| Saturday, 26th April 2025, 5:58 pm

ഇന്ത്യന്‍ ആരാധകര്‍ക്ക് സന്തോഷിക്കാം, മിഷന്‍ ഇംപോസിബിള്‍ എട്ടാം ഭാഗം ഇന്ത്യയില്‍ നേരത്തെ റിലീസിനൊരുങ്ങുന്നു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഹോളിവുഡ് സിനിമാപ്രേമികളുടെ ഇഷ്ട ഫ്രാഞ്ചൈസിയാണ് മിഷന്‍ ഇംപോസിബിള്‍. 1996ലാണ് ചിത്രത്തിന്റെ ആദ്യഭാഗം പുറത്തിറങ്ങിയത്. സ്‌പൈ ത്രില്ലര്‍ സിനിമകളുടെ പാഠപുസ്തകമായി മിഷന്‍ ഇംപോസിബിള്‍ മാറി. ടോം ക്രൂസ് എന്ന നടന് ലോകം മുഴുവന്‍ ആരാധകരുണ്ടാക്കാന്‍ മിഷന്‍ ഇംപോസിബിള്‍ ഫ്രാഞ്ചൈസി സഹായിച്ചു.

ഇതിനോടകം ഏഴ് ഭാഗങ്ങള്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ എല്ലാ ഭാഗങ്ങളും വന്‍ വിജയമായിരുന്നു. ത്രില്ലടിപ്പിക്കുന്ന കഥയോടൊപ്പം കണ്ണഞ്ചിപ്പിക്കുന്ന ആക്ഷന്‍ രംഗങ്ങളുമാണ് മിഷന്‍ ഇംപോസിബിള്‍ സിനിമകളുടെ ഏറ്റവും വലിയ പ്രത്യേകത. 2023ലാണ് ചിത്രത്തിന്റെ ഏഴാം ഭാഗം പുറത്തിറങ്ങിയത്. വന്‍ ഹൈപ്പിലെത്തിയ ചിത്രത്തിന് പ്രതീക്ഷിച്ച വിജയം നേടാന്‍ സാധിച്ചിരുന്നില്ല.

ഓപ്പന്‍ഹൈമര്‍, ബാര്‍ബി എന്നീ സിനിമകളോടൊപ്പമുള്ള ക്ലാഷായിരുന്നു എം.ഐ 7ന് തിരിച്ചടിയായത്. രണ്ട് വര്‍ഷത്തിന് ശേഷം മിഷന്‍ ഇംപോസിബിളിന്റെ എട്ടാമത്തെയും അവസാനത്തേതുമായ ഭാഗം റിലീസിന് തയാറെടുക്കുകയാണ്. മിഷന്‍ ഇംപോസിബിള്‍: ഫൈനല്‍ റെക്കണിങ് (Mission Impossible: Final Reckoning) എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഈഥന്‍ ഹണ്ടിന് തന്റെ മിഷനില്‍ വിജയിക്കാന്‍ സാധിക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

ഇപ്പോഴിതാ ചിത്രത്തിന്റെ യു.എസ്. റിലീസിന് മുമ്പ് ഇന്ത്യയില്‍ റിലീസുണ്ടാകുമെന്നുള്ള സന്തോഷ വാര്‍ത്തയാണ് പുറത്തുവരുന്നത്. ലോകമെമ്പാടും മെയ് 25ന് റിലീസ് ചെയ്യുമെന്ന് അറിയിച്ച ചിത്രം ഇന്ത്യയില്‍ ഒരാഴ്ച മുമ്പ് പുറത്തിറങ്ങുമെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. മെയ് 17നാണ് ചിത്രത്തിന്റെ ഇന്ത്യന്‍ റിലീസ്.

ഡിസ്‌നിയുടെ ലൈവ് ആക്ഷന്‍ ചിത്രമായ ലയണ്‍ കിങ്, നാര്‍ണിയ എന്നീ സിനിമകള്‍ യു.എസ്. റിലീസിന് മുമ്പ് ഇന്ത്യയില്‍ പ്രദര്‍ശനത്തിനെത്തിയിരുന്നു. ഈ പട്ടികയിലാണ് ഇപ്പോള്‍ മിഷന്‍ ഇംപോസിബിള്‍: ഫൈനല്‍  റെക്കണിങ്  (Mission Impossible: Final Reckoning)  ഇടംപിടിച്ചിരിക്കുന്നത്. വന്‍ പ്രതീക്ഷയാണ് ചിത്രത്തിന് മുകളില്‍ ആരാധകര്‍ക്കുള്ളത്.

മെയ് മാസത്തില്‍ മിഷന്‍ ഇംപോസിബിളിനൊപ്പം ഹോളിവുഡിലെ മറ്റ് വമ്പന്‍ സിനിമകളും റിലീസിനൊരുങ്ങുന്നുണ്ട്. മാര്‍വലിന്റെ തണ്ടര്‍ബോള്‍ട്‌സ്, ഫൈനല്‍ ഡെസ്റ്റിനേഷന്‍ 6, കരാട്ടെ കിഡ് ലെജന്‍ഡ്‌സ് എന്നീ ചിത്രങ്ങള്‍ മെയില്‍ തിയേറ്ററുകളിലെത്തും ഹോളിവുഡിന്റെ സമ്മര്‍ റിലീസുകളുടെ തുടക്കം മിഷന്‍ ഇംപോസിബിളിലൂടെയാണ് ആരംഭിക്കുന്നത്.

Content Highlight: Mission Impossible Final Reckoning will release one week in India before U.S release

We use cookies to give you the best possible experience. Learn more