| Thursday, 8th May 2025, 9:00 pm

ആവേശം പോലൊരു സിനിമയിലൂടെ അരങ്ങേറാനുള്ള ഭാഗ്യം ആര്‍ക്കും ലഭിക്കില്ല, അതിനെക്കാള്‍ സന്തോഷം തന്നത് മറ്റൊരു കാര്യമാണ്: മിഥുന്‍ ജയ് ശങ്കര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായിരുന്നു ആവേശം. രോമാഞ്ചത്തിന് ശേഷം ജിത്തു മാധവന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ഫഹദ് ഫാസിലായിരുന്നു നായകന്‍. ബോക്‌സ് ഓഫീസില്‍ നിന്ന് 150 കോടിക്കുമുകളില്‍ നിന്ന് സ്വന്തമാക്കിയ ചിത്രം കേരളത്തിന് പുറത്തും ചര്‍ച്ചചെയ്യപ്പെട്ടു. ഫഹദിനൊപ്പം ഒരുപിടി പുതുമുഖങ്ങളും ചിത്രത്തില്‍ അണിനിരന്നിരുന്നു.

അതില്‍ പ്രധാനവേഷത്തിലെത്തിയ നടനായിരുന്നു മിഥുന്‍ ജയ് ശങ്കര്‍. ബിബിന്‍ എന്ന കഥാപാത്രത്തെയാണ് മിഥുന്‍ അവതരിപ്പിച്ചത്. ഒ.ടി.ടി റിലീസിന് പിന്നാലെ മിഥുന്റെ കഥാപാത്രവും വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. തിയേറ്ററുകളില്‍ മികച്ച രീതിയില്‍ പ്രദര്‍ശനം തുടരുന്ന ടൂറിസ്റ്റ് ഫാമിലിയിലും മിഥുന്‍ പ്രധാനവേഷം കൈകാര്യം ചെയ്യുന്നുണ്ട്.

നിതുശന്‍ എന്ന കഥാപാത്രമായി മികച്ച പ്രകടനമാണ് മിഥുന്‍ കാഴ്ചവെച്ചത്. തമിഴിലെ അരങ്ങേറ്റം തന്നെ ഗംഭീരമാക്കാന്‍ മിഥുന് സാധിച്ചു. ഇപ്പോഴിതാ ടൂറിസ്റ്റ് ഫാമിലിയെക്കുറിച്ച് സംസാരിക്കുകയാണ് മിഥുന്‍ ജയ് ശങ്കര്‍. തന്റെ ആദ്യചിത്രം ആവേശമായിരുന്നെന്നും അത്തരമൊരു സിനിമയിലൂടെ അരങ്ങേറുന്നത് തന്നെ സംബന്ധിച്ച് വലിയ കാര്യമാണെന്ന് മിഥുന്‍ പറഞ്ഞു.

അത്തരമൊരു വലിയ സിനിമയില്‍ പ്രധാനപ്പെട്ട ഒരു കഥാപാത്രമായി അരങ്ങേറാനുള്ള ഭാഗ്യം അധികം ആര്‍ക്കും ലഭിക്കില്ലെന്നും മിഥുന്‍ ജയ് ശങ്കര്‍ കൂട്ടിച്ചേര്‍ത്തു. തമിഴിലെ തന്റെ ആദ്യചിത്രവും കരിയറിലെ രണ്ടാമത്തെ ചിത്രവുമാണ് ടൂറിസ്റ്റ് ഫാമിലിയെന്നും ആവേശം പോലൊരു സിനിമ ചെയ്തതിന് പിന്നാലെ ടൂറിസ്റ്റ് ഫാമിലി പോലൊരു സിനിമയുടെ ഭാഗമാകുന്നത് തനിക്ക് സന്തോഷം നല്‍കിയെന്നും മിഥുന്‍ പറഞ്ഞു. ടൂറിസ്റ്റ് ഫാമിലിയുടെ പ്രൊമോഷന്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മിഥുന്‍ ജയ് ശങ്കര്‍.

‘എന്റെ ആദ്യത്തെ സിനിമ ആവേശം ആയിരുന്നു. വലിയൊരു ബജറ്റിലാണ് ആ സിനിമ വന്നത്. അത്തരമൊരു സിനിമയില്‍ പ്രധാനപ്പെട്ട കഥാപാത്രങ്ങളിലൊരാളായാണ് ഞാന്‍ വേഷമിട്ടത്. ആവേശം പോലൊരു സിനിമ ആദ്യചിത്രമാവുക എന്നത് അധികം ആര്‍ക്കും കിട്ടുന്ന ഭാഗ്യമല്ല. എന്നാല്‍ അതിന് ശേഷം എനിക്ക് അവസരം കിട്ടിയത് ടൂറിസ്റ്റ് ഫാമിലിയിലാണ്.

ആവേശം പോലൊരു സിനിമ ആദ്യചിത്രമാകുന്നത് എത്രമാത്രം വലിയ കാര്യമാണോ അതുപോലെ തന്നെ ഭാഗ്യമാണ് രണ്ടാമത്തെ സിനിമയായി ടൂറിസ്റ്റ് ഫാമിലി പോലൊരു പടത്തില്‍ അവസരം കിട്ടുക എന്നത്. ആ ഒരു കാര്യത്തില്‍ എനിക്ക് ഒരുപാട് സന്തോഷമുണ്ട്. കാരണം ഇത്രയും ഭാഗ്യം എനിക്ക് കിട്ടുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല,’ മിഥുന്‍ ജയ് ശങ്കര്‍ പറയുന്നു.

Content Highlight: Mithun Jai Shankar about Aavesham and Tourist Family movie

We use cookies to give you the best possible experience. Learn more