ഓസ്‌ട്രേലിയയുടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലെ മൂന്നാം ടെസ്റ്റിലും വിജയിച്ച് കങ്കാരുക്കള്‍ പരമ്പര വൈറ്റ് വാഷ് ചെയ്തിരിക്കുകയാണ്. സബീന പാര്‍ക്കില്‍ നടന്ന ഡെഡ് റബ്ബര്‍ മത്സരത്തില്‍ 176 റണ്‍സിന്റെ വിജയം സ്വന്തമാക്കിയാണ് ഓസീസ് കരുത്തുകാട്ടിയത്. കങ്കാരുക്കള്‍ ഉയര്‍ത്തിയ 204 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ വിന്‍ഡീസ് വെറും 27 റണ്‍സിന് പുറത്തായി.
സ്‌കോര്‍
ഓസ്‌ട്രേലിയ: 225 & 121
വെസ്റ്റ് ഇന്‍ഡീസ്: 143 & 27 (T: 204)
Australia’s fast bowlers make an all-time statement 😲
സൂപ്പര്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ കരുത്തിലാണ് ഓസീസ് വിജയം പിടിച്ചടക്കിയത്. 7.3 ഓവര്‍ പന്തെറിഞ്ഞ താരം വെറും ഒമ്പത് റണ്‍സ് മാത്രം വഴങ്ങി ആറ് വിക്കറ്റുകള്‍ വീഴ്ത്തി.
ജോണ്‍ കാംപ്‌ബെല്‍, മികൈല്‍ ലൂയീസ്, കെവ്‌ലോണ്‍ ആന്‍ഡേഴ്‌സണ്‍, ബ്രാന്‍ഡന്‍ കിങ്, ഷായ് ഹോപ്, ജെയ്ഡന്‍ സീല്‍സ് എന്നിവരെയാണ് സ്റ്റാര്‍ക് മടക്കിയത്. ഇതില്‍ നാല് പേരും പൂജ്യത്തിനാണ് പുറത്തായത്.
ഇതോടെ ഒരു ചരിത്ര റെക്കോഡ് നേട്ടത്തില്‍ ഇതിഹാസ താരം ഷെയ്ന്‍ വോണിനെ മറികടന്നിരിക്കുകയാണ് ഓസീസ് സ്പീഡ് ഗണ്‍. ടെസ്റ്റില്‍ ഏറ്റവുമധികം ബാറ്റര്‍മാരെ പൂജ്യത്തിന് പുറത്താക്കുന്ന താരങ്ങളുടെ പട്ടികയിലാണ് സ്റ്റാര്‍ക് ഷെയ്ന്‍ വോണിനെ വെട്ടി എട്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നിരിക്കുന്നത്.
Imposing, relentless and ever-present with ball in hand 😤
ടെസ്റ്റില്‍ ഏറ്റവുമധികം ബാറ്റര്‍മാരെ പൂജ്യത്തിന് പുറത്താക്കിയ ബൗളര്‍മാര്‍
(താരം – ടീം – എത്ര തവണ എന്നീ ക്രമത്തില്‍)
വസീം അക്രം – പാകിസ്ഥാന്‍ – 189
ഗ്ലെന്‍ മക്ഗ്രാത് – ഓസ്‌ട്രേലിയ – 176
മുത്തയ്യ മുരളീധരന്‍ – ശ്രീലങ്ക – 159
ജെയിംസ് ആന്‍ഡേഴ്‌സണ്‍ – ഇംഗ്ലണ്ട് – 159
വഖാര്‍ യൂനിസ് – പാകിസ്ഥാന്‍ – 148
ചാമിന്ദ വാസ് – ശ്രീലങ്ക – 147
ഷോണ്‍ പൊള്ളോക്ക് – സൗത്ത് ആഫ്രിക്ക – 143
മിച്ചല്‍ സ്റ്റാര്‍ക് – ഓസ്‌ട്രേലിയ – 135*
ഷെയ്ന്‍ വോണ്‍ – ഓസ്‌ട്രേലിയ – 132
ഡെയ്ല്‍ സ്‌റ്റെയ്ന്‍ – സൗത്ത് ആഫ്രിക്ക – 123
ബ്രെറ്റ് ലീ – ഓസ്‌ട്രേലിയ – 120
മത്സരത്തിന്റെ ആദ്യ ഇന്നിങ്‌സില്‍ 13 ഓവര്‍ പന്തെറിഞ്ഞെങ്കിലും ഒറ്റ വിക്കറ്റ് മാത്രമാണ് സ്റ്റാര്‍ക്കിന് സ്വന്തമാക്കാന്‍ സാധിച്ചത്. എന്നാല്‍ അതിന്റെ സകല നിരാശയും തീര്‍ത്തുകൊണ്ടാണ് താരം രണ്ടാം ഇന്നിങ്‌സില്‍ പന്തെറിഞ്ഞത്.
രണ്ടാം ഇന്നിങ്‌സിലെ കൊടുങ്കാറ്റിന് പിന്നാലെ കളിയിലെ താരമായും സ്റ്റാര്‍ക്കിനെ തെരഞ്ഞെടുത്തു. പരമ്പരയുടെ താരവും സ്റ്റാര്‍ക് തന്നെ.
വിന്‍ഡീസിനെതിരായ വിജയത്തിന് പിന്നാലെ വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് 2025-27 സൈക്കിളില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ് ഓസീസ്. കളിച്ച മൂന്ന് മത്സരത്തിലും വിജയിച്ച് 100.00 എന്ന പോയിന്റ് പേര്‍സന്റേജൊടെയാണ് കങ്കാരുക്കള്‍ ഒന്നാമത് തുടരുന്നത്.
വിന്‍ഡീസ് പര്യടനത്തിലെ ടി-20 പരമ്പരയാണ് ഇനി ഓസ്‌ട്രേലിയ കളിക്കുക. അഞ്ച് ടി-20കളാണ് പരമ്പരയിലുള്ളത്. ജൂലൈ 21നാണ് ആദ്യ മത്സരം. സബീന പാര്‍ക്കാണ് വേദി.
Content Highlight: Mitchell Starc surpasses Shane Warne in the list of bowlers to dismiss most batsmen for duck in Tests