| Saturday, 22nd February 2025, 9:48 am

പണിയിലെ ആ കഥാപാത്രം ഞാന്‍ ചെയ്യേണ്ടതായിരുന്നു, ജോജുവിന്റെ തമിഴ് സിനിമ കാരണം എനിക്കത് ചെയ്യാന്‍ കഴിഞ്ഞില്ല: മിഥുന്‍ രമേശ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഫാസില്‍ സംവിധാനം ചെയ്ത ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ എന്ന ചിത്രത്തിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്ന നടനാണ് മിഥുന്‍ രമേശ്. പിന്നീട് നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ അവതരിപ്പിച്ച് മിഥുന്‍ ശ്രദ്ധേയനായി. നടന്‍ എന്നതിലുപരി റേഡിയോ ജോക്കി, ചാനല്‍ അവതാരകന്‍ എന്നീ നിലകളിലും മിഥുന്‍ പ്രേക്ഷകര്‍ക്ക് പരിചിതനാണ്.

ജോജു ജോര്‍ജ് ആദ്യമായി സംവിധായക കുപ്പായമണിഞ്ഞ പണി എന്ന ചിത്രത്തില്‍ താനും ഒരു വേഷം ചെയ്യേണ്ടിയിരുന്നതാണെന്ന് പറയുകയാണ് മിഥുന്‍. ജോജുവുമായി സെവന്‍സ് എന്ന ചിത്രത്തിലൂടെയാണ് കൂടുതലായി അടുത്തതെന്നും ആ ഒരു സൗഹൃദത്തിന്റെ പുറത്താണ് ജോജു തന്നെ പണിയിലേക്ക് പരിഗണിച്ചതെന്നും മിഥുന്‍ കൂട്ടിച്ചേര്‍ത്തു.

പണിയില്‍ സുജിത് ശങ്കര്‍ ചെയ്ത കഥാപാത്രം താനായിരുന്നു ചെയ്യേണ്ടിയിരുന്നതെന്നും ആ സിനിമ ജോജു വളരെ ശ്രദ്ധയോടെ ചെയ്ത ഒന്നായിരുന്നെന്നും മിഥുന്‍ പറഞ്ഞു. 20 ദിവസത്തെ ഡേറ്റായിരുന്നു ജോജു ചോദിച്ചതെന്നും താന്‍ അതിനനുസരിച്ച് ലീവിന് അപേക്ഷിച്ചെന്നും മിഥുന്‍ കൂട്ടിച്ചേര്‍ത്തു. ജോജു ഓര്‍ഡറിലാണ് സിനിമ ചെയ്തതെന്നും അതിനനുസരിച്ചാണ് എല്ലാം പറഞ്ഞുവെച്ചതെന്നും മിഥുന്‍ പറയുന്നു.

എന്നാല്‍ അതിനിടയിലാണ് ജോജു ഒരു തമിഴ് സിനിമ ചെയ്യാന്‍ പോയതെന്നും അപ്പോള്‍ ലീവ് മാറ്റേണ്ടി വന്നെന്നും മിഥുന്‍ പറഞ്ഞു. മറ്റ് ആര്‍ട്ടിസ്റ്റുകള്‍ക്ക് അത്തരം പ്രശ്‌നമുണ്ടായില്ലെന്നും താന്‍ രണ്ട് തവണ ലീവ് മാറ്റേണ്ടി വന്നെന്നും മിഥുന്‍ കൂട്ടിച്ചേര്‍ത്തു. ഒരുവട്ടം കൂടി ലീവ് മാറ്റിയാല്‍ പ്രശ്‌നമാകുമെന്ന് അറിഞ്ഞപ്പോള്‍ താന്‍ അതില്‍ നിന്ന് പിന്മാറിയെന്നും മിഥുന്‍ പറഞ്ഞു. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിനോട് സംസാരിക്കുകയായിരുന്നു മിഥുന്‍ രമേശ്.

‘പണി എനിക്ക് ചെയ്യാന്‍ പറ്റാതെപോയ സിനിമയായിരുന്നു. ജോജുവും ഞാനും തമ്മില്‍ സെവന്‍സ് തൊട്ടുള്ള ആത്മബന്ധമാണ്. ആ സിനിമക്ക് മുമ്പ് ജോജുവിനെ അറിയാമായിരുന്നെങ്കിലും ആ പടത്തിന് ശേഷമാണ് കൂടുതല്‍ കമ്പനിയായത്. ആ ഒരു ബന്ധത്തിന്റെ പുറത്താണ് ജോജു എന്നെ പണിയിലേക്ക് വിളിച്ചത്. സുജിത് ശങ്കര്‍ ചെയ്ത ക്യാരക്ടറിലേക്കായിരുന്നു എന്നെ വിളിച്ചത്.

ജോജു വളരെ ശ്രദ്ധയോടെ ചെയ്ത പടമായിരുന്നു. അവന്‍ അത് ഓര്‍ഡറിലാണ് ഷൂട്ട് ചെയ്യുന്നത്. 20 ദിവസത്തെ ഡേറ്റായിരുന്നു ചോദിച്ചത്. അതിനനുസരിച്ച് ഞാന്‍ ഓഫീസില്‍ നിന്ന് ലീവെടുക്കുകയും ചെയ്തു. പക്ഷേ, അതിന്റെ ഇടയില്‍ ജോജുവിന് ഒരു തമിഴ് പടം ചെയ്യേണ്ടി വന്നു. അതോടെ രണ്ട് തവണ ലീവ് മാറ്റി. ബാക്കി ആര്‍ട്ടിസ്റ്റുകള്‍ക്ക് ഡേറ്റ് മാറിയത് ഒരു പ്രശ്‌നമായിരുന്നില്ല. എനിക്ക് അതൊരു ഇഷ്യൂ ആയി മാറിയതുകൊണ്ട് ആ പടത്തില്‍ നിന്ന് ഞാന്‍ പിന്മാറി,’ മിഥുന്‍ രമേശ് പറഞ്ഞു.

Content Highlight: Mithun Ramesh saying that he was to play a character in Pani movie

We use cookies to give you the best possible experience. Learn more