ബ്രസീലിയന്‍ സീരി എ-യില്‍ യില്‍ സാന്റോസിന് പരാജയം. എസ്റ്റാഡിയോ മുനിസിപ്പല്‍ ഹോസെ മരിയ ഡി കാംപോസ് മയയില്‍ നടന്ന മത്സരത്തില്‍ മിറാസോളാണ് സാന്റോസിനെ തകര്‍ത്തുവിട്ടത്. എതിരില്ലാത്ത മൂന്ന് ഗോളിനായിരുന്നു മിറാസോളിന്റെ വിജയം.
ആദ്യ ഇലവനില്‍ സൂപ്പര്‍ താരം നെയ്മര്‍ ജൂനിയറുണ്ടായിരുന്നിട്ടും സാന്റോസിന് ഒരു ഗോള്‍ പോലും തിരിച്ചടിക്കാന്‍ സാധിച്ചില്ല എന്നതാണ് ആരാധകരെ നിരാശരാക്കുന്നത്.
ഗോള്‍രഹിത സമനിലയ്ക്ക് പിന്നാലെ ഇരു ടീമുകളും കാര്യമായ മാറ്റങ്ങള്‍ നടത്തി. മത്സരത്തിന്റെ 69ാം മിനിട്ടില്‍ ചിക്കോയിലൂടെ മിറാസോളാണ് മുമ്പിലെത്തിയത്. തങ്ങള്‍ക്കനുകൂലമായി ലഭിച്ച കോര്‍ണര്‍ കിക്കില്‍ കൃത്യമായി കാല്‍ വെച്ച 69ാം നമ്പറുകാരന്‍ മഞ്ഞക്കുപ്പായക്കാരെ മുമ്പിലെത്തിച്ചു.
ആദ്യ ഗോള്‍ വഴങ്ങി കൃത്യം നാലാം മിനിട്ടില്‍ സാന്റോസ് മറ്റൊരു ഗോള്‍ കൂടി വഴങ്ങി. എഡ്വാര്‍ഡോയുടെ അസിസ്റ്റില്‍ റെയ്‌നാള്‍ഡോ മനോയല്‍ ഡ സില്‍വയാണ് ഗോള്‍ കണ്ടെത്തിയത്. ബോക്‌സിനുള്ളില്‍ നിന്നും എഡ്വാര്‍ഡോ നല്‍കിയ പാസ് കിടിലന്‍ ഹെഡ്ഡറിലൂടെ റെയ്‌നാള്‍ഡോ വലയിലെത്തിച്ചു.
രണ്ടാം ഗോള്‍ വഴങ്ങിയതോടെ സാന്റോസ് കൂടുതല്‍ ആക്രമിച്ചുകളിച്ചു. നിര്‍ണായകമായ അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ഒന്നും വലയിലെത്തിക്കാന്‍ സാധിച്ചില്ല.
ആഡ് ഓണ്‍ ടൈമിന്റെ രണ്ടാം മിനിട്ടില്‍ ക്രിസ്റ്റിയന്‍ റെനേറ്റോ വലകുലുക്കിയതോടെ സാന്റോസ് എതിരില്ലാത്ത മൂന്ന് ഗോളിന്റെ തോല്‍വി വഴങ്ങി. ബോക്‌സിന് തൊട്ടുവെളിയില്‍ നിന്നെടുത്ത ബുള്ളറ്റ് ഷോട്ട് ഗോള്‍കീപ്പര്‍ക്ക് ഒരു അവസരവും നല്‍കാതെ വലയിലെത്തി.
ഈ വിജയത്തിന് പിന്നാലെ ഫ്‌ളുമിനന്‍സിനെ മറികടന്ന് മിറാസോള്‍ പോയിന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്തേക്ക് കയറി. 13 മത്സരത്തില്‍ നിന്നും അഞ്ച് ജയവും ആറ് സമനിലയും രണ്ട് തോല്‍വിയുമായി 21 പോയിന്റാണ് ടീമിനുള്ളത്.
അതേസമയം, 14 പോയിന്റോടെ പട്ടികയില്‍ 15ാം സ്ഥാനത്താണ് സാന്റോസ്. 14 മത്സരത്തില്‍ നിന്നും നാല് ജയവും രണ്ട് സമനിലയും നേടിയ സാന്റോസ് എട്ട് തോല്‍വിയും വഴങ്ങി.
ജൂലൈ 24നാണ് സാന്റോസിന്റെ അടുത്ത മത്സരം. ഇന്റര്‍നാഷണലാണ് എതിരാളികള്‍.