| Saturday, 22nd August 2026, 10:57 am

കൊലകൊമ്പന്‍മാരെ മലര്‍ത്തിയടിച്ച് സ്റ്റാര്‍ക്കിന്റെ തേരോട്ടം; ലോക ചരിത്രത്തിലെ ഒന്നാമന്റെ ഏഴയലത്ത് ബുംറയില്ല!

ശ്രീരാഗ് പാറക്കല്‍

ബംഗ്ലാദേശും ഓസ്‌ട്രേലിയയും തമ്മിലുള്ള രണ്ടാം ടെസ്റ്റ് മത്സരം ഗ്രേറ്റ് ബാരിയര്‍ റീഫ് അരേനയില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്ത ഓസ്‌ട്രേലിയ ബംഗ്ലാദേശിന് വമ്പന്‍ തിരിച്ചടിയാണ് നല്‍കിയത്. 64 റണ്‍സിന് ബംഗ്ലാദേശിനെ ഓള്‍ഔട്ട് ചെയ്തിരിക്കുകയാണ് ഓസ്‌ട്രേലിയ. ബംഗ്ലാദേശിന്റെ ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നാലാമത്തെ ടോട്ടലാണിത്.

സൂപ്പര്‍ ഫാസ്റ്റ് ബൗളര്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ കരുത്തിലാണ് ബംഗ്ലാ കടുവകളെ കങ്കാരുപ്പട തകര്‍ത്തത്. ഓസ്‌ട്രേലിയയ്ക്ക് വേണ്ടി ആറ് വിക്കറ്റുകള്‍ നേടിയാണ് സ്റ്റാര്‍ക്ക് തിളങ്ങിയത്. ഇന്നിങ്‌സിലെ ആദ്യ പന്തില്‍ തന്നെ ഓപ്പണര്‍ ശദ്മന്‍ ഇസ്‌ലാമിനെ പൂജ്യത്തിന് പറഞ്ഞയച്ചാണ് സ്റ്റാര്‍ക്ക് വേട്ട തുടങ്ങിയത്. ഓപ്പണര്‍ തന്‍സിദ് ഹസനെയും സ്റ്റാര്‍ക്ക് പൂജ്യത്തിനാണ് പുറത്താക്കിയത്. മൊനീമുള്‍ ഹഖിനെ ഒമ്പത് റണ്‍സിനും പിന്നീട് ക്യാപ്റ്റന്‍ നജ്മുള്‍ ഹുസൈന്‍ ഷാന്റോയെ പൂജ്യത്തിനും സ്റ്റാര്‍ക്ക് കൂടാരം കയറ്റി.

വിക്കറ്റ് കീപ്പര്‍ ലിട്ടണ്‍ ദാസിനെയും സ്റ്റാര്‍ക്ക് പൂജ്യത്തിനാണ് പുറത്താക്കിയത്. ബംഗ്ലാദേശിന്റെ ടോപ് സ്‌കോററും ടെയ്ല്‍ എന്‍ഡ് ബാറ്ററുമായ ഷൊരീഫുള്‍ ഇസ്‌ലാമിനെ (14) പുറത്താക്കിയാണ് സ്റ്റാര്‍ക്ക് ആറാം വിക്കറ്റ് പൂര്‍ത്തിയാക്കിയത്.

വിക്കറ്റ് വേട്ടയ്ക്ക് പിന്നാലെ ഒരു തകര്‍പ്പന്‍ റെക്കോഡും സ്റ്റാര്‍ക്ക് സ്വന്തമാക്കിയിരിക്കുകയാണ്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന താരമാകാനാണ് സ്റ്റാര്‍ക്കിന് സാധിച്ചത്. 56 മത്സരത്തില്‍ നിന്നാണ് സ്റ്റാര്‍ക്ക് ഈ നേട്ടം കൊയ്തത്. ഈ നേട്ടത്തില്‍ ഓസീസ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിനെ അടക്കം വെട്ടിയാണ് സ്റ്റാര്‍ക്കിന്റെ തേരോട്ടം.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന താരങ്ങള്‍

മിച്ചല്‍ സ്റ്റാര്‍ക്ക് (ഓസ്‌ട്രേലിയ) – 230

പാറ്റ് കമ്മിന്‍സ് (ഓസ്‌ട്രേലിയ) – 225

നാഥന്‍ ലയണ്‍ (ഓസ്‌ട്രേലിയ) – 225

ആര്‍. അശ്വിന്‍ (ഇന്ത്യ) – 195

ജസ്പ്രീത് ബുംറ (ഇന്ത്യ) – 185

ആദ്യ 22 പന്തില്‍ നിന്നാണ് സ്റ്റാര്‍ക്ക് ഫൈഫര്‍ സ്വന്തമാക്കിയത് എന്നത് എടുത്തുപറയേണ്ടതാണ്. റെഡ് ബോളില്‍ 107ാം മത്സരത്തിലെ 205ാം ഇന്നിങ്‌സില്‍ നിന്നാണ് സ്റ്റാര്‍ക്ക് 440 വിക്കറ്റുകള്‍ സ്വന്തമാക്കുന്നത്.

സ്റ്റാര്‍ക്കിന് പുറമെ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് മൂന്ന് വിക്കറ്റും ജോഷ് ഹേസല്‍വുഡ് ഒരു വിക്കറ്റും നേടി.

അതേസമയം നിലവില്‍ ആദ്യ ഇന്നിങ്‌സില്‍ ബാറ്റ് ചെയ്യുന്ന ഓസ്‌ട്രേലിയ 10 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 50 റണ്‍സാണ് നേടിയത്.

Content Highlight: Mitchell Starc Surpass Pat Cummins And Nathan Lion in World Test Championship

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more