ആഷസ് ട്രോഫിയില്‍ ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും തമ്മിലുള്ള മത്സരം ഒപ്റ്റസ് സ്റ്റേഡിയത്തില്‍ നടക്കുകയാണ്. ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ട് ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്തിരിക്കുകയാണ്. എന്നാല്‍ മത്സരത്തിലെ ആദ്യ ഓവറില്‍ തന്നെ ഇംഗ്ലണ്ടിന് വമ്പന്‍ തിരിച്ചടിയാണ് ഓസീസ് നല്‍കിയത്.
ഓപ്പണര്‍ സാക്ക് ക്രോളിയെ ആദ്യ ഓവറില്‍ തന്നെ പറഞ്ഞയച്ചിരിക്കുകയാണ് കങ്കാരുപ്പട. ഓപ്പണിങ് ഓവറിനെത്തിയ മിച്ചല്‍ സ്റ്റാര്‍ക്കിനാണ് വിക്കറ്റ്. ക്രോളിയെ ഉസ്മാന്‍ ഖവാജയുടെ കയ്യിലെത്തിച്ചാണ് സ്റ്റാര്‍ക്ക് ത്രീ ലയണ്‍സിന്റെ ആദ്യ ചോര വീഴ്ത്തിയത്.
ആറ് പന്തില്‍ നിന്ന് പൂജ്യം റണ്‍സിനാണ് ക്രോളി മടങ്ങിയത്. ഇതോടെ സ്റ്റാര്‍ തന്റെ സൂപ്പര്‍ സ്‌ട്രൈക്ക് വീണ്ടും ആവര്‍ത്തിക്കുകയാണ്. 2021-22ല്‍ ഓസ്‌ട്രേലിയയില്‍ നടന്ന ആഷസ് മത്സരത്തിലും സ്റ്റാര്‍ക്ക് ആദ്യ ഓവറില്‍ വിക്കറ്റ് നേടിയിരുന്നു. നിലവില്‍ ഇംഗ്ലണ്ടിന് വേണ്ടി ബെന്‍ ഡക്കറ്റും ഒല്ലി പോപ്പുമാണ് ക്രീസിലുള്ളത്.