വോണ്‍ – മുരളീധരന്‍ ട്രോഫിയ്ക്കായുള്ള ഓസ്‌ട്രേലിയയുടെ ശ്രീലങ്കന്‍ പര്യടനത്തില്‍ ചരിത്ര നേട്ടവുമായി സൂപ്പര്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ത്. 700 അന്താരാഷ്ട്ര വിക്കറ്റുകള്‍ എന്ന ചരിത്ര നേട്ടമാണ് താരം സ്വന്തമാക്കിയത്. ഈ നേട്ടത്തിലെത്തുന്ന 18ാം താരവും നാലാമത് ഓസ്‌ട്രേലിയന്‍ താരവുമാണ് സ്റ്റാര്‍ക്.
മത്സരത്തിന് മുമ്പ് 699 വിക്കറ്റുകളായിരുന്നു സ്റ്റാര്‍ക്കിന്റെ പേരിലുണ്ടായിരുന്നത്. ലങ്കന്‍ ഓപ്പണര്‍ ദിമുത് കരുണരത്‌നെയെ നഥാന്‍ മക്‌സ്വീനിയുടെ കൈകളിലെത്തിച്ച് മടക്കിയാണ് സ്റ്റാര്‍ക് 700 അന്താരാഷ്ട്ര വിക്കറ്റ് എന്ന കരിയര്‍ മൈല്‍സ്റ്റോണ്‍ പിന്നിട്ടത്.
കരിയറിലെ 373ാം ഇന്നിങ്‌സിലാണ് സ്റ്റാര്‍ക് 700 അന്താരാഷ്ട്ര വിക്കറ്റുകള്‍ സ്വന്തമാക്കിയത്. ടെസ്റ്റ് ഫോര്‍മാറ്റില്‍ 181 ഇന്നിങ്‌സില്‍ നിന്നും 377 വിക്കറ്റ് നേടിയ സ്റ്റാര്‍ക് 127 ഏകദിനത്തില്‍ 244 വിക്കറ്റും 65 ടി-20കളില്‍ നിന്നുമായി 79 വിക്കറ്റുകളും സ്വന്തമാക്കി.
അതേസമയം, ഏഷ്യന്‍ മണ്ണില്‍ തങ്ങളുടെ ഏറ്റവും ഉയര്‍ന്ന സ്‌കോറുമായാണ് ഓസ്‌ട്രേലിയ ആദ്യ ഇന്നിങ്‌സ് അവസാനിപ്പിച്ചത്. ഓപ്പണര്‍ ഉസ്മാന്‍ ഖവാജ ഇരട്ട സെഞ്ച്വറിയുമായി തിളങ്ങിയപ്പോള്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തും അരങ്ങേറ്റക്കാരന്‍ ജോഷ് ഇംഗ്ലിസും സെഞ്ച്വറിയും നേടി.
ആദ്യ ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ ആതിഥേയര്‍ രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 44 എന്ന നിലയിലാണ്. ഒഷാദോ ഫെര്‍ണാണ്ടോ (പത്ത് പന്തില്‍ ഏഴ്), ദിമുത് കരുണരത്‌നെ (13 പന്തില്‍ ഏഴ്), ഏയ്ഞ്ചലോ മാത്യൂസ് (18 പന്തില്‍ ഏഴ്) എന്നിവരുടെ വിക്കറ്റുകളാണ് ലങ്കയ്ക്ക് നഷ്ടമായത്. മാത്യൂ കുന്‍മാന്‍, മിച്ചല്‍ സ്റ്റാര്‍ക്, നഥാന്‍ ലിയോണ്‍ എന്നിവരാണ് വിക്കറ്റ് വീഴ്ത്തിയത്.