ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ സൗത്ത് ആഫ്രിക്ക കഴിഞ്ഞ ദിവസം ജേതാക്കളായിരുന്നു. കരുത്തരായ ഓസ്ട്രലിയൻ ടീമിനെ അഞ്ച് വിക്കറ്റിന് തോൽപ്പിച്ചായിരുന്നു പ്രോട്ടിയാസിന്റെ കിരീടനേട്ടം.
വിജയത്തോടെ തങ്ങളുടെ 27 വർഷങ്ങളുടെ കാത്തിരിപ്പിനും കണ്ണീരിനും കൂടിയായിരുന്നു പ്രോട്ടിയാസ് വിരാമം കുറിച്ചത്. ഒപ്പം ചോക്കേഴ്സ് എന്ന ചീത്തപേരും മാറ്റിയെടുത്തു ബാവുമയുടെ സംഘം.
നീണ്ട വർഷങ്ങളുടെ കിരീട വരൾച്ചയ്ക്ക് പ്രോട്ടിയാസ് വിരാമമിട്ടത് ക്രിക്കറ്റിന്റെ മക്കയായ ലോർഡ്‌സിലാണെന്നത് ചരിത്രനിയോഗമാണ്. സെഞ്ച്വറി പ്രകടനവുമായി ക്രീസിൽ ഉറച്ച് നിന്ന ഏയ്ഡന്‍ മര്‍ക്രമിന്റെയും ക്യാപ്റ്റൻ തെംബ ബാവുമയുടെയും കരുത്തിലാണ് പ്രോട്ടിയാസ് തങ്ങളുടെ സ്വപ്നം സഫലീകരിച്ചത്.
സൗത്ത് ആഫ്രിക്കയുടെ ജയത്തോടെ ഫൈനലുകളിൽ ഓസ്ട്രേലിയ തുടർന്ന 15 വർഷത്തിന്റെ അപരാജിത കുതിപ്പിന് കൂടിയാണ് അന്ത്യം കുറിക്കപ്പെട്ടത്. തോൽവിക്ക് പിന്നാലെ ജോഷ് ഹേസൽവുഡിനെയും മറ്റ് താരങ്ങളെയും വിമർശിക്കുകയാണ് മുൻ ഓസ്‌ട്രേലിയൻ പേസർ മിച്ചൽ ജോൺസൺ. ദേശീയ ടീമിനുള്ള തയ്യാറെടുപ്പുകളേക്കാൾ ഐ.പി.എല്ലിന് മുൻഗണന നൽകാനുള്ള ഹേസൽവുഡിന്റെ തീരുമാനം അമ്പരപ്പിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.
പരിചയസമ്പന്നരായ കളിക്കാർ ആഷസ് പരമ്പരയിൽ വിടവാങ്ങൽ മത്സരം ലഭിക്കാൻ മാത്രമാണ് ടീമിൽ തുടരുന്നതെങ്കിൽ അത് ശരിയായ മനോഭാവമാണോ എന്ന് ചിന്തിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വെസ്റ്റ് ഓസ്‌ട്രേലിയനിലെ കോളത്തിലാണ് മിച്ചൽ ജോൺസൺ വിമർശനം ഉന്നയിച്ചത്.
‘കഴിഞ്ഞ കുറച്ച് വർഷങ്ങളായി ജോഷ് ഹേസൽവുഡിന്റെ ഫിറ്റ്നസിൽ ആശങ്കകളുണ്ട്. ദേശീയ ടീമിനുള്ള തയ്യാറെടുപ്പുകളേക്കാൾ ഐ.പി.എല്ലിന് മുൻഗണന നൽകാനുള്ള അവന്റെ തീരുമാനം അമ്പരപ്പിച്ചു. മിച്ചൽ സ്റ്റാർക്ക്, ഹേസൽവുഡ്, പാറ്റ് കമ്മിൻസ്, നഥാൻ ലിയോൺ എന്നിവരടങ്ങുന്ന നമ്മുടെ ‘ബിഗ് ഫോർ’ ബൗളിങ് ആക്രമണത്തെയും നിസാരമായി കാണാനാവില്ല.
പരിചയസമ്പന്നരായ കളിക്കാർ ആഷസ് പരമ്പരയിൽ വിടവാങ്ങൽ മത്സരം ലഭിക്കാൻ മാത്രമാണ് ടീമിൽ തുടരുന്നതെങ്കിൽ അത് ശരിയായ മനോഭാവമാണോ എന്ന് ചിന്തിക്കേണ്ടതുണ്ട്. ടീമിന്റെ ഭാവിയ്ക്ക് പ്രധാന്യം നൽകി ടെസ്റ്റ് കളിക്കാരെ തെരഞ്ഞെടുക്കേണ്ടതുണ്ട്. അവരിൽ ആത്മവിശ്വാസം വളർത്തുകയും ചെയ്യേണ്ടത് നിർണായകമാണ്,’ ജോൺസൺ പറഞ്ഞു.
Content Highlight: Mitchel Johnson rips Josh Hazlewood for prioritizing IPL and demands action after WTC loss