ഇറാനെതിരായ സൈനിക നടപടി; വ്യോമാതിർത്തിയോ പ്രദേശങ്ങളോ ഉപയോഗിക്കാൻ അനുവദിക്കില്ല; സൗദി അറേബ്യ
Iran
ഇറാനെതിരായ സൈനിക നടപടി; വ്യോമാതിർത്തിയോ പ്രദേശങ്ങളോ ഉപയോഗിക്കാൻ അനുവദിക്കില്ല; സൗദി അറേബ്യ
ശ്രീലക്ഷ്മി എ.വി.
Wednesday, 28th January 2026, 7:55 am

റിയാദ്: ഇറാനെതിരായ സൈനിക നടപടികൾക്ക് വ്യോമാതിർത്തിയോ പ്രദേശങ്ങളോ ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് സൗദി അറേബ്യ.

ഇറാന്റെ പരമാധികാരത്തെ തന്റെ രാജ്യം ബഹുമാനിക്കുന്നുവെന്നും തർക്കങ്ങൾ പരിഹരിക്കുന്നതിനുള്ള ഏതൊരു ശ്രമത്തെയും പിന്തുണയ്ക്കുന്നുവെന്നും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ പറഞ്ഞു.

മുഹമ്മദ് ബിൻ സൽമാനും ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനും തമ്മിലുള്ള ഫോൺ സംഭാഷണത്തിനിടയിലാണ് ഈ പരാമർശങ്ങൾ ഉണ്ടായതെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

‘ഇറാനെതിരായ സൈനിക നടപടികൾക്കോ ഏതെങ്കിലും ആക്രമങ്ങൾക്കോ സൗദി അറേബ്യയുടെ വ്യോമാതിർത്തിയോ പ്രദേശങ്ങളോ ഉപയോഗിക്കാൻ അനുവദിക്കില്ല,’ മുഹമ്മദ് ബിൻ സൽമാൻ പറഞ്ഞു.

മേഖലയിലെ സുരക്ഷയും സ്ഥിരതയും വർധിപ്പിക്കുന്നതിനായി തർക്കങ്ങൾ പരിഹരിക്കുന്നതിനുള്ള ഏതൊരു ശ്രമത്തിനും സൗദി പിന്തുണക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സൗദി അറേബ്യയുടെ നിലപാടിനോട് പെസെഷ്കിയൻ നന്ദി പ്രകടിപ്പിക്കുകയും പ്രാദേശിക സുരക്ഷയും സ്ഥിരതയും പ്രോത്സാഹിപ്പിക്കുന്നതിൽ സൗദിയുടെ പങ്കിനെ പ്രശംസിക്കുകയും ചെയ്തു.

അമേരിക്കക്കാരുടെ ഭീഷണികളും നടപടികളും മേഖലയുടെ സുരക്ഷയെ തകർക്കാൻ ലക്ഷ്യമിടുന്നുവെന്നും അവർക്ക് അസ്ഥിരതയല്ലാതെ മറ്റൊന്നും നേടാൻ കഴിയില്ലെന്നും ഇറാൻ പ്രസിഡന്റ് പറഞ്ഞു.

ഇറാനെ നേരിടാൻ യുദ്ധകപ്പലുകളുടെ കൂട്ടം അമേരിക്കയ്ക്കുണ്ടെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരത്തെ പറഞ്ഞിരുന്നു. ഇതിനുപിന്നാലെ യു.എസ് വിമാനവാഹിനിക്കപ്പലും യുദ്ധക്കപ്പലുകളും മിഡിൽ ഈസ്റ്റിൽ എത്തിയിരുന്നു.

തുടർന്ന് ഇറാനെതിരായ അമേരിക്കയുടെ ഏത് ആക്രമണത്തെയും സമഗ്ര യുദ്ധമായി കണക്കാക്കുമെന്നും ആക്രമണത്തിന്റെ വ്യാപ്തിയോ സ്വഭാവമോ പ്രകാരം വേർതിരിക്കില്ലെന്നും ഇറാൻ മുന്നറിയിപ്പ് നൽകിയിരുന്നു.

ആക്രമണത്തിന് അയൽരാജ്യങ്ങളുടെ പ്രദേശം ഉപയോഗിച്ചാൽ അവരെ ശത്രുക്കളായി കണക്കാക്കുമെന്ന് ഐ.ആർ.ജി.സി നാവിക സേന മേധാവി മുഹമ്മദ് അക്ബർസാദെ പറഞ്ഞതായി ഫാർസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

‘അയൽ രാജ്യങ്ങൾ ഞങ്ങളുടെ സുഹൃത്തുക്കളാണ്, പക്ഷേ അവരുടെ മണ്ണ്, ആകാശം, ജലം എന്നിവ ഇറാനെതിരെ ഉപയോഗിച്ചാൽ അവരെ ശത്രുതയുള്ളവരായി കണക്കാക്കും,’ മുഹമ്മദ് അക്ബർസാദെ പറഞ്ഞു.

Content Highlight: Military action against Iran; Will not allow use of airspace or territories; Saudi Arabia

ശ്രീലക്ഷ്മി എ.വി.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.