മിഖായേല്‍ എന്ന കാവല്‍ മാലാഖ, പ്രതികാരത്തിന്‍റെയും
Film Review
മിഖായേല്‍ എന്ന കാവല്‍ മാലാഖ, പ്രതികാരത്തിന്‍റെയും
അശ്വിന്‍ രാജ്
Friday, 18th January 2019, 7:06 pm

“മിഖായേല്‍ എന്ന കാവല്‍ മാലാഖ”…സ്വര്‍ഗത്തില്‍ വെച്ച് നടന്ന യുദ്ധത്തില്‍ സാത്താനെ തോല്‍പ്പിച്ച സേനാനായകന്‍, ദുഷ്ടശക്തികള്‍ക്കെതിരെ പോരാടുന്ന ദൈവ ഭക്തരെ സംരക്ഷിക്കുന്ന മാലാഖ, അതാണ് മിഖായേല്‍. തന്റെ മുന്‍ ചിത്രമായ അബ്രഹാമിന്റെ പാത പിന്തുടര്‍ന്ന് ബൈബിള്‍ പശ്ചാത്തലത്തില്‍ തന്നെയാണ് ഹനീഫ് അദേനി ഈ പ്രാവശ്യവും കഥ പറയുന്നത്.

“”ഒരു സംവിധായകന്‍ തന്റെ ആദ്യത്തെ സിനിമ ഹിറ്റാക്കിയാല്‍ അത് വലിയ സംഭവമൊന്നുമല്ല, അയാളുടെ രണ്ടാമത്തെ സിനിമയാണ് അയാള്‍ക്ക് കഴിവുണ്ടോ ഇല്ലയോ എന്ന് തീരുമാനിക്കുന്നത്”” സിനിമ രംഗത്തുള്ള ഒരു സുഹൃത്ത് പണ്ട് ഹനീഫ് അദേനിയെ കുറിച്ച് പറഞ്ഞ വാക്കുകളാണിത്. അങ്ങിനെയാണേല്‍ ഹനീഫ് അേദനി എന്ന സംവിധായകന്‍ ഒരോ സിനിമ കഴിയുമ്പോഴും തന്റെ കഴിവ് തെളിയിച്ച് കൊണ്ടിരിക്കുകയാണ്.

ആദ്യ സിനിമ ഗ്രേറ്റ് ഫാദര്‍ മുതല്‍ മിഖായേല്‍ വരെയുള്ള ഹനിഫിന്റെ യാത്രയില്‍ അധികമൊന്നും മാറ്റം വന്നിട്ടില്ലെങ്കിലും ഒരോ സിനിമ കഴിയുമ്പോഴും അയാളിലെ സിനിമാക്കാരന്‍ കുടുതല്‍ കുടൂതല്‍ നന്നാവുന്നുണ്ട്.

Also Read  ഇന്ത ആട്ടം പോതുമാ….. കണ്ണ്; തകര്‍ത്തടക്കി സൂപ്പര്‍സ്റ്റാറിന്റെ പേട്ട

ചിത്രം തുടങ്ങുന്നത് തന്നെ ഡാര്‍ക്ക് മൂഡില്‍ ത്രില്ലര്‍ സ്വഭാവത്തോടെയാണ്. കേരളത്തിലെ സ്വര്‍ണ വ്യാപാര രംഗം ഭരിക്കുന്ന കൊലയും കൊള്ളിവെപ്പുമായി സ്വന്തം സാമ്രാജ്യം സൃഷ്ടിച്ച് എടുക്കുന്ന ജോര്‍ജ് പീറ്റര്‍ എന്ന മാഫിയ തലവനില്‍ നിന്നാണ് കഥയുടെ ആരംഭം. അവിടെ നിന്ന് ഡോ: ജോണ്‍ മിഖായേലിലേക്ക് കഥയെത്തുന്നു.

മിഖായേലിന്റെയും ജോര്‍ജിന്റെയും ജീവിതത്തില്‍ സംഭവിക്കുന്ന ചില കാര്യങ്ങളാണ് കഥയെ മുന്നോട്ട് കൊണ്ട് പോകുന്നത്. ഒരു ത്രില്ലര്‍ സിനിമയായതിനാല്‍ തന്നെ കഥയെ കുറിച്ചോ കഥാ പശ്ചാത്തലത്തെ കുറിച്ചോ അധികമൊന്നും പറയാന്‍ സാധിക്കില്ല.

