ത്രീ ലയണ്‍സിന്റെ പല്ല് പറിച്ചെടുത്ത് സ്റ്റാര്‍ക്കിന്റെ താണ്ഡവം; 172ല്‍ ഓള്‍ ഔട്ട്!
Sports News
ത്രീ ലയണ്‍സിന്റെ പല്ല് പറിച്ചെടുത്ത് സ്റ്റാര്‍ക്കിന്റെ താണ്ഡവം; 172ല്‍ ഓള്‍ ഔട്ട്!
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 21st November 2025, 12:06 pm

2025-26 ആഷസ് ട്രോഫിയിലെ ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനെ ഓള്‍ ഔട്ട് ആക്കി ഓസ്‌ട്രേലിയ. പെര്‍ത്തിലെ ഒപ്റ്റസ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടി ബാറ്റ് തെരഞ്ഞെടുത്ത ഇംഗ്ലണ്ട് വെറും 172 റണ്‍സിനാണ് തകര്‍ന്നടിഞ്ഞത്.

ഓസ്‌ട്രേലിയന്‍ സൂപ്പര്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ ബൗളിങ് കരുത്തിന് മുന്നില്‍ അടിയറവ് പറയുകയായിരുന്നു ഇംഗ്ലണ്ട്. ഏഴ് വിക്കറ്റുകളാണ് താരം കങ്കാരുക്കള്‍ക്ക് വേണ്ടി സ്വന്തമാക്കിയത്. ആദ്യ ഓവറില്‍ തുടങ്ങിയ വിക്കറ്റ് വേട്ട അവസാനിപ്പിച്ചതും സ്റ്റാര്‍ക്കായിരുന്നു.

ഇതോടെ ഒരു തകര്‍പ്പന്‍ റെക്കോഡും സ്റ്റാര്‍ക്ക് സ്വന്തമാക്കിയിരിക്കുകയാണ്. ടെസ്റ്റ് ക്രിക്കറ്റില്‍ താരത്തിന്റെ ഏറ്റവും മികച്ച ബൗളിങ് ഫിഗര്‍ രേഖപ്പെടുത്താനാണ് താരത്തിന് സാധിച്ചത്. 12.5 ഓവറില്‍ നാല് മെയ്ഡന്‍ അടക്കം 58 റണ്‍സ് വിട്ടുനല്‍കിയാണ് സ്റ്റാര്‍ക്ക് ഏഴ് വിക്കറ്റ് നേടിയത്. 4.52 എന്ന എക്കോണമിയിലാണ് താരത്തിന്റെ വിക്കറ്റ് വേട്ട.

ഓപ്പണര്‍ സാക്ക് ക്രോളിയെ ആദ്യ ഓവറില്‍ തന്നെയാണ് സ്റ്റാര്‍ക്ക് പറഞ്ഞയച്ചത്. ആറ് പന്തില്‍ നിന്ന് പൂജ്യം റണ്‍സിനാണ് ക്രോളി മടങ്ങിയത്. തൊട്ടു പിന്നാലെ ബെന്‍ ഡക്കറ്റിനേയും സ്റ്റാര്‍ക്ക് മടക്കി. നാല് ഫോര്‍ അടക്കം 20 പന്തില്‍ 21 റണ്‍സാണ് താരം നേടിയത്.

ശേഷം ഇറങ്ങിയ സൂപ്പര്‍ താരം ജോ റൂട്ടിനെ പൂജ്യം റണ്‍സിന് പുറത്താക്കിയാണ് സ്റ്റാര്‍ക്ക് വീണ്ടും തിളങ്ങിയത്. ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ് 12 പന്തില്‍ ആറ് റണ്‍സ് നേടിയാണ് സ്റ്റാര്‍ക്കിനിരയായത്. ജെയ്മി സ്മിത് (22 പന്തില്‍ 33), ഗസ് ആറ്റ്കിന്‍സണ്‍ (2 പന്തില്‍ 1), മാര്‍ക്ക് വുഡ് (1 പന്തില്‍ 0) എന്നിവരെയും സ്റ്റാര്‍ക്ക് പറഞ്ഞയച്ചു. സ്റ്റാര്‍ക്കിന് പുറമെ ബ്രെണ്ടന്‍ ഡൊഗ്ഗെറ്റ് രണ്ട് വിക്കറ്റ് നേടിയപ്പോള്‍ കാമറൂണ്‍ ഗ്രീന്‍ ഒരു വിക്കറ്റും നേടി.

ഓസ്ട്രേലിയയുടെ പ്ലെയിങ് ഇലവന്‍

ഉസ്മാന്‍ ഖവാജ, ജേക്ക് വെതറാള്‍ഡ്, മാര്‍നസ് ലബുഷാന്‍, സ്റ്റീവ് സ്മിത്, ട്രാവിസ് ഹെഡ്, കാമറൂണ്‍ ഗ്രീന്‍, അലക്സ് കാരി (വിക്കറ്റ് കീപ്പര്‍), മിച്ചല്‍ സ്റ്റാര്‍ക്ക്, നഥാന്‍ ലിയോണ്‍, ബ്രണ്ടന്‍ ഡൊഗ്ഗെറ്റ്, സ്‌കോട്ട് ബോളണ്ട്

ഇംഗ്ലണ്ടിന്റെ പ്ലെയിങ് ഇലവന്‍

സാക്ക് ക്രോളി, ബെന്‍ ഡക്കറ്റ്, ഒല്ലി പോപ്പ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ബെന്‍ സ്റ്റോക്‌സ് (ക്യാപ്റ്റന്‍), ജെയ്മി സ്മിത്, ഗസ് ആറ്റ്കിന്‍സണ്‍, ബ്രൈഡന്‍ കാഴ്‌സ്, ജോഫ്ര ആര്‍ച്ചര്‍, മാര്‍ക്ക് വുഡ്

Content Highlight: Mitchell Starc In Great Record Achievement In Test Cricket