വെസ്റ്റ് ഇന്‍ഡീസിനെതിരെ സബീന പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ വിജയം നേടി ഓസ്‌ട്രേലിയ. അതോടെ മൂന്ന് മത്സരങ്ങള്‍ അടങ്ങുന്ന ടെസ്റ്റ് പരമ്പര സ്വന്തമാക്കാനും ഓസ്‌ട്രേലിയക്ക് സാധിച്ചു. പരമ്പരയിലെ അവസാന മത്സരത്തില്‍ 176 റണ്‍സിന്റെ കൂറ്റന്‍ വിജയമാണ് ഓസ്‌ട്രേലിയ സ്വന്തമാക്കിയത്. രണ്ടാം ഇന്നിങ്‌സില്‍ വിന്‍ഡീസിനെ വെറും 27 റണ്‍സിന് ഓള്‍ ഔട്ട് ചെയ്താണ് കങ്കാരുപ്പട വിജയക്കൊടി പാറിച്ചത്.
204 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയ വിന്‍ഡീസിന് കനത്ത പ്രഹരം നല്‍കിയത് സ്റ്റാര്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കായിരുന്നു. 7.3 ഓവറില്‍ നാല് മെയ്ഡന്‍ ഉള്‍പ്പെടെ ഒമ്പത് റണ്‍സ് വഴങ്ങി വിന്‍ഡീസിന്റെ ആറ് വിക്കറ്റുകളാണ് സ്റ്റാര്‍ക്ക് സ്വന്തമാക്കിയത്. മാത്രമല്ല ടെസ്റ്റ് കരിയറിലെ 16ാം ഫൈഫറും താരം സ്വന്തമാക്കി.
MITCHELL STARC IN HIS FIRST SPELL:
1st over – W,0,0,0,W,W.
2nd over – 0,0,0,0,0,0.
3rd over – W,2,W
നിലവില്‍ 100ാം ടെസ്റ്റ് പൂര്‍ത്തിയാക്കിയ സ്റ്റാര്‍ക്ക് 192 ഇന്നിങ്‌സില്‍ നിന്ന് 402 വിക്കറ്റുകളാണ് സ്വന്തമാക്കിയത്. 27.02 എന്ന ആവറേജില്‍ 3.41 എന്ന എക്കോണമിയിലാണ് താരത്തിന്റെ ബൗളിങ് പ്രകടനം. റെഡ് ബോളില്‍ 6/9 എന്ന മികച്ച ബൗളിങ് പ്രകടനവും സ്റ്റാര്‍ക്ക് നേടി. 16 ഫൈഫറിന് പുറമെ രണ്ട് ടെണ്‍ഫറും താരത്തിനുണ്ട്.
ഇതിനെല്ലാം പുറമെ ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും വേഗതയേറിയ ഫൈഫര്‍ സ്വന്തമാക്കുന്ന താരമാകാനും സ്റ്റാര്‍ക്കിന് സാധിച്ചു. തന്റെ ആദ്യത്തെ വെറും 15 പന്തില്‍ നിന്നാണ് സ്റ്റാര്‍ക്ക് ഈ മിന്നും നേട്ടത്തില്‍ തന്റെ പേര് എഴുതിച്ചേര്‍ത്തത്. വിന്‍ഡീസ് നിരയില്‍ 11 റണ്‍സ് നേടിയ ജസ്റ്റിന്‍ ഗ്രീവ്‌സിന് മാത്രമാണ് രണ്ടക്കം കാണാന്‍ സാധിച്ചത്. മറ്റാര്‍ക്കും ടീമിനെ നാണക്കേടില്‍ നിന്ന് കരകയറ്റാന്‍ സാധിച്ചില്ല.
അതേസമയം മത്സരത്തിലെ ആദ്യ ഇന്നിങ്‌സില്‍ ഓസീസിന് വേണ്ടി സ്റ്റീവ് സ്മിത്തും (48 റണ്‍സ്) കാമറൂണ്‍ ഗ്രീനും (46 റണ്‍സ്) മികച്ച ബാറ്റിങ് കാഴ്ച്ചവെച്ചു. നാല് വിക്കറ്റ് നേടിയ ഷമര്‍ ജോസഫായിരുന്നു വിന്‍ഡീസിന്റെ തുറുപ്പുചീട്ട്. സീല്‍സും ജസ്റ്റിന്‍ ഗ്രീവ്‌സും മൂന്ന് വിക്കറ്റും നേടി.
Content Highlight: Mitchell Starc Complete 400 Test Wickets