ഈ പരമ്പരയും 5-0ന് ജയിക്കുമോ? മുമ്പ് ഇങ്ങനെ സംഭവിച്ചപ്പോഴെല്ലാം തന്നെ കങ്കാരുക്കരുത്ത് ലോകമറിഞ്ഞതാണ്
Ashes
ഈ പരമ്പരയും 5-0ന് ജയിക്കുമോ? മുമ്പ് ഇങ്ങനെ സംഭവിച്ചപ്പോഴെല്ലാം തന്നെ കങ്കാരുക്കരുത്ത് ലോകമറിഞ്ഞതാണ്
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 8th December 2025, 6:55 am

ആഷസ് പരമ്പരയ്ക്കുള്ള ഇംഗ്ലണ്ടിന്റെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ രണ്ടാം മത്സരത്തിലും ആതിഥേയര്‍ വിജയിച്ചിരിക്കുകയാണ്. തങ്ങളുടെ കോട്ടകളിലൊന്നായ ഗാബയില്‍ നടന്ന മത്സരത്തില്‍ എട്ട് വിക്കറ്റിന്റെ വിജയമാണ് കങ്കാരുപ്പട സ്വന്തമാക്കിയത്. ഇംഗ്ലണ്ട് ഉയര്‍ത്തിയ 65 റണ്‍സിന്റെ ലക്ഷ്യം ഒട്ടും വിയര്‍ക്കാതെ സ്മിത്തും സംഘവും മറികടന്നു.

സ്‌കോര്‍

ഇംഗ്ലണ്ട് – 334 & 241

ഓസ്‌ട്രേലിയ – 511 & 69/2 (T:65)

Photo: cricket.com.aus/x.com

ഈ വിജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ രണ്ട് മത്സങ്ങളില്‍ അവസാനിക്കുമ്പോള്‍ ആതിഥേയര്‍ 2-0ന് മുമ്പിലാണ്.

സൂപ്പര്‍ താരം മിച്ചല്‍ സ്റ്റാര്‍ക്കിന്റെ കരുത്തിലാണ് ഓസ്‌ട്രേലിയ വിജയം സ്വന്തമാക്കിയത്. ബാറ്റ് കൊണ്ടും ബോളുകൊണ്ടും ഒരുപോലെ തിളങ്ങിയ സ്റ്റാര്‍ക് ബെന്‍ സ്‌റ്റോക്‌സിനും സംഘത്തിനും ദുസ്വപ്‌നങ്ങള്‍ സമ്മാനിച്ചുകൊണ്ടേയിരുന്നു.

മത്സരത്തില്‍ കാഴ്ചവെച്ച മികച്ച പ്രകടനം സ്റ്റാര്‍ക്കിനെ കളിയിലെ താരവുമാക്കിയിരുന്നു. പരമ്പരയിലെ ആദ്യ മത്സരത്തിലും പ്ലെയര്‍ ഓഫ് ദി മാച്ച് മിച്ചല്‍ സ്റ്റാര്‍ക് തന്നെയായിരുന്നു.

View this post on Instagram

A post shared by ESPNcricinfo (@espncricinfo)

ആഷസ് പരമ്പരയിലെ ആദ്യ രണ്ട് മത്സരത്തിലും കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെടുന്ന മൂന്നാം താരമാണ് സ്റ്റാര്‍ക്. റിക്കി പോണ്ടിങ് (2006/07), മിച്ചല്‍ ജോണ്‍സണ്‍ (2013/14) എന്നിവരാണ് ഇതിന് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയ താരങ്ങള്‍.

ഈ രണ്ട് തവണയും ഓസീസ് ഇംഗ്ലണ്ടിനെ ഒറ്റ മത്സരം പോലും വിജയിക്കാന്‍ അനുവദിക്കാതെ ക്ലീന്‍ സ്വീപ് വിജയം സ്വന്തമാക്കിയിരുന്നു. അതേ സംഭവം ഇത്തവണയും ആവര്‍ത്തിക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിങ്‌സില്‍ 6 വിക്കറ്റുകളാണ് സ്റ്റാര്‍ക് പിഴുതെറിഞ്ഞത്. ഹാരി ബ്രൂക്കും ഒലി പോപ്പും അടക്കമുള്ളവര്‍ സ്റ്റാര്‍ക്കിന്റെ വേഗതയറിഞ്ഞു.

ആദ്യ ഇന്നിങ്‌സില്‍ ബെന്‍ സ്റ്റോക്‌സ് റണ്‍ ഔട്ടായപ്പോള്‍ ഒമ്പത് വിക്കറ്റുകളാണ് ഓസ്‌ട്രേലിയന്‍ ബൗളിങ് യൂണിറ്റിന്റെ പേരില്‍ കുറിക്കപ്പെട്ടത്. ഇതില്‍ ആറും സ്റ്റാര്‍ക്കിന്റെ പേരിലായിരുന്നു എന്നതാണ് രസകരമായ വസ്തുത.

ആതിഥേയര്‍ മികച്ച ഒന്നാം ഇന്നിങ്‌സ് ലീഡ് നേടിയപ്പോള്‍ സ്റ്റാര്‍ക്കിന്റെ സംഭാവന ബാറ്റിങ്ങിലും നിര്‍ണായകമായി. 141 പന്ത് നേരിട്ട് 13 ഫോറിന്റെ അകമ്പടിയോടെ 77 റണ്‍സാണ് സ്റ്റാര്‍ക് നേടിയത്. ഒന്നാം ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയക്കായി ഏറ്റവുമധികം റണ്‍സ് നേടിയതും ഏറ്റവുമധികം പന്തുകള്‍ നേരിട്ടതും സ്റ്റാര്‍ക്കാണ്. കങ്കാരുപ്പടയില്‍ നൂറിലധികം പന്ത് നേരിട്ട ഏക താരവും സ്റ്റാര്‍ക് തന്നെ.

മിച്ചല്‍ സ്റ്റാര്‍ക് മത്സരത്തിനിടെ. Photo: Rafi/x.com

 

രണ്ടാം ഇന്നിങ്‌സില്‍ മൈക്കല്‍ നെസര്‍ അഞ്ച് വിക്കറ്റുമായി കളം നിറഞ്ഞപ്പോള്‍ രണ്ട് വിക്കറ്റുകളാണ് സ്റ്റാര്‍ക്കിന് സ്വന്തമാക്കാന്‍ സാധിച്ചത്. കരിയറിലെ നാലാം ടെന്‍ഫറിന്  രണ്ട് വിക്കറ്റകലെ സ്റ്റാര്‍ക്കിന് മത്സരം അവസാനിപ്പിക്കേണ്ടി വന്നിരുന്നു.

ഡിസംബര്‍ 17നാണ് ആഷസ് പരമ്പരയിലെ മൂന്നാം മത്സരം. അഡ്‌ലെയ്ഡാണ് വേദി.

 

Content Highlight: Mitchell Starc wins POTM award in 1st two tests in Ashes 2025-26