ഓസ്‌ട്രേലിയയുടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലെ മൂന്നാം ടെസ്റ്റിലും വിജയം സ്വന്തമാക്കിയ സന്ദര്‍ശകര്‍ പരമ്പര ക്ലീന്‍ സ്വീപ് ചെയ്ത് സ്വന്തമാക്കിയിരുന്നു. ആദ്യ രണ്ട് മത്സരവും വിജയിച്ച ഓസീസ് സബീന പാര്‍ക്കില്‍ നടന്ന ഡെഡ് റബ്ബര്‍ മത്സരത്തില്‍ 176 റണ്‍സിന്റെ വിജയമാണ് സ്വന്തമാക്കിയത്.
കങ്കാരുക്കള്‍ ഉയര്‍ത്തിയ 204 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ വിന്‍ഡീസ് വെറും 27 റണ്‍സിന് പുറത്തായി.
സൂപ്പര്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ കരുത്തിലാണ് ഓസീസ് അനായാസ വിജയം സ്വന്തമാക്കിയത്. 7.3 ഓവര്‍ പന്തെറിഞ്ഞ സ്റ്റാര്‍ക് വെറും ഒമ്പത് റണ്‍സ് മാത്രം വഴങ്ങി ആറ് വിക്കറ്റുകള്‍ വീഴ്ത്തി.
ഇന്നിങ്‌സിലെറിഞ്ഞ ആദ്യ പന്തില്‍ തന്നെ വിക്കറ്റ് നേടിയ സ്റ്റാര്‍ക് 2.3 ഓവറിനകം തന്നെ അഞ്ച് വിക്കറ്റ് നേട്ടവും സ്വന്തമാക്കിയിരുന്നു. വെറും രണ്ട് റണ്‍സ് മാത്രമാണ് അഞ്ച് വിക്കറ്റ് സ്വന്തമാക്കുന്നതിവനിടെ സ്റ്റാര്‍ക് വഴങ്ങിയത്.
W, 0, 0, 0, W, W, 0, 0, 0, 0, 0, 0, W, 2, W, 0, 4, 0 എന്നിങ്ങനെയാണ് തന്റെ ആദ്യ മൂന്ന് ഓവറിലെ സ്റ്റാര്‍ക്കിന്റെ പ്രകടനം.
എറിഞ്ഞ 15ാം പന്തില്‍ തന്നെ ഫൈഫര്‍ പൂര്‍ത്തിയാക്കിയതോടെ ഒരു ചരിത്ര നേട്ടവും താരം സ്വന്തമാക്കി. ഏറ്റവും കുറവ് പന്തുകളില്‍ ടെസ്റ്റ് ഫൈഫര്‍ പൂര്‍ത്തിയാക്കുന്ന താരമെന്ന റെക്കോഡാണ് സ്റ്റാര്‍ക് സ്വന്തമാക്കിയത് 19 പന്തില്‍ മൂന്ന് താരങ്ങള്‍ നേടിയ റെക്കോഡ് മറികടന്നാണ് സ്റ്റാര്‍ക് ഒന്നാമതെത്തിയത്.
The best figures by a bowler playing in their 100th Test 🙌
നേരത്തെ, മത്സരത്തിന്റെ ആദ്യ ഇന്നിങ്‌സില്‍ 13 ഓവര്‍ പന്തെറിഞ്ഞെങ്കിലും ഒറ്റ വിക്കറ്റ് മാത്രമാണ് സ്റ്റാര്‍ക്കിന് സ്വന്തമാക്കാന്‍ സാധിച്ചത്. എന്നാല്‍ അതിന്റെ സകല നിരാശയും തീര്‍ത്തുകൊണ്ടാണ് താരം രണ്ടാം ഇന്നിങ്‌സില്‍ പന്തെറിഞ്ഞത്.
രണ്ടാം ഇന്നിങ്‌സിലെ കൊടുങ്കാറ്റിന് പിന്നാലെ കളിയിലെ താരമായും സ്റ്റാര്‍ക്കിനെ തെരഞ്ഞെടുത്തു. പരമ്പരയുടെ താരവും സ്റ്റാര്‍ക് തന്നെ.
വിന്‍ഡീസിനെതിരായ വിജയത്തിന് പിന്നാലെ വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് 2025-27 സൈക്കിളില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ് ഓസീസ്. കളിച്ച മൂന്ന് മത്സരത്തിലും വിജയിച്ച് 100.00 എന്ന പോയിന്റ് ശതമാനത്തോടെയാണ് കങ്കാരുക്കള്‍ ഒന്നാമത് തുടരുന്നത്.
Content Highlight: Mitchell Starc tops the list of players who have taken five wickets in the fewest balls.