ആ 16 പേരുടേത് അപകടമരണമോ?കേന്ദ്രത്തിനു നേരെ ഉയരുന്ന വിമര്‍ശനങ്ങള്‍
രോഷ്‌നി രാജന്‍.എ

 

മഹാരാഷ്ട്രയിലെ ഔറംഗാബാദില്‍ ട്രെയിന്‍ ഇടിച്ച് 16 അതിഥി സംസ്ഥാന തൊഴിലാളികള്‍ മരണപ്പെട്ട സംഭവത്തെ വെറുമൊരു അപകടമരണമായി മാത്രം കാണാനാകുമോ എന്നതാണ് സമൂഹ്യമാധ്യമങ്ങളില്‍ ഇപ്പോഴുയരുന്ന ചോദ്യങ്ങള്‍. ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ യാത്രാസൗകര്യങ്ങളുടെ അഭാവത്തില്‍ സ്വന്തം നാടായ മധ്യപ്രദേശിലേക്ക് കാല്‍നടയായി പോകുന്നതിനിടെ റെയില്‍വെ ട്രാക്കില്‍ വിശ്രമിച്ച മനുഷ്യരുടെ ശരീരത്തിലേക്ക് ട്രെയിന്‍ ഇടിച്ചു കയറുകയായിരുന്നു. ട്രെയിന്‍ ഗതാതഗം ഇല്ലെന്ന് കരുതി ട്രാക്കില്‍ വിശ്രമിച്ചവരായിരുന്നു മഹാരാഷ്ട്രയിലെ ജല്‍നയില്‍ എസ്.ആര്‍.ജി കമ്പനിയിലെ തൊളിലാളികളായിരുന്ന ഈ മനുഷ്യര്‍.

റയില്‍വേ ട്രാക്കില്‍ കിടക്കരുതെന്ന സുരക്ഷസംബന്ധമായ നിയമങ്ങള്‍ നിലനില്‍ക്കെത്തന്നെയും ഇത്തരത്തിലൊരു കൂട്ടമരണത്തിലേക്ക് നയിച്ച മറ്റ് ഘടകങ്ങളെക്കൂടി കണക്കിലെടുക്കേണ്ടതുണ്ടെന്ന വിമര്‍ശനങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞിരിക്കുന്നു. രാജ്യത്തിന്റെ വിവിധ കോണുകളില്‍ തൊഴിലെടുക്കുന്ന അന്തര്‍സംസ്ഥാനത്തൊഴിലാളികളുടെ ജീവിതത്തെ സംബന്ധിച്ച് യാതൊരു മുന്നൊരുക്കങ്ങളും നടത്താതെ രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച കേന്ദ്രസര്‍ക്കാര്‍ തന്നെയാണ് ഈ കൂട്ടമരണത്തിനും കാരണക്കാര്‍ എന്നാണ് ഉയരുന്ന വിമര്‍ശനങ്ങള്‍.

തൊഴിലില്ലായ്മയും പട്ടിണിയും കാരണം സ്വന്തം ഗ്രാമങ്ങളിലേക്ക് മടങ്ങുന്ന അതിഥിസംസ്ഥാനത്തൊഴിലാളികളോട് കേന്ദ്രസര്‍ക്കാര്‍ പുലര്‍ത്തുന്ന മനോഭാവത്തിനെതിരെയും പ്രതിപക്ഷമുള്‍പ്പെടെയുള്ളവര്‍ രംഗത്തു വന്നിരിക്കുകയാണ്. അതിഥിസംസ്ഥാനത്തൊഴിലാളികളെ സ്വന്തം നാടുകളില്‍ എത്തിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ ഇതുവരെയും നടപടികള്‍ സ്വീകരിച്ചിട്ടില്ലെന്ന വിമര്‍ശനങ്ങള്‍ നിലനില്‍ക്കുമ്പോള്‍ തന്നെയാണ് ഏറ്റവും ഒടുവിലായി ഔറംഗാബാദില്‍ 16 തൊഴിലാളികളുടെ ജീവന്‍ പൊലിഞ്ഞിരിക്കുന്നത്.

