Mike Review | സെക്‌സ്, ജെന്‍ഡര്‍, സെക്ഷ്വാലിറ്റി; വിഫലമായ വെറൈറ്റി
Film Review
Mike Review | സെക്‌സ്, ജെന്‍ഡര്‍, സെക്ഷ്വാലിറ്റി; വിഫലമായ വെറൈറ്റി
അന്ന കീർത്തി ജോർജ്
Saturday, 20th August 2022, 12:56 pm
വളരെ സ്ലോപ്പിയായ തിരക്കഥയാണ് മൈക്കിന്റേത്. ട്രാന്‍സ്ജെന്‍ഡര്‍ അതിലെ ട്രാന്‍സ് വുമണ്‍, ട്രാന്‍സ് മെന്‍ എന്നീ വിഭാഗങ്ങളെ കുറിച്ച്, അവരുടെ ജീവിതം, അവരുടെ തീരുമാനങ്ങള്‍, ഫിസിക്കല്‍ ആന്റ് മെന്റലായുള്ള കാരണങ്ങള്‍ എന്നീ വിവിധ കാര്യങ്ങളെ കുറിച്ച് ആഴത്തില്‍ മനസിലാക്കുകയോ പഠിക്കുകയോ ചെയ്യാതെ എടുത്ത സിനിമയായാണ് ഈ പടം തോന്നുന്നത്.

സെക്‌സ്, ജെന്‍ഡര്‍, സെക്ഷ്വാലിറ്റി എന്നീ വിഷയങ്ങളില്‍ വളരെ തെറ്റിദ്ധാരണയുണ്ടാക്കുന്ന പലതും വിളിച്ചുപറയുന്ന, ആണ്‍കുട്ടിയാകാന്‍ ശ്രമിക്കുന്ന പെണ്‍കുട്ടികള്‍ എന്ന കോണ്‍സെപ്റ്റില്‍ എന്തൊക്കയോ പറയാന്‍ ശ്രമിക്കുന്ന, അതിനിടയില്‍ കട്ട മാച്ചോ മാന്‍ നായകന്റെ സെഡ് ഫ്‌ളാഷ് ബാക്ക് സ്റ്റോറി കൂടി ചേര്‍ത്തുവെച്ചിരിക്കുന്ന സിനിമയാണ് മൈക്ക്. ഒരുപക്ഷെ പുതുമയുണ്ടാകുമായിരുന്ന, ഇക്കാലം ചര്‍ച്ച ചെയ്യേണ്ട ഒരു സബ്ജക്ടിനെ വളരെ പെരിഫെറലായി സമീപിച്ച്, വര്‍ഷങ്ങള്‍ പഴക്കമുള്ള പ്ലോട്ടിലേക്ക് കുത്തിക്കയറ്റുക കൂടി ചെയ്തുകൊണ്ടാണ് ഈ സിനിമ എടുത്തിരിക്കുന്നത്

ഒരു പെണ്‍കുട്ടിക്ക് ആണ്‍കുട്ടിയാകാന്‍ തോന്നുന്നു. അതിനുള്ള തീരുമാനമെടുക്കുന്നു. ലിംഗമാറ്റ ശസ്ത്രക്രിയയിലേക്ക് പോകാന്‍ തീരുമാനിക്കുന്നു. ഇത് ഒരു സൈഡില്‍. മറ്റൊരു ഭാഗത്ത് കംപ്ലീറ്റ് മാച്ചോ മാനായ നായകന്‍ എന്തോ കാരണം കൊണ്ട് കുടിച്ച് കൂത്താടി ലക്കും ലഗാനുമില്ലാതെ തകര്‍ന്നടിഞ്ഞു ജീവിക്കുന്നു. ഇടക്കിടക്ക് മറ്റുള്ളവരെ രക്ഷിക്കാനോ ദേഷ്യം വന്നിട്ടോ കുറെ പേരെ എടുത്തിട്ട് തല്ലുന്നു.