അഡ്രിനാല്‍ റഷ് ഉണ്ടാക്കുന്ന കഥയും സംഭാഷണങ്ങളും പിന്നെ ബി.ജി.എമ്മും ചിത്രത്തെ മികച്ചതാക്കുന്നുണ്ട്. ഒരു കാര്യം ആദ്യം തന്നെ പറയട്ടെ കഥയുടെ ലോജിക്കും സിനിമയുടെ മൂല്യവും അഭിനയ മുഹൂര്‍ത്തങ്ങളുമെല്ലാം പ്രതീക്ഷിച്ചാണ് ഈ പടത്തിന് പോകുന്നതെങ്കില്‍ വേണ്ട… പകരം രണ്ട് രണ്ടര മണിക്കൂര്‍ ആസ്വദിച്ച് കൈയ്യടിച്ച് ത്രില്ലടിച്ച് തിയേറ്ററില്‍ നിന്ന് ഇറങ്ങുമ്പോള്‍ അവിടെ തന്നെ കളയാനുള്ള ഒരു സിനിമയ്ക്കാണോ നിങ്ങള്‍ പോകുന്നത് എങ്കില്‍ ധൈര്യമായി മിഖായേലിന് ടിക്കറ്റ് എടുക്കാം.

തന്റെ മുന്‍ ചിത്രങ്ങളെ പോലെ തന്നെ സ്റ്റൈലിഷായി എല്ലാ കഥാപാത്രങ്ങളെയും ഹനീഫ് ഈ ചിത്രത്തിലും അവതരിപ്പിച്ചിട്ടുണ്ട്. ചെറിയ സീനില്‍ വരുന്ന താരങ്ങള്‍ പോലും കിടിലന്‍ ലുക്കിലാണ് ചിത്രത്തില്‍ എത്തുന്നത്.

കൃത്യമായി കഥ നടക്കുന്നത് എവിടെയാണെന്ന് പറയുന്നില്ലെങ്കിലും സിനിമയില്‍ ഉപയോഗിക്കുന്ന കാറുകളില്‍ നിന്ന് ചിത്രം തൃശ്ശൂര്‍ കേന്ദ്രീകരിച്ചാണ് നടക്കുന്നത് എന്ന് വ്യക്തമാകുന്നുണ്ട്. എന്നാല്‍ ചിത്രത്തിലെ പല ഭാഗങ്ങളും ചിത്രീകരിച്ചിരിക്കുന്നത് കോഴിക്കോട് നിന്നാണ്.

പ്രളയം കാരണം കേരളത്തിലെ സിനിമകള്‍ പലതും മലബാര്‍ കേന്ദ്രീകരിച്ചാണ് ചിത്രീകരണം നടക്കുന്നത്. എങ്കിലും കോഴിക്കോടിന്റെ സ്ഥിരം സീനുകള്‍ പെടാതെ എന്നാല്‍ മികച്ച ലെക്കേഷനുകള്‍ സിനിമയില്‍ വരുന്നുണ്ട്. ട്രെയിലറില്‍ അടക്കം കാണിച്ച ആ സെമിത്തേരി എല്ലാം കോഴിക്കോടാണ് എന്ന് പറഞ്ഞാല്‍ ചിലപ്പോള്‍ ചിലര്‍ക്ക് വിശ്വസിക്കാന്‍ പ്രയാസമായിരിക്കും.

മിഖായേലിന്റെ സഹോദരിയായ ജെന്നിഫര്‍ ആയി എത്തുന്ന കുട്ടി മുതല്‍ ഹോസ്പിറ്റലില്‍ അലമ്പ് കാണിക്കുന്ന രോഗിയുടെ കൂട്ടിയിരുപ്പുകാരന്‍ അടക്കം തങ്ങളുടെ റോള്‍ മികച്ചതാക്കി.

