് ആകുമ്പോള്‍ തീര്‍ച്ചയായും അതിന്റെ ടെന്‍ഷനൊക്കെ ഉണ്ടാകും. ഷൂട്ടിന്റെ സമയത്ത് മഴ പെയ്യുകയാണെങ്കില്‍ തന്നെ ടെന്‍ഷന്‍ ആകുന്ന ഒരുപാട് ആളുകളെ നമ്മള്‍ കാണാറുണ്ട്. പക്ഷേ ഒരിക്കലും ഷാഫി സാറിനെ അങ്ങനെ വല്ലാതെ ടെന്‍ഷന്‍ ആയിട്ടോ, ചിരിക്കാത്ത മുഖവുമായിട്ട് ഷാഫി സാറിനെ ഞാന്‍ കണ്ടിട്ടില്ല. സാര്‍ ഒരു എന്റര്‍ടെയ്‌നര്‍ തന്നെയായിരുന്നു.

സാര്‍ ഒരുപാട് കഥകള്‍ പറയുമായിരുന്നു. സാറിന്റെ സിനിമകളിലെ തന്നെ തമാശ സീനുകള്‍ എടുത്തപ്പോള്‍ ഉണ്ടായ അനുഭവങ്ങളും, അതിലെ തമാശകളും പറയാറുണ്ടായിരുന്നു. എപ്പോഴും എല്ലാ കാര്യങ്ങളും എന്തെങ്കിലും ഒരു ഫണ്‍ എലമെന്റ് കൂട്ടിച്ചേര്‍ത്തായിരിക്കും ഷാഫി സാര്‍ പറയാറുള്ളത്. സ്വന്തം കുടുംബത്തെ പോലും സാര്‍ വെറുതെ വിടാറില്ലെന്ന് പറയാം. മക്കള്‍ ഉണ്ടാക്കിയ തമാശകള്‍ പോലും ‘എന്റെ മോള്‍ ഒരു ദിവസം പറയുവാണ്’ എന്നൊക്കെ പറഞ്ഞ് ഒരുപാട് കഥകള്‍ സാര്‍ നമ്മുടെ അടുത്ത് പറയുമായിരുന്നു. അദ്ദേഹത്തിന്റെ ഒരു ചിരിച്ച മുഖമേ എന്നും എന്റെ മനസില്‍ ഉണ്ടാകുകയുള്ളൂ,’ മിയ പറയുന്നു.

Content Highlight: Miya about director Shafi.

We use cookies to give you the best possible experience. Learn more