ഇതാണ് മൈക്ക് എന്ന സിനിമയുടെ ഒരു കഥാപരിസരം. ഇപ്പറയുന്ന രണ്ടു പേരും ഒരു യാത്രയില്‍ വെച്ച് കണ്ടുമുട്ടുന്നതും പിന്നീട് അവരുടെ ലൈഫില്‍ നടക്കുന്ന കാര്യങ്ങളും കുറെ ഫ്ളാഷ്ബാക്കുകളുമാണ് സിനിമയിലുള്ളത്.

വളരെ സ്ലോപ്പിയായ തിരക്കഥയാണ് മൈക്കിന്റേത്. ട്രാന്‍സ്ജെന്‍ഡര്‍ അതിലെ ട്രാന്‍സ് വുമണ്‍, ട്രാന്‍സ് മെന്‍ എന്നീ വിഭാഗങ്ങളെ കുറിച്ച്, അവരുടെ ജീവിതം, അവരുടെ തീരുമാനങ്ങള്‍, ഫിസിക്കല്‍ ആന്റ് മെന്റലായുള്ള കാരണങ്ങള്‍ എന്നീ വിവിധ കാര്യങ്ങളെ കുറിച്ച് ആഴത്തില്‍ മനസിലാക്കുകയോ പഠിക്കുകയോ ചെയ്യാതെ എടുത്ത സിനിമയായാണ് ഈ പടം തോന്നുന്നത്.

മാത്രമല്ല, ട്രാന്‍സ് വുമണ്‍, ട്രാന്‍സ്മെന്‍ എന്നിവരുടെ ഐഡിന്റിറ്റിയെ വരെ ഈ സിനിമ വളരെ പ്ലോബ്ലമാറ്റിക്കായാണ് അവതരിപ്പിച്ചിരിക്കുന്നത്. സെക്സ് റീഅസൈന്‍മെന്റ് സര്‍ജറിയിലേക്ക് വ്യക്തികള്‍ നീങ്ങുന്നത് ചില സോഷ്യല്‍ സിറ്റുവേഷന്‍സ് കൊണ്ട് മാത്രമാണെന്നും ചുമ്മാ ഒരു തോന്നലിന്റെ പുറത്താണെന്നുമുള്ള തെറ്റിദ്ധാരണയും സിനിമയുണ്ടാക്കുന്നുണ്ട്.

സെക്ഷ്വാലിറ്റിയെ ആശ്രയിച്ചാണ് ജെന്‍ഡര്‍ നിലനില്‍ക്കുന്നതെന്ന തരത്തിലൊക്കെ സിനിമ സംസാരിക്കുന്ന പോലെ പലയിടത്തും തോന്നി. ആണ്‍കുട്ടികളാകാന്‍ ആഗ്രഹിക്കുന്നവര്‍ക്കാണ് ലെസ്ബിയന്‍ റിലേഷന്‍ഷിപ്പില്‍ താല്‍പര്യമുണ്ടാവുക എന്ന നിലയിലുള്ള നരേറ്റീവ് സിനിമയിലുണ്ട്.

പിന്നെ ഇതേ കുറിച്ചൊക്കെ സെക്സ് റീഅസൈന്‍മെന്റ് സര്‍ജറിയിലെ ചില വാക്കുകളല്ലാതെ മറ്റൊന്നും ഈ സിനിമ ശാസ്ത്രീയമായോ മറ്റു തലങ്ങളിലോ ശരിയായ വിവരങ്ങളുടെ പുറത്ത് സംസാരിക്കുന്നതായി തോന്നുന്നില്ല.

