| Saturday, 17th May 2025, 3:59 pm

പ്രതീക്ഷിച്ചത് എന്തോ, അത് കൃത്യമായി കിട്ടിയ മിഷന്‍ ഇംപോസിബിള്‍

അമര്‍നാഥ് എം.

ആദ്യ ഭാഗം എവിടെ നിര്‍ത്തിയോ അവിടന്ന് തന്നെ തുടങ്ങുന്നു. വില്ലന്‍ എത്രമാത്രം ശക്തമാണെന്ന് അറിഞ്ഞിട്ടും മിഷന്‍ ഏറ്റെടുക്കുന്ന ഈഥന്‍ ഹണ്ട്. ടെംപ്ലേറ്റ് കഥയാണെങ്കില്‍ പോലും മിഷന്‍ ഇംപോസിബിളിന്റെ അവസാന ഭാഗം രണ്ടേമുക്കാല്‍ മണിക്കൂര്‍ പ്രേക്ഷകനെ പിടിച്ചിരുത്തുന്നുണ്ട്. എന്റിറ്റി എന്ന അതിഭീകരമായ എ.ഐ ലോകത്തെ മുഴുന്‍ തന്റെ വരുതിയിലാക്കി ഒരു വേള്‍ഡ് വാറിലേക്ക് കാര്യങ്ങളെ കൊണ്ടെത്തിക്കുന്നു.

അതിനെ തടയാന്‍ ഈഥന്‍ ഹണ്ട് ഇറങ്ങുന്നിടത്തേക്ക് കഥ അതിന്റെ ട്രാക്കിലേക്ക് കയറുകയാണ്. മിഷന്‍ ഇംപോസിബിള്‍ സിനിമകളിലെ സിഗ്നേച്ചര്‍ ഐറ്റമായ മാസ്‌കിങ് ടെക്‌നോളജി ഈ സിനിമയിലും അത്യാവശ്യം നല്ല രീതിയില്‍ തന്നെ അവതരിപ്പിച്ചിട്ടുണ്ട്. മാസ്‌ക് സീനും അതിനോടൊപ്പമുള്ള ഫൈറ്റും നല്ലൊരു എക്‌സ്പീരിയന്‍സായിരുന്നു.

ഇമോഷനും അത്യാവശ്യം ത്രില്ലുമായി പോകുന്ന ആദ്യപകുതിയും ടെന്‍ഷനടിപ്പിക്കുന്ന രണ്ടാം പകുതിയും അതിനൊപ്പം ഡ്യൂപ്പില്ലാതെ ടോം ക്രൂസ് ചെയ്യുന്ന റിസ്‌കി സീനുകളും എല്ലാം സിനിമയുടെ ഗ്രിപ്പ് നഷ്ടമാകാതെ മുന്നോട്ടു കൊണ്ടുപോകുന്നുണ്ട്. സബ് മറൈന്‍ സീന്‍ ഈയടുത്ത് വന്നതില്‍ മികച്ച ഒന്നാണെന്ന് തന്നെ പറയാന്‍ സാധിക്കും.

ഫ്‌ളൈറ്റില്‍ തൂങ്ങിപ്പിടിച്ച് പോകുന്ന ക്ലൈമാക്‌സ് ഫൈറ്റ് ഗംഭീരമെന്നേ പറയാന്‍ സാധിക്കുള്ളൂ. ഒടുവില്‍ എല്ലാ സിനിമയിലേതും പോലെ ശുഭപര്യവസായിയായി തന്നെ എട്ടാം ഭാഗവും അവസാനിക്കുമ്പോള്‍ ഈഥന്‍ ഹണ്ട് എന്ന കഥാപാത്രത്തിന് നല്‍കിയ പെര്‍ഫക്ട് ഹോമേജ് എന്ന് ഫൈനല്‍ റെക്കനിങ്ങിനെ വിശേഷിപ്പിക്കാം.