ചിത്രത്തില്‍ സിദ്ധീഖാണ് ജോര്‍ജ് പീറ്ററായി എത്തുന്നത്. ആ മനുഷ്യനെ കുറിച്ച് എന്താണ് പറയുക… വാക്കുകള്‍ക്ക് അപ്പുറത്ത് സിദ്ധീഖ് ജോര്‍ജ് പീറ്ററിനെ മനോഹരമാക്കിയിട്ടുണ്ട്. സാധാരണ സിനിമകളില്‍ നിന്ന് വ്യത്യസ്തമായി വികാരങ്ങളുള്ള കരയുന്ന എന്നാല്‍ ക്രൂരതയുടെ പര്യായമായ ജോര്‍ജ് പീറ്റര്‍ ആവര്‍ത്തന വിരസതയില്ലാതെ സിദ്ധിഖ് മനോഹരമാക്കി.

ചിത്രം പ്രഖ്യാപിച്ചത് മുതല്‍ നിവിന്റെ കഥാപാത്രത്തെ കുറിച്ച് ഒരു സംശയം ഉണ്ടായിരുന്നു. നിവിന്‍ ആക്ഷന്‍ റോള്‍ എങ്ങിനെ ചെയ്യും. എന്തായിരിക്കും കഥാപാത്രം എന്നിങ്ങനെയെല്ലാം…. എന്നാല്‍ സിനിമയില്‍ തന്റെ റോള്‍ നിവിന്‍ മികച്ചതാക്കി. പോരായ്മകള്‍ ഇല്ലെന്നല്ല പക്ഷേ നിവിന്‍ പോളി എന്ന നടന്‍ ഒരോ ചിത്രം കഴിമ്പോളും നന്നായി പുരോഗമിക്കുന്നുണ്ട്.

തനിക്ക് മാസ് വേഷങ്ങളും നന്നായി ചേരുമെന്ന് നിവിന്‍ ചിത്രത്തില്‍ കാണിച്ചു തരുന്നുണ്ട്. ഉണ്ണി മുകുന്ദന്‍ ട്രെയ്‌ലറിലും പോസ്റ്ററിലും ഉണ്ടാക്കിയ ഹൈപ്പ് സിനിമയില്‍ ഉണ്ടായിരുന്നോ എന്നത് ചോദ്യമാണ്. മാര്‍കോ ജൂനിയര്‍ എന്ന കഥാപാത്രം ഉണ്ണിയുടെ കൈകളില്‍ ഭദ്രമായിരുന്നു. കട്ട വില്ലനിസം കാണിക്കുന്നുണ്ടെങ്കിലും സിനിമയില്‍ സീനുകളും, നായകനും വില്ലനും തമ്മിലുള്ള കൗണ്ടറുകളും വളരെ കുറവായിരുന്നു.

പോസ്റ്ററില്‍ വന്‍ ഹൈപ്പോടെ വന്ന പല താരങ്ങളും വളരെ കുറഞ്ഞ സമയം മാത്രമേ സ്‌ക്രീനിലുള്ളു. ഒരു പക്ഷേ മലയാള സിനിമയ്ക്ക് മാത്രമുള്ള ഒരു നിയമം ഉണ്ട് ചിത്രം രണ്ടര മണിക്കൂര്‍ വേണം എന്നത്. അത് കൊണ്ട് തന്നെ ചിലപ്പോഴൊക്കെ വലിച്ച് നീട്ടല്‍ ചിത്രത്തിന് തോന്നി. ഇന്റര്‍വെല്‍ എന്ന് തോന്നിക്കുന്ന സ്ഥലത്ത് നിന്ന് വീണ്ടൂം വലിച്ച് നീട്ടി കൊണ്ട് പോയതൊക്കെ അങ്ങിനെയാണ് തോന്നിയത്.

സുദേവ് എല്ലാം കഥാപാത്രമായി മാറിയപ്പോള്‍ പ്രതീക്ഷിച്ച മാസോ ക്ലാസോ ലഭിച്ചില്ല എന്നത് ചെറിയ ഒരു ദുഖമാണ്. കാരണം അത്ര വലിയ പ്രധാന്യമൊന്നും ആ കഥാപാത്രത്തിനുണ്ടായിരുന്നില്ല. മഞ്ജിമ മോഹനും പ്രത്യേകിച്ച് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല.

