അവരിൽ നിന്നൊക്കെയാണ് ഓരോ കഥാപാത്രങ്ങളും ഉണ്ടായത്; ഗൈ റിച്ചി സിനിമകളിൽ കാണുന്ന സ്റ്റൈലിഷ് മണ്ടനാണ് ഡ്യൂഡ്: മിഥുൻ മാനുവൽ തോമസ്
Malayalam Cinema
അവരിൽ നിന്നൊക്കെയാണ് ഓരോ കഥാപാത്രങ്ങളും ഉണ്ടായത്; ഗൈ റിച്ചി സിനിമകളിൽ കാണുന്ന സ്റ്റൈലിഷ് മണ്ടനാണ് ഡ്യൂഡ്: മിഥുൻ മാനുവൽ തോമസ്
നന്ദന എം.സി
Saturday, 21st March 2026, 8:36 am

വലിയൊരു പരാജയത്തിൽ നിന്നും ഒരു ഹിറ്റ് സിനിമയായി മാറിയ ചിത്രമാണ് ആട്. ഒന്നാം ഭാഗം തിയേറ്ററിൽ ഫ്ലോപ്പ് ആവുകയും എന്നാൽ രണ്ടാം ഭാഗം വൻ വിജയം നേടുകയും ചെയ്തു. ഇപ്പോൾ മൂന്നാം ഭാഗം തിയേറ്ററിൽ മികച്ച പ്രതികരണത്തോടുകൂടി മുന്നോട്ട് പോവുകയാണ്. ചിത്രത്തിലെ ഓരോ കഥാപാത്രവും പ്രേക്ഷകർക്ക് ചിരിയുടെ മാല പടക്കമാണ് സമ്മാനിച്ചത്.

ഇപ്പോഴിതാ ‘ആട്’ സിനിമയിലെ പോപ്പുലറായ കഥാപാത്രങ്ങൾക്ക് പിന്നിലുള്ള ഇൻസ്പിറേഷനും കഥയും പങ്കുവെക്കുകയാണ് സംവിധായകൻ മിഥുൻ മാനുവൽ തോമസ്. ക്ലബ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സർബത്ത് ഷമീർ,. Photo: Official poster

‘സർബത്ത് ഷമീർ എന്ന കഥാപാത്രം സുരേഷ് ഗോപിയുടെ ‘മിന്നൽ പ്രതാപ്’ എന്ന കഥാപാത്രത്തിൽ നിന്നാണ് കിട്ടിയത്. അന്ന് അത്രയും മാച്ച് ആയ ഒരു പൊലീസുകാരനായി സുരേഷ് ഗോപി വന്നിട്ട് നമ്മളെ ഒക്കെ ചിരിപ്പിച്ചു. പുള്ളി വന്ന് ബോട്ടിൽ നിന്ന് വെള്ളത്തിലേക്ക് വീഴുന്നതാണ് ആദ്യം തന്നെ നമ്മളെ കാണിക്കുന്നത്. ആരും പ്രതീക്ഷിക്കില്ല അത്.

ഡ്യുഡ്, Photo: Vinayakan/ Facebook

എന്റെ മനസിൽ അങ്ങനെ കിടക്കുന്ന ഒരു കഥാപാത്രമായിരുന്നു അത്. അങ്ങനെയുള്ള ഒരു രസികൻ പൊലീസ് ക്യാരക്ടർ. ഇതേ പോലെ നല്ല ലുക്ക് എല്ലാം കൊടുത്തിട്ട് സൽമാൻ ഖാനെ പോലെ അവതരിപ്പിക്കുന്ന ഒരു മണ്ടനായ ഒരാൾ. പുള്ളി ഉപദ്രവകാരിയൊന്നുമല്ല, ഉപകാരിയുമല്ല അങ്ങനെയാണ് സർബത്ത് ഷമീർ എന്ന കഥാപാത്രത്തിലേക്ക് വന്നത്

ഡ്യൂഡ് എങ്ങനെയാണ് ഉണ്ടായതെന്ന് വെച്ചാൽ ഗൈ റിച്ചിയുടെ സിനിമകളിൽ നമ്മൾ കാണുന്ന സ്റ്റൈലിഷ് മണ്ടന്മാരാണ് പ്രചോദനം. സ്റ്റൈലിഷ് വില്ലൻ ആയിരിക്കും, എന്നാൽ വൻ മണ്ടൻ ആയിരിക്കും ഇങ്ങനെയാണ് ഡ്യൂഡ് എന്ന കഥാപാത്രം ഉണ്ടാകുന്നത്.

ശശി ആശാൻ നമുക്ക് ആൾറെഡി ഉണ്ടല്ലോ അദ്ദേഹത്തെ എനിക്ക് ഇഷ്ടവുമാണ്. അതുകൊണ്ട് ആശാനേ ഒരു കാരിക്കേച്ചറിഷായി അവതരിപ്പിച്ചു. അത് ഭൂരിഭാഗം പേരും സ്പോർട്സ്മാൻ സ്പിരിറ്റിൽ എടുത്തു. ഏതെങ്കിലും ഒരു രാഷ്ട്രീയക്കാരനെ എടുത്താൽ ആളുകൾക്ക് കണക്റ്റ് ആവില്ല, അതുകൊണ്ട് നമ്മൾ ശശി ആശാനേ എടുത്തു,’ മിഥുൻ പറഞ്ഞു.

ഷാജി പാപ്പാൻ, Photo: IMDb

തനിക്ക് വടം വലി വളരെ ഇഷ്ടമാണെന്നും അത് കാണാൻ പോകാറുണ്ടെന്നും അവിടെ നിന്നും ലഭിച്ചതാണ് ഷാജി പാപ്പാൻ എന്ന കഥാപാത്രമെന്നും അദ്ദേഹം പറഞ്ഞു.

‘ഷാജി പാപ്പൻ എന്ന കഥാപാത്രം ഉണ്ടായത് എങ്ങനെയാണ് എന്ന് വെച്ചാൽ നമ്മുടെ നാട്ടിലൊക്കെ വടം വലിയുണ്ടാകും. എനിക്ക് ഭയങ്കരഇഷ്ട്ടമാണ്. അങ്ങനെ വടം വലി കാണാൻ പോകുമ്പോൾ പല സ്ഥലങ്ങളിലും ഒരു കാർണോർ പിള്ളേരെയും കൊണ്ട് വന്നിട്ടുണ്ടാകും. അങ്ങനെയാണ് ഷാജിപാപ്പൻ എന്ന കഥാപാത്രം ഉണ്ടാകുന്നത്,’ അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlight: Midhun Manual talk about aadu movie characrters

നന്ദന എം.സി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.