നൊസ്റ്റാള്‍ജിയ തരുന്ന ഒരു കഥാപാത്രത്തിന്റെ വരവും ആ കഥാപാത്രം സിനിമക്ക് നല്‍കിയ ഇംപാക്ടും മികച്ചതായിരുന്നു. ബെഞ്ചി, ലൂഥര്‍, കെട്രിറ്റ്ജ് എന്നീ കഥാപാത്രങ്ങള്‍ക്ക് കൃത്യമായിട്ടുള്ള ക്യാരക്ടര്‍ ആര്‍ക് തന്നെയാണ് നല്‍കിയിട്ടുള്ളത്. ഈ ഭാഗത്തിലൂടെ മിഷന്‍ ഇംപോസിബിള്‍ ഫ്രാഞ്ചൈസി അവസാനിപ്പിച്ചാല്‍ ഇതിനോളം പെര്‍ഫക്ട് എന്‍ഡിങ് വേറെ ലഭിക്കില്ല.

ടോം ക്രൂസ്, എന്തൊരു മനുഷ്യനാണ് നിങ്ങള്‍ എന്നേ സിനിമ അവസാനിക്കുമ്പോള്‍ പറയാന്‍ സാധിക്കുള്ളൂ. 62ാം വയസിലും ഫിറ്റ്‌നെസ്സിന്റെ കാര്യത്തിലും ആക്ഷന്‍ സീനുകളിലെ ഫ്‌ളെക്‌സിബിളിറ്റിയുടെ കാര്യത്തിലും ടോം ക്രൂസ് മികച്ചു നില്‍ക്കുന്നുണ്ട്. സ്‌ക്രീന്‍ പ്രസന്‍സില്‍ ഇദ്ദേഹം ഹോളിവുഡിലെ തന്നെ നമ്പര്‍ വണ്‍ എന്ന് സംശയമില്ലാതെ പറയാം.

വി.എഫ്.എക്‌സ്, ക്യാമറ, പ്രൊഡക്ഷന്‍ ഡിസൈന്‍ എന്നീ മേഖലകളും മികച്ച ഔട്ട്പുട്ട് തന്നെയാണ് നല്‍കിയത്. തൊട്ട് മുമ്പ് പുറത്തിറങ്ങിയ ഡെഡ് റെക്കനിങ് പ്രതീക്ഷക്കൊത്ത് ഉയരാത്തത് ഈ ഭാഗത്തിന് മേലെയുള്ള ഹൈപ്പ് കുറച്ചിരുന്നു. എന്നാല്‍ അത് ഉപകാരപ്പെട്ടെന്നേ പറയാന്‍ സാധിക്കുള്ളൂ. പ്രതീക്ഷയുടെ അമിതഭാരമില്ലാതെ പോയതിനാല്‍ നല്ലൊരു സിനിമാനുഭവമായി ഫൈനല്‍ റെക്കനിങ് മാറി.

ആക്ഷന്‍ സിനിമകളില്‍ ലോകമെമ്പാടും ആരാധകരുള്ള ഫ്രാഞ്ചൈസിയാണ് മിഷന്‍ ഇംപോസിബിളെന്ന് എല്ലാവര്‍ക്കും അറിയാം. ടോം ക്രൂസ് എന്ന നടനെ ഗ്ലോബല്‍ സൂപ്പര്‍സ്റ്റാറാക്കി മാറ്റിയതില്‍ മിഷന്‍ ഇംപോസിബിള്‍ സീരീസിനും ഈഥന്‍ ഹണ്ട് എന്ന കഥാപാത്രത്തിനുമുള്ള പ്രധാന്യം ചെറുതല്ല. അത്തരത്തില്‍ ടോം ക്രൂസ് ആരാധകര്‍ക്ക് മികച്ചൊരു തിയേറ്റര്‍ എക്‌സ്പീരിയന്‍സ് തന്നെയാണ് മിഷന്‍ ഇംപോസിബിള്‍ ഫൈനല്‍ റെക്കനിങ്.

Content Highlight: Mission Impossible Final Reckoning review

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more