തന്റെ വ്യത്യസ്തമായ അവതരണ ശൈലിയിലൂടെ വലിയ പ്രേക്ഷക സ്വീകാര്യത നേടിയ അവതാരകനും നടനുമാണ് മിഥുൻ രമേശ്. ടെലിവിഷൻ പരിപാടികളെ പോലെതന്നെ ബിഗ് സ്ക്രീനിലും മിഥുൻ സജീവമാണ്. മലയാളത്തിലെ സൂപ്പർതാരങ്ങളടക്കമുള്ള അഭിനേതാക്കളോടൊപ്പം മിഥുൻ അഭിനയിച്ചിട്ടുണ്ട്.
സിനിമയിലേക്ക് എത്തിയതിനെ കുറിച്ചും തന്റെ സിനിമകളെ കുറിച്ചും സംസാരിക്കുകയാണ് മിഥുൻ. സ്കൂൾ കാലഘട്ടത്തിൽ മോഹൻലാലിനെ ആദ്യമായി നേരിട്ട് കണ്ട ശേഷമാണ് സിനിമയുടെ മാജിക്ക് താൻ അറിയുന്നതെന്നും അന്ന് മുതൽ താൻ കടുത്ത മോഹൻലാൽ ആരാധകനാണെന്നും മിഥുൻ പറയുന്നു. വെട്ടം സിനിമയിലെ തന്റെ കഥാപാത്രത്തെ കുറിച്ച് ഇപ്പോഴും ആളുകൾ മെസേജ് അയക്കാറുണ്ടെന്നും മുപ്പത് ലക്ഷത്തിന് വേണ്ടി കാമുകിയെ വിട്ടുകളഞ്ഞില്ലേയെന്നാണ് മെസേജ് വരാറെന്നും മിഥുൻ കൂട്ടിച്ചേർത്തു.
‘അച്ഛൻ രമേശ് പൊലീസിലായിരുന്നു. തിരുവനന്തപുരത്ത് മെഡിക്കൽ കോളജിനടുത്തുള്ള വീട്ടിലാണ് അച്ഛനും അമ്മ ഷീലയും ഞാനും അനിയൻ നിതിനുമൊക്കെ താമസിച്ചിരുന്നത്. ട്രിവാൻഡ്രം ക്ലബിൽ മെമ്പറായിരുന്നു അച്‌ഛൻ. വേണു നാഗവള്ളിയും ബാലചന്ദ്രമേനോനുമൊക്കെ അച്ഛന്റെ സുഹൃത്തുക്കളായിരുന്നു.
ഏഴാം ക്ലാസ്സിൽ പഠിക്കുന്ന സമയം, തച്ചോളി വർഗീസ് ചേകവർ സിനിമ റിലീസായ പിറകേ ക്ലബ്ബിൽ നടന്ന പരിപാടിയിൽ വച്ചു ലാലേട്ടനെ കണ്ടു. ഷേക്ക് ഹാൻഡ് കൊടുത്തു. ആ മാജിക്കാണ് എന്നെ നടനാക്കിയത്. അന്നേ കടുത്ത മോഹൻലാൽ ഫാനാണ്. കോളേജ് കാലത്ത് ബൈക്കിൽ പോകുമ്പോൾ പോലും ചരിഞ്ഞിരിക്കുമായിരുന്നു. അച്ഛന്റെ സുഹൃത്തായ പി.സി. സോമൻ സാറാണ് ആദ്യമായി ക്യാമറയ്ക്കു മുന്നിൽ നിർത്തിയത്.
വെട്ടം സിനിമയൊക്കെ കണ്ട് ഇപ്പോഴും ആളുകൾ മെസേജ് അയക്കും, 30 ലക്ഷം രൂപയ്ക്കു വേണ്ടി കാമുകിയെ വിട്ടു കളഞ്ഞല്ലോ, സിനിമകൾ ഹിറ്റായി ഓടിയ ആ സമയത്ത് ജീവിതത്തിൽ ചില സംഭവങ്ങളൊക്കെ നടന്നു. ഡി.വൈ.എസ്.പിയായി ജോലി ചെയ്യുന്നതിനിടെ അച്ഛൻ പെട്ടെന്ന് മരിച്ചു. ഞാൻ പ്രീ ഡിഗ്രി ഒന്നാം വർഷം പഠിക്കുകയാണ്. സിനിമയും സീരിയലും ഡബ്ബിങ്ങുമുണ്ട്. സീരിയലിന് ഡെയ്‌ലി പേമെന്റ്റാണ്. കാശ് അമ്മയെ ഏൽപ്പിക്കും.
അച്ഛന്റെ ജോലി എനിക്ക് കിട്ടിയെങ്കിലും അപ്പോഴേക്കും ഏഷ്യയിലെ ആദ്യ മലയാളം എഫ്.എമ്മായ ഹിറ്റ് എഫ്.എമ്മിൽ ദുബായിൽ ജോലി ശരിയായിരുന്നു. ഒരു ദിവസം ഡ്യൂട്ടി ചെയ്‌ത ശേഷം ലീവെടുത്തു. കല്യാണം ഉറപ്പിച്ച ശേഷമാണ് സർക്കാർ ജോലി രാജിവച്ചത്. ആ തീരുമാനം തെറ്റായില്ല എന്നാണു കാലം തെളിയിച്ചത്,’മിഥുൻ പറയുന്നു.
Content Highlight: Midhun Ramesh About His Films