ഉറക്കമുണരുമ്പോള്‍ കഴിക്കാന്‍ ഇവര്‍ കരുതിയ റൊട്ടികള്‍ പാളത്തില്‍ ചിതറിക്കിടക്കുന്നതിന്റെ ചിത്രങ്ങള്‍ സാമൂഹ മാധ്യമങ്ങളില്‍ നിരവധി പേര്‍ പങ്കുവെച്ചത് ഇത് തോറ്റ ഇന്ത്യയാണെന്ന അടിക്കുറിപ്പോടു കൂടിയായിരുന്നു. ഗ്രാമങ്ങളിലേക്ക് മടങ്ങുന്നതിന് പാസുകള്‍ക്കായി ഒരാഴ്ച മുമ്പ് അപേക്ഷിച്ചിരുന്നെങ്കിലും ഒരു പ്രതികരണവും ലഭിക്കാത്തതിനാലാണ് നടന്നുപോവാന്‍ തീരുമാനിച്ചതെന്നാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട വീരേന്ദ്ര സിംഗ് എന്നയാള്‍ പറഞ്ഞത്. മധ്യപ്രദേശില്‍ അതിഥി സംസ്ഥാനത്തൊഴിലാളികളുടെ യാത്രാസംബന്ധമായ കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി നിയോഗിക്കപ്പെട്ട ഉദ്യാഗസ്ഥരില്‍ ഭൂരിഭാഗവും ഒരിക്കല്‍ പോലും ഫോണ്‍ എടുത്തില്ലെന്നതാണ് ഇത്തരത്തില്‍ ഒരു അപകടത്തിലേക്ക് നയിച്ചതെന്ന് പ്രതിപക്ഷം ആരോപിച്ചിരിക്കുകയാണ്.

ആ പതിനാറ് അതിഥി തൊഴിലാളികളുടെയും മരണത്തിന് ഉത്തരവാദി കേന്ദ്രസര്‍ക്കാരാണെന്നാണ് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചത്. കേന്ദ്രസര്‍ക്കാര്‍ അതിഥി തൊഴിലാളികളോട് ചെയ്തത് കുറ്റകരമാണെന്ന് പറഞ്ഞ യെച്ചൂരി സര്‍ക്കാരിന്റെ അതിഥി സംസ്ഥാന തൊഴിലാളികളോടുള്ള നയത്തിനെതിരെ രൂക്ഷ വിമര്‍ശനവും ഉന്നയിച്ചു.

തൊഴിലാളികളുടെ യാത്രാസൗകര്യത്തിനായി എന്ത് സംവിധാനങ്ങളാണ് നിങ്ങള്‍ സജ്ജീകരിച്ചിരുന്നതെന്ന ചോദ്യം മധ്യപ്രദേശിലെ ബി.ജെ.പി സര്‍ക്കാരിനെതിരെ ഉന്നയിച്ചുകൊണ്ട് കോണ്‍ഗ്രസും രംഗത്തു വന്നിരിക്കുകയാണ്. പൊള്ളയായ വാഗ്ദാനങ്ങള്‍ മാത്രമേ ബി.ജെ.പി സര്‍ക്കാരിന് കൈമുതലായുള്ളുവെന്നും മടങ്ങി വരുന്ന തൊഴിലാളികളുടെ ലിസ്റ്റ് നല്‍കിയാല്‍ വേണ്ട സൗകര്യങ്ങള്‍ കോണ്‍ഗ്രസ് തയ്യാറാക്കിക്കൊള്ളുമെന്നും മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രികൂടിയായ കമല്‍നാഥ് പറയുകയായിരുന്നു.

ലോക്ക്ഡൗണ്‍ പശ്ചാത്തലത്തില്‍ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന അതിഥി സംസ്ഥാനത്തൊഴിലാളികളെ സ്വന്തം നാടുകളില്‍ എത്തിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തു നിന്നും നടപടികള്‍ ഒന്നും തന്നെ ഇല്ലാത്ത സാഹചര്യത്തില്‍ ചില സംസ്ഥാനങ്ങള്‍ മുന്‍കൈ എടുത്താണ് തൊഴിലാളികളെ സ്വന്തം നാട്ടിലേക്ക് അയച്ചത്. പഞ്ചാബില്‍ നിന്ന് ജാര്‍ഖണ്ഡിലേക്ക് പോയ തൊഴിലാളികളുടെ യാത്രാചിലവ് പഞ്ചാബ് സര്‍ക്കാര്‍ അടക്കുകയായിരുന്നു. രാജസ്ഥാനിലും ഛത്തീസ്ഗഡ്ഡിലും അതിഥി സംസ്ഥാനത്തൊഴിലാളികളുടെ ടിക്കറ്റ് കൂലി അതത് സര്‍ക്കാരുകള്‍ തന്നെ ഏറ്റെടുത്തിരുന്നു. യാത്രാക്കൂലി ഏറ്റെടുത്തില്ലെങ്കിലും തൊഴിലാളികളെ നാട്ടിലെത്തിക്കാനുള്ള ട്രെയിന്‍ സൗകര്യം ഒരുക്കിക്കൊണ്ടും ചില സംസ്ഥാനങ്ങള്‍ മാതൃകയായി.

