മുഖ്യമന്ത്രീ.. താങ്കള്‍ ഇവരെ കേള്‍ക്കണം; അല്ലെങ്കില്‍ ഇനിയും സ്ത്രീകള്‍ ആത്മഹത്യ ചെയ്യും
ജംഷീന മുല്ലപ്പാട്ട്

കേരളത്തിന്റെ ഗ്രാമീണ, ഇടത്തരം മേഖലകളില്‍ വിവിധ മൈക്രോ ഫിനാന്‍സിംഗ് സ്ഥാപനങ്ങള്‍ പിടിമുറുക്കുന്നു. ചെറിയ തുക നല്‍കി ഭീമമായ പലിശ ഈടാക്കുന്ന മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങളുടെ തട്ടിപ്പും അതുമൂലം നടന്നിട്ടുള്ള ആത്മഹത്യകളും തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂരിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. തിരിച്ചടവ് മുടങ്ങിയത് കൊണ്ട് സ്ഥാപനങ്ങളുടെ ഭീഷണിയും അപമാനവും ഭയന്നാണ് ആത്മഹത്യ ചെയ്തിരിക്കുന്നത്.

ആത്മഹത്യ ചെയ്തവര്‍ എല്ലാവരും സ്ത്രീകളാണ്. കൊടുങ്ങല്ലൂര്‍ കുനിയാറ കോളനിയില്‍ രണ്ടു സ്ത്രീകളും കുറ്റിച്ചിറയില്‍ ഒരു അധ്യാപികയും ആത്മഹത്യ ചെയ്തതായി മൈക്രോ ഫിനാന്‍സിംഗ് സ്ഥാപനങ്ങളുടെ തട്ടിപ്പിനിരയായവര്‍ പറയുന്നു. പാലക്കാട് ജില്ലയില്‍ 40 ആളുകള്‍ ആത്മഹത്യ ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ട്. പണം അടക്കാന്‍ കഴിയാത്തതു കൊണ്ട് വൃക്ക വിറ്റ സ്ത്രീയും വീട് വിറ്റ കുടുംബവും കൊടുങ്ങല്ലൂരിലുണ്ട്.

കേരളത്തിന്റെ ഒട്ടു മിക്ക പ്രദേശങ്ങളിലും വിവിധ മൈക്രോ ഫിനാന്‍സിംഗ് സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇടത്തരം, ദരിദ്ര, കോളനികള്‍ കേന്ദ്രീകരിച്ചാണ് ഇത്തരം മൈക്രോ ഫിനാന്‍സിംഗ് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം. സ്ത്രീകളാണ് ഇവരുടെ “ടാര്‍ജെറ്റ്”. എല്ലാ സ്ഥാപനങ്ങളും പലിശാധിഷ്ഠിതമായാണ് പ്രവര്‍ത്തിക്കുന്നത്.

വേഗത്തില്‍ പണം ലഭിക്കാനുള്ള ഉപാധിയായ മൈക്രോ ഫിനാന്‍സിംഗ് സ്ഥാപനങ്ങളുടെ വാഗ്ദാനങ്ങളില്‍ ആകൃഷ്ടരായാണ് സ്ത്രീകള്‍ ഇത്തരം സ്ഥാപനങ്ങളില്‍ നിന്നും പണമെടുക്കുന്നത്. എന്നാല്‍ ഒറ്റത്തവണ ഈ വലിയൊരു ചതിക്കുഴിയില്‍ പെട്ടാല്‍ അവിടെ നിന്നും ഒരു കാലത്തും മോചനമുണ്ടാവില്ലെന്ന് സ്ത്രീകള്‍ തന്നെ പറയുന്നു.

ഇത്തരത്തില്‍ മൈക്രോ ഫിനാന്‍സിംഗ് സ്ഥാപനങ്ങളുടെ തട്ടിപ്പിനും ചൂഷണത്തിനും ഇരയായ ഒരു കൂട്ടം സ്ത്രീകള്‍ ഡൂള്‍ന്യൂസിനോട് അവരുടെ ജീവിതം തുറന്നു പറഞ്ഞു. തൃശ്ശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂരിലെ പടിയൂര്‍, മതിലകം, കൈപ്പമംഗലം, എസ്.എന്‍ പുരം, കൊടുങ്ങല്ലൂര്‍ മുനിസിപ്പാലിറ്റി എന്നീ പ്രദേശങ്ങളില്‍ നിന്നുള്ള സ്ത്രീകളാണ് മൈക്രോ ഫിനാസിംഗ് സ്ഥാപനങ്ങളുടെ തട്ടിപ്പിന്റെ കഥകള്‍ തുറന്നു പറഞ്ഞത്. ഈ പ്രദേശങ്ങളിലെ എല്ലാ സ്ത്രീകളും വിവിധ മൈക്രോ ഫിനാന്‍സിംഗ് സ്ഥാപനങ്ങളുടെ തട്ടിപ്പിനിരകളാണ്.