അശോകന്‍, ബാബു ആന്റണി, കെ.പി.എ.സി ലളിത, കലാഭവന്‍ ഷാജോണ്‍, ശാന്തി കൃഷ്ണ തുടങ്ങി നിരവധി പേര്‍ കഥാപാത്രങ്ങളായി വന്ന പോകുന്നുണ്ട്.

എടുത്ത് പറയേണ്ട മറ്റൊരു പ്രത്യേകത ഈ സിനിമയിലെ പൊലീസുകാര്‍ മണ്ടന്‍മാരല്ല. സാധാരണ എല്ലാ സിനിമയിലും ഒരു മണ്ടന്‍ പൊലീസുകാരന്‍ നിര്‍ബന്ധമാണല്ലോ. സുരാജിന്റെയും ജെ.ഡി ചക്രവര്‍ത്തിയുടെയും പൊലീസ് കഥാപാത്രങ്ങള്‍ മികച്ചു നിന്നു.

ഗോപി സുന്ദറിന്റെ ബി.ജി.എം ചിത്രത്തിനെ വെറെ ലെവല്‍ എത്തിക്കുന്നുണ്ട്. വിഷ്ണു പണിക്കരുടെ ക്യാമറയും ചിത്രത്തിന്റെ മൂഡ് കൃത്യമായി അവതരിപ്പിക്കാന്‍ കഴിഞ്ഞു. ചില സിംഗിള്‍ ടേക്ക് ഷോട്ടുകളും വാതിലിന് പുറകില്‍ നില്‍ക്കുന്ന സിദ്ധിഖിന്റെ ഷോട്ടുകളെല്ലാം വിഷ്ണുവിന്റെ ക്യാമറ മനോഹരമായി ഒപ്പിയെടുത്തിരിക്കുന്നു.

ഗ്രേറ്റ് ഫാദറിന്റെ വസ്ത്രാലങ്കാരം ചെയ്ത സ്റ്റെഫി സേവ്യര്‍ തന്നെയാണ് മിഖായേലിന്റെ വസ്ത്രാലങ്കാരവും നിര്‍വഹിച്ചിരിക്കുന്നത്. വസ്ത്രങ്ങളുടെ തീമിന് പോലും ചിത്രത്തില്‍ കാര്യമായ പ്രസക്തിയുണ്ട്.

ആകെ മൊത്തം തിയേറ്ററില്‍ പോയി രണ്ടര മണിക്കൂര്‍ ആസ്വദിച്ച് കാണാന്‍ പറ്റിയ. അഡ്രിനാല്‍ റഷ് ഉണ്ടാക്കുന്ന ഈ വര്‍ഷത്തെ ആദ്യത്തെ മാസ് മസാല സിനിമ തന്നെയാണ് മിഖായേല്‍

എന്‍.ബി: ചിത്രം കണ്ടിറങ്ങിയപ്പോള്‍ സിനിമ വാടാസാപ്പ് ഗ്രൂപ്പുകളില്‍ ചിലതില്‍ പടത്തിനെ കുറിച്ച് വളരെ മോശമായി അഭിപ്രായം കണ്ടു. പടം സ്പൂഫ് ആക്കാന്‍ പറ്റുമെന്നും ഇത്രയ്ക്ക് മോശം ആക്ഷന്‍ സിനിമ കണ്ടിട്ടില്ലെന്നും, ചിത്രത്തിലെ സംഭാഷണങ്ങള്‍ എല്ലാം മോശമാണെന്നുമെല്ലാം…… ഞാന്‍ കണ്ട സിനിമ തന്നെയല്ലെ ഇനി ഇവരും കണ്ടത് എന്ന് അറിയില്ല എന്തായാലും നൈറ്റ് ഷോ പറ്റിയാല്‍ ഒന്നുകൂടി പോയി ചെക്ക് ചെയ്ത് നോക്കണം.

അശ്വിന്‍ രാജ്
ഡൂള്‍ന്യൂസ് സീനിയര്‍ സബ് എഡിറ്റര്‍, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ബിരുദവും ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമയും പൂര്‍ത്തിയാക്കിയിട്ടുണ്ട്.