എന്നാല്‍ മിക്ക സംസ്ഥാനങ്ങളിലും പെട്ടുപോയ അന്തര്‍സംസ്ഥാനത്തൊഴിലാളികള്‍ നേരിട്ടത് തിക്ത അനുഭവങ്ങളായിരുന്നു.
വിവിധ സംസ്ഥാനങ്ങളിലായി ജോലി നോക്കുന്ന പതിരനായിരകണക്കിന് തൊഴിലാളികള്‍ ലോക്ക്ഡൗണ്‍ ദിവസങ്ങളില്‍ എങ്ങനെ ജീവിക്കുമെന്നതിനെക്കുറിച്ച് കൃത്യമായ പദ്ധതികള്‍ ഒന്നും തന്നെ നടപ്പിലാക്കാതെയാണ് ഈ തൊഴിലാളികള്‍ നാടുകളിലേക്ക് മടങ്ങുന്നത് ഒഴിവാക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചത്.

എന്നാല്‍ ലോക്ക് ഡൗണിനെ തുടര്‍ന്ന് തൊഴിലും വരുമാനവും ഭക്ഷണവും താമസ സൗകര്യവും ഇല്ലാതായപ്പോള്‍ ആയിരക്കണക്കിന് തൊഴിലാളികള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നാട്ടിലേക്ക് മടങ്ങുന്ന കാഴ്ച രാജ്യം കാണുകയായിരുന്നു. പൊതു ഗതാഗത സംവിധാനങ്ങള്‍ ഇല്ലാതായതോടെ നടക്കുകയാല്ലാതെ മറ്റ് വഴികള്‍ ഇല്ലെന്നാണ് കാല്‍നടക്കാരായ സ്ത്രീകളും കുട്ടികളുമടങ്ങിയ സംഘം പറയുന്നത്.

ലോക്ക്ഡൗണിന്റെ ആദ്യ നാളുകളില്‍ മുംബൈയില്‍ നിന്നും ഗുജറാത്തിലേക്ക് കാല്‍നടയായി പോയ അതിഥി സംസ്ഥാന തൊഴിലാളികള്‍ക്കിടയിലേക്ക് ലോറി പാഞ്ഞ് കയറി നാല് പേര്‍ മരണപ്പെട്ടതും വലിയ വാര്‍ത്തയായിരുന്നു. ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്താതെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത് അതിഥി സംസ്ഥാനത്തൊഴിലാളികളെ വലിയ ദുരിതത്തിലേക്ക് കടത്തിവിടുമെന്ന് സാമൂഹിക നിരീക്ഷകര്‍ തുടക്കത്തിലേ ചൂണ്ടിക്കാട്ടിയിരുന്നു.

ലോക്ക്ഡൗണിന്റെ തുടക്കത്തില്‍ തന്നെ തൊഴിലാളികള്‍ക്കും രാജ്യത്തെ പാവപ്പെട്ട 50 ശതമാനം ആളുകള്‍ക്കും ബാങ്ക് അക്കൗണ്ടിലേക്ക് 7500 രൂപ വീതം നല്‍കണമെന്ന് പറഞ്ഞ് രാഹുല്‍ ഗാന്ധിയും രഘുറാം രാജനും അഭിജിത് ബാനര്‍ജിയുമുള്‍പ്പെടെയുള്ളവര്‍ രംഗത്തു വന്നതുമാണ്. എന്നാല്‍ ഈ നയങ്ങള്‍ക്കൊന്നും ചെവികൊടുക്കാത്ത കേന്ദ്രസര്‍ക്കാര്‍ അതിഥി സംസ്ഥാനത്തൊഴിലാളികളോട് പുലര്‍ത്തുന്ന മനോഭാവം അത്രമേല്‍ ഖേദകരമാണെന്നാണ് പ്രതിപക്ഷം ഉള്‍പ്പെടെ ആരോപിക്കുന്നത്.

 

രോഷ്‌നി രാജന്‍.എ
മഹാരാജാസ് കോളജില്‍ നിന്നും കെമിസ്ട്രിയില്‍ ബിരുദാനന്തര ബിരുദം, കോഴിക്കോട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്റ് ജേണലിസത്തില്‍ നിന്നും പി.ജി ഡിപ്ലോമ. ഇപ്പോള്‍ ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി.