| Wednesday, 25th June 2025, 5:23 pm

ദുരഭിമാനക്കൊലയെ അപകടമരണമാക്കി കാണിച്ച ഷാഹി കബീര്‍, റോന്തില്‍ ഒളിച്ചിരിക്കുന്ന അപകടം

അമര്‍നാഥ് എം.

പൊലീസ് കഥകളെ വളരെ റിയലിസ്റ്റിക്കായി അവതരിപ്പിക്കുന്ന എഴുത്തുകാരനാണ് ഷാഹി കബീര്‍. ആദ്യ ചിത്രമായ ജോസഫില്‍ തന്നെ പൊലീസ് അന്വേഷണത്തിന്റെ നടപടിക്രമങ്ങളെ അതിഭാവുകത്വമില്ലാതെ അവതരിപ്പിക്കാന്‍ ഷാഹിക്ക് സാധിച്ചു. അദ്ദേഹത്തിന്റെ രണ്ടാമത്തെ സംവിധാനസംരംഭമായ റോന്ത് തിയേറ്ററുകളില്‍ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്.

നൈറ്റ് പട്രോളിങ്ങിന് ഇറങ്ങിയ രണ്ട് പൊലീസുകാരുടെ കഥയാണ് ചിത്രം പറയുന്നത്. ഷാഹി കബീറിന്റെ മുന്‍ ചിത്രങ്ങളിലേത് പോലെ പൊലീസ് ഉദ്യോഗസ്ഥരുടെ മാനസികാവസ്ഥകളും അവരുടെ കുടുംബജീവിതത്തിലെ പ്രശ്‌നങ്ങളും ചിത്രം കാണിക്കുന്നുണ്ട്. ഒപ്പം താഴേക്കിടയിലുള്ള പൊലീസുകാര്‍ക്ക് മേലുദ്യോഗസ്ഥരില്‍ നിന്നും സിസ്റ്റത്തില്‍ നിന്നും നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളും സിനിമ സംസാരിക്കുന്നു.

എന്നാല്‍ ചിത്രം ആകെത്തുകയില്‍ പറഞ്ഞ ഒരു കാര്യത്തില്‍ പതുങ്ങിയിരിക്കുന്ന അപകടം ആരും എടുത്തുപറയുന്നില്ല. കേരളത്തിന്റെ മനസാക്ഷിയെ ഞെട്ടിച്ച കെവിന്‍ വധക്കേസിനെ സിനിമ കൈകാര്യം ചെയ്ത രീതി വിമര്‍ശിക്കപ്പെടേണ്ടതാണ്. ദളിത് സമൂഹത്തില്‍ പെട്ട കെവിന്‍ ഉയര്‍ന്നജാതിയിലുള്ള പെണ്‍കുട്ടിയെ വിവാഹം ചെയ്തതിന്റെ പേരില്‍ കൊല ചെയ്യപ്പെട്ട വാര്‍ത്ത ഞെട്ടലോടെയാണ് മലയാളികള്‍ കേട്ടത്.

കേരളത്തില്‍ ജാതി വേര്‍തിരിവില്ലെന്ന് സോ കോള്‍ഡ് ജാതിവാദികള്‍ അവകാശപ്പെടുന്നതിനിടയിലായിരുന്നു കെവിന്റെ കൊലപാതകം നടന്നത്. കെവിന്റെ പങ്കാളി നീനുവിന്റെ പിതാവും സഹോദരങ്ങളും ചേര്‍ന്നായിരുന്നു കെവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് കൊലപ്പെടുത്തിയത്. 2018ലായിരുന്നു ഈ സംഭവം നടന്നത്. നീനുവിന്റെ സഹോദരനുള്‍പ്പെടെ 10 പ്രതികള്‍ക്ക് കോടതി ഇരട്ട ജീവപര്യന്തം വിധിച്ചിരുന്നു.

എന്നാല്‍ റോന്ത് എന്ന സിനിമയില്‍ ഇതിന്റെ നേര്‍ വിപരീതമാണ് കാണിച്ചിരിക്കുന്നത്. കെവിനോട് സാദൃശ്യമുള്ള നവീന്‍ എന്ന പേരുള്ള ദളിത് കോളനിയിലെ ചെറുപ്പക്കാരന്‍ തന്റെ സുഹൃത്തിന് വേണ്ടി അന്നാട്ടിലെ വലിയ തറവാട്ടിലെ ജിന്‍സി എന്ന യുവതിയെ വീട്ടില്‍ നിന്ന് വിളിച്ചിറക്കിക്കൊണ്ട് വരികയായിരുന്നു എന്നാണ് സംവിധായകന്‍ പറയുന്നത്. തെറ്റിദ്ധാരണയുടെ പുറത്ത് ജിന്‍സിയുടെ സഹോദരനും സുഹൃത്തുക്കളും നവീനെയും സുഹൃത്തിനെയും തട്ടിക്കൊണ്ടുപോവുകയും പൊലീസിന്റെ വാക്ക് കേട്ട് വിട്ടയക്കുകയും ചെയ്തു.

എന്നാല്‍ പൊലീസ് ഇടപെട്ടെന്ന് അറിയാത്ത നവീന്‍ അവരുടെയടുത്ത് നിന്ന് രക്ഷപ്പെട്ട് ഓടുകയും അതിനിടയില്‍ വീണ് പരിക്കേറ്റ് മരണപ്പെടുകയുമാണെന്നാണ് റോന്ത് പറഞ്ഞുവെക്കുന്നത്. ഈ മരണം കാരണം ജിന്‍സിയുടെ വീട്ടുകാര്‍ക്കൊപ്പം നിരപരാധികളായ രണ്ട് പൊലീസുകാര്‍ കൂടി കേസില്‍ പെട്ടെന്ന് കാണിച്ചാണ് സിനിമ അവസാനിക്കുന്നത്.

സിസ്റ്റത്തിന്റെ തെറ്റുകള്‍ മറച്ചുവെക്കാന്‍ താഴേക്കിടയിലെ പൊലീസുകാരെ ബലിയാടാക്കുന്നത് കാണിക്കാന്‍ ഷാഹി ഒരുക്കിയ സിനിമയില്‍ സത്യത്തെ വളച്ചൊടിച്ചത് അങ്ങേയറ്റം മോശമെന്നേ പറയാന്‍ സാധിക്കുള്ളൂ. മനുഷ്യരെ സ്വാധീനിക്കാന്‍ കഴിയുന്ന ഏറ്റവും വലിയ മാധ്യമമായ സിനിമയിലൂടെ ഇത്തരം മോശമായ പ്രവൃത്തി കാണിച്ച ഷാഹി കബീറിന്റെ ഉദ്ദേശശുദ്ധി ചോദ്യം ചെയ്യപ്പെടേണ്ടതാണ്.

Content Highlight: Misinterpretation of Kevin Murder case by Shahi Kabir in Ronth movie

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more