ആണ്‍കുട്ടികളായി ജനിച്ചിരുന്നെങ്കിലെന്ന് പെണ്‍കുട്ടികള്‍ ആഗ്രഹിച്ചിരുന്നതിന്റെ കുറെ കാരണങ്ങള്‍ സിനിമയില്‍ പറയുന്നുണ്ട്. പലപ്പോഴും ജീവിതത്തില്‍ പെണ്‍കുട്ടികളും പറഞ്ഞിട്ടുള്ള കാര്യങ്ങളാകും അതില്‍ ചിലതൊക്കെ. റിലേറ്റ് ചെയ്യാന്‍ പറ്റുന്നത്. പക്ഷെ ഒടുവില്‍ അക്കാരണങ്ങള്‍ സൊസൈറ്റിയുടെ കുറെ ചിട്ടവട്ടങ്ങളും മെയ്ല്‍ പ്രിവില്ലേജുകളുമാണെന്ന കണ്ടെത്തലൊക്കെ സിനിമ നടത്തുന്നുണ്ടെങ്കിലും അക്കാരണങ്ങളാണ് ഒരാള്‍ റീഅസൈനിങ്ങിന് ശ്രമിക്കുന്നതെന്ന ബോധ്യമാണ് സിനിമ മറ്റെല്ലാ സമയത്തും ഹോള്‍ഡ് ചെയ്യുന്നത്.

സിനിമയിലെ ഇപ്പറഞ്ഞ ആസ്പെക്ടുകളെ പറ്റി കൂടുതല്‍ വ്യക്തതയുള്ള ചര്‍ച്ചകളും വിമര്‍ശനങ്ങളുമൊക്കെ വരും ദിവസങ്ങളിലുണ്ടാകുമെന്ന് കരുതുന്നു.

ഇനി അടുത്ത കാര്യം സിനിമയിലെ പഴമയാണ്. അമ്മയുമായുള്ള നായകന്റെ കണക്ഷന്‍, അയാളുടെ ഫ്ളാഷ് ബാക്കിലെ പാട്ടും ഡാന്‍സും, എക്സ്ട്ര മാരിറ്റല്‍ അഫെയര്‍ പോലൊരു റിലേഷന്‍ഷിപ്പും അതിനെ കാണിച്ചിരിക്കുന്ന രീതിയും, സുഹൃത്തുക്കളായി എത്തുന്നവര്‍ എന്നിങ്ങനെ സിനിമയിലെ പല സബ് പ്ലോട്ടുകളും വലിയ ക്ലീഷേകളാണ്. ബോറടിപ്പിച്ചുകൊണ്ടാണ് ഓരോ സീനും വരുന്നത്. സംഭാഷണങ്ങളിലെയും സീനുകള്‍ മേക്ക് ചെയ്തെടുത്തതിലെയും ആര്‍ട്ടിഫിഷ്യാലിറ്റിയും കൂടിയാകുമ്പോള്‍ ഇത് പൂര്‍ണമാകും.

പിന്നെ, കള്ളു കുടിക്കുന്നതും പുകവലിക്കുന്നതുമാണ് ഇതിലെ ആണ്‍കുട്ടികളുടെ, അല്ലെങ്കില്‍ ആണ്‍കുട്ടിയാകാന്‍ ശ്രമിക്കുന്ന പെണ്‍കുട്ടികളുടെ ലക്ഷണങ്ങളായി കാണിച്ചിരിക്കുന്നത്. അവസാനത്തില്‍ സിനിമയുടെ മെസേജ് പോലെ പറയുന്ന ഒരു കാര്യമെടുത്തുവെച്ച് നോക്കുമ്പോള്‍ അത് സാറയുടെ തോന്നല്‍ എന്ന രീതിയിലാണ് ഇതിനെ ആദ്യത്തില്‍ സിനിമ അവതരിപ്പിച്ചിരിക്കുന്നതെന്ന് പറയാമെങ്കിലും, സിനിമയിലെ പല സ്റ്റീരിയോടൈപ്പുകളുടെ കൂട്ടത്തിലേക്ക് ഒന്നു കൂടി എന്ന നിലയിലേക്കേ ഇതൊക്കെ കണ്ടപ്പോള്‍ തോന്നിയുള്ളു.

