കൊല്ലം: ആലപ്പാട്ടെ കരിമണല്‍ ഖനനത്തിനെതിരായ സമരത്തെ തള്ളി വ്യവസായ മന്ത്രി ഇ.പി ജയരാജന്‍. ആലപ്പാട് സമരം ചെയ്യുന്നവര്‍ മലപ്പുറത്തുള്ളവരാണെന്നും മന്ത്രി പറഞ്ഞു. ഖനനം നിയമപരമാണെന്നും നിര്‍ത്തിവയ്ക്കില്ലെന്നും ആലപ്പാടിനെ തകര്‍ത്തത് സൂനാമിയാണെന്നും മന്ത്രി പറഞ്ഞു.
“ഖനനം നിയമപരമാണ്. നിര്‍ത്തിവെക്കില്ല. ഇക്കാര്യം വ്യക്തമാക്കി ഐ.ആര്‍.ഇ സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ആലപ്പാട് സമരം നടത്തുന്നവര്‍ ഇവിടെയുള്ളവര്‍ അല്ല, മലപ്പുറത്തും മറ്റു പല പ്രദേശത്തും ഉള്ളവരാണ്.
സുനാമി ദുരന്തം വന്നപ്പോഴാണ് ആലപ്പാട് വലിയ നാശ നഷ്ടങ്ങള്‍ ഉണ്ടായത്. സുനാമിയില്‍ തകര്‍ന്നുപോയ ആലപ്പാടിന്റെ പുനരുദ്ധാരണത്തിനാണ് ശ്രമിച്ചിട്ടുള്ളത്”- മന്ത്രി പറഞ്ഞു.
“കരിമണല്‍ ഖനനം നിര്‍ത്തലാക്കാനും അതിനെതിരെ സമരം നടത്താനും യാതൊരു സാഹചര്യവും അവിടെയില്ല. നടപടി ക്രമങ്ങള്‍ എല്ലാം പാലിച്ചു കൊണ്ട് തന്നെയാണ് ഖനനം നടത്തുന്നത്. ഐ.ആര്‍.ഇയുമായി ഞാന്‍ ബന്ധപ്പെട്ടിരുന്നു.
അവരില്‍ നിന്നും കെ.എം.എം.എല്ലിന്റെ എം.ഡി തന്നെ കാര്യങ്ങള്‍ മനസ്സിലാക്കി. റിപ്പോര്‍ട്ടും തയ്യാറാക്കി. റിപ്പോര്‍ട്ട് പരിശോധിക്കുമ്പോള്‍ മനസ്സിലായത് അവിടെ കാര്യങ്ങള്‍ എല്ലാം നിയമങ്ങള്‍ പാലിച്ചു കൊണ്ടാണെന്നാണ്”- മന്ത്രി പറഞ്ഞു.
അതേസമയം, മന്ത്രി മേഴ്‌സിക്കുട്ടിയമ്മ സമര പ്രവര്‍ത്തകരെ ചര്‍ച്ചയ്ക്ക് വിളിച്ചിരുന്നു. എന്നാല്‍ ഖനനം നിര്‍ത്തിയശേഷം ചര്‍ച്ചയാകാമെന്നായിരുന്നു സമരക്കാരുടെ നിലപാട്. സര്‍ക്കാര്‍ ആലപ്പാടെ ജനത്തെ വിശ്വാസത്തിലെടുക്കണമെന്നും സമരസമിതി ആവശ്യപ്പെട്ടിരുന്നു.
മുന്‍കാല അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് ഖനനം നിര്‍ത്തിയശേഷം മാത്രമേ ചര്‍ച്ചയ്ക്കുള്ളൂവെന്ന തീരുമാനം സമരസമിതി കൈക്കൊണ്ടിട്ടുള്ളതെന്നും സമരസമിതി നേതാവ് ശ്രീകുമാര്‍ പറഞ്ഞിരുന്നു.