ന്യൂദല്‍ഹി: യു.എസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട എപ്സ്റ്റീന്‍ ഫയലിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങള്‍ തള്ളിക്കളയുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം.
2017 ജൂലൈയില്‍ പ്രധാനമന്ത്രി ഇസ്രഈലില്‍ നടത്തിയത് ഔദ്യോഗിക സന്ദര്‍ശനമാണെന്നും ഫയലിലെ മറ്റു പരാമര്‍ശങ്ങള്‍ ജെഫ്രി എപ്സ്റ്റീന്റെ ശ്യൂന്യമായ ചിന്തകളാണെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു.
ജെഫ്രി എപ്സ്റ്റീന്റെ നിര്‍ദേശമനുസരിച്ച്, യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് വേണ്ടി പ്രധാനമന്ത്രി ഇസ്രഈലിലേക്ക് പോയെന്നും അവിടെ നൃത്തമാടുകയും പാട്ടുകള്‍ പാടിയെന്നുമാണ് യു.എസ് ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തുവിട്ട ഫയലില്‍ പറയുന്നത്. എപ്സ്റ്റീന്‍ അയച്ച ഒരു ഇ-മെയിലിലാണ് മോദിയെ കുറിച്ച് പരാമര്‍ശമുള്ളത്.
എന്നാല്‍ ഈ പരാമര്‍ശങ്ങളെല്ലാം അങ്ങേയറ്റം അവജ്ഞയോടെ തള്ളിക്കളയേണ്ടതാണെന്നാണ് ജയ്സ്വാള്‍ പറഞ്ഞു. എപ്സ്റ്റീന്‍ ഫയലില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം വെടിയണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് വിദേശകാര്യ വക്താവ് ന്യായീകരണവുമായി രംഗത്തെത്തിയത്.
മൂന്ന് ദശലക്ഷത്തിലധികം പേജുകളും 2000ത്തിലധികം വീഡിയോകളും 180,000 ചിത്രങ്ങളുമാണ് യു.എസ് നീതിന്യായ വകുപ്പ് പുറത്തുവിട്ടിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 19നാണ് ആദ്യത്തെ എപ്സ്റ്റീന്‍ ഫയല്‍ പുറത്തുവിട്ടത്.
പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ലൈംഗിക ആവശ്യങ്ങള്‍ക്കായി കടത്തിയ കേസില്‍ തടവിലായിരുന്ന ജെഫ്രി എപ്സ്റ്റീന്‍ 2019ല്‍ ജയിലിനുള്ളില്‍ തൂങ്ങിമരിക്കുകയായിരുന്നു. എപ്സ്റ്റീന്റെ മരണത്തില്‍ ഗൂഢാലോചന ഉണ്ടെന്നാണ് ഒരു വിഭാഗം ആളുകളുടെ ആരോപണം.
Content Highlight: Ministry of External Affairs rejects references to Prime Minister Narendra Modi in Epstein file