സിനിമയിലെ ക്യാരക്ടേഴ്സിലേക്ക് വന്നാല്‍, ജെന്‍ഡറും മെയ്ല്‍ പ്രിവില്ലേജുകളുമൊക്കെ ചര്‍ച്ച ചെയ്യുന്ന സിനിമയില്‍ കംപ്ലീറ്റ് മാച്ചോ മാനായ ഒരാളെയാണ് നായകനായി അവതരിപ്പിച്ചിരിക്കുന്നത്. പഴയകാല സിനിമാ നായകസങ്കല്‍പ്പങ്ങളോട് ചേര്‍ന്നു നില്‍ക്കുന്ന രീതിയിലാണ് ഒരു തരത്തില്‍ ഇതിലെ നായകന്‍. കലിപ്പ്, കട്ട മസില്‍, അടി ഇടി, ഡാന്‍സ് ആന്റ് നായികയെ രക്ഷിക്കല്‍… എല്ലാം ഈ നായകനിലുണ്ട്. ആന്റണി എന്നീ ക്യാരക്ടറിനെ ഇപ്പറഞ്ഞ രീതിയില്‍ പുതുമുഖ താരമായ രഞ്ജിത്ത് സജീവ് അവതരിപ്പിച്ചിട്ടുണ്ട്.

മൈക്കാകാന്‍ ശ്രമിക്കുന്ന സാറയായാണ് ചിത്രത്തില്‍ അനശ്വര എത്തുന്നത്. സ്വയം ആണ്‍കുട്ടിയാണെന്ന് വിശ്വസിക്കുന്ന, ആ രീതിയില്‍ ജീവിക്കാന്‍ ആഗ്രഹിക്കുന്ന സാറയായി അനശ്വര നല്ല പ്രകടനം തന്നെയാണ് നടത്തുന്നത്. കളരി സീനും മറ്റും ഫൈറ്റ് സീനുകളും മികച്ച രീതിയിലാണ് അനശ്വര കൈകാര്യം ചെയ്തിരിക്കുന്നത്. പക്ഷെ ഈ ക്യാരക്ടറിന്റെ കഥാപാത്രസൃഷ്ടിയില്‍ ഒട്ടും ക്ലാരിറ്റിയില്ലെന്ന് മാത്രമല്ല അതുകൊണ്ട് തന്നെ പലയിടത്തും പ്രോബ്ലമാറ്റിക്കുമാകുന്നുണ്ട്.

ക്വീനിലെ ചിന്നുവിന് ശേഷം മറ്റുള്ളവരുടെ ജീവിതത്തില്‍ ചുമ്മാ ഇടിച്ചു കയറിചെല്ലുന്ന വെറുപ്പിക്കല്‍ നടത്തുന്നവള്‍ എന്ന ഒരു തലം കൂടി ഈ കഥാപാത്രത്തിണ്ടെങ്കിലും സിനിമ ഇതിനെ കഥാപാത്രത്തിന്റെ ബോള്‍ഡ്നെസ് ഓപ്പണ്‍നെസ് എന്ന നിലയിലൊക്കെയാണ് അവതരിപ്പിച്ചിരിക്കുന്നത്.

പിന്നെ സാറയെയും ആന്റണിയെയും- ഒരുതരത്തില്‍ നായികയെ കായികമായി രക്ഷിച്ചുകൊണ്ടുവരുന്ന നായകന്‍, നായകനെ മാനസികമായി രക്ഷിച്ചെടുത്ത് ജീവിതത്തിലേക്ക് തിരികെയെത്തിക്കുന്ന നായിക എന്ന നിലയില്‍ കൂടി കാണാവുന്നതാണ്.

പിന്നെ, സിനിമയില്‍ ചില ഫൈറ്റ് സീനുകളുടെ കൊറിയോഗ്രഫിയും ആക്ടേഴ്സിന്റെ മൂവ്മെന്റുകളും ആ സമയത്തെ ക്യാമറാ വര്‍ക്കും എഡിറ്റും നല്ലതായിരുന്നു. ഒരു ആക്സിഡന്റ് സീന്‍ ഗംഭീരമായി തന്നെ എടുത്തിട്ടുണ്ട്.

Content Highlight: Mike movie review

അന്ന കീർത്തി ജോർജ്
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.