ഇസാഫ്, മാക്‌സ് വാല്യു, എസ്.കെ.എസ്, ഡോറ, എല്‍&ടി ഫിനാന്‍സ്, ആശിര്‍വാദ്, എസ്.എം.എല്‍, ബി.ആര്‍.ഡി, ജനപ്രിയ, കവിത, ബെല്‍സ്റ്റാര്‍, ഗുരുകിരണ്‍, ധനിക തുടങ്ങി 20 മൈക്രോ ഫിനാന്‍സിംഗ് സ്ഥാപനങ്ങളാണ് ഈ പ്രദേശങ്ങളില്‍ നിന്നും പണപ്പിരിവ് നടത്തുന്നത്. 70 അംഗങ്ങളുള്ള ഒരു പ്രദേശത്തു നിന്നും 626000 രൂപയാണ് ആഴ്ചതോറും ഫിനാന്‍സിംഗ് സ്ഥാപനങ്ങള്‍ പിരിക്കുന്നത്.

18 മുതല്‍ 36 ശതമാനം വരെ പലിശ ഈടാക്കുന്ന ഈ സ്ഥാപനങ്ങള്‍ പലിശയിനത്തില്‍ പിരിക്കുന്നതാവട്ടെ 118000 രൂപയാണ്. ഒരു കുടുംബത്തിന്റെ അധ്വാനത്തിന്റെ നല്ലൊരു പങ്കും തങ്ങളുടെ ജീവിതത്തിന് യാതൊരു പ്രയോജനവും നല്‍കാത്ത ഫൈനാന്‍സ് സ്ഥാപനങ്ങള്‍ക്ക് പലിശ ഇനത്തില്‍ മാത്രമാണ് ഇവര്‍ നല്‍കുന്നത്.

പണം ലഭിക്കാനുള്ള എളുപ്പ വഴിയാണ് മൈക്രോ ഫിനാന്‍സിംഗ് സ്ഥാപനങ്ങള്‍. അധാര്‍ കാര്‍ഡ് മാത്രം കൊടുത്താല്‍ യാതൊരു ഈടും ഇല്ലാതെ വെറും മൂന്നു ദിവസം കൊണ്ട് സ്ഥാപനങ്ങളില്‍ നിന്നും പണം ലഭിക്കും. സര്‍ക്കാര്‍ സൊസൈറ്റികളിലും ബാങ്കുകളിലും ജാമ്യ വ്യവസ്ഥ കൂടുതലാണ്. പെട്ടെന്ന് പണം കൊടുക്കാമെന്ന് മൈക്രോ ഫിനാന്‍സിംഗ് സ്ഥാപനങ്ങള്‍ പറയുമ്പോള്‍ സ്വാഭാവികമായും സാധാരണക്കാര്‍ അവരുടെ ചതിക്കുഴിയില്‍ വീഴുന്നു.

ഒരു സ്ഥാപനത്തില്‍ നിന്നും എടുത്ത പണം തിരിച്ചടക്കാന്‍ കഴിയാത്തത് മൂലം മറ്റു സ്ഥാപനങ്ങളില്‍ നിന്നും പണം എടുക്കേണ്ടി വരുന്നു. ഇങ്ങനെ നാലു മുതല്‍ ഏഴുവരെ സ്ഥാപനങ്ങളില്‍ നിന്നും പണം എടുത്തവരാണ് എല്ലാ സ്ത്രീകളും. ആഴ്ചതോറും 5000 രൂപ വരെ തിരിച്ചടവ് നല്‍കുന്നവരുണ്ട് ഈ കൂട്ടത്തില്‍.

“”പണിയെടുത്ത് വീട്ടാന്‍ പറ്റാത്ത അത്രയും ബാധ്യതയുണ്ട്. കുട്ടികള്‍ക്ക് പോലും ഒന്നും വാങ്ങിച്ചു കൊടുക്കാതെ പണിയെടുത്ത് കിട്ടുന്ന കാശ് മൊത്തം മൈക്രോ ഫിനാന്‍സുകാര്‍ക്ക് കൊടുക്കാണ്. എന്നിട്ടും ഒരടവ് കൊടുക്കാന്‍ വൈകിയാല്‍ വഴിയില്‍ വെച്ച് ചീത്ത വിളിക്കുക, വീട്ടില്‍ വന്നു ബഹളമുണ്ടാക്കുക തുടങ്ങിയവയൊക്കെ ചെയ്യും.

ഇത് കാരണം കടുത്ത മാനസിക വിഷമങ്ങളിലൂടെയാണ് ഓരോ സ്ത്രീകളും കടന്നുപോകുന്നത്. കുറേ നാളുകളായി ഞങ്ങള്‍ നന്നായി ഉറങ്ങിയിട്ട്. ഓരോ ദിവസവും ഇവര്‍ക്ക് എങ്ങനെ പണം കൊടുക്കും എന്ന ആവലാതിയാണ്””- മൈക്രോ ഫിനാന്‍സ് കമ്പനികളുടെ തട്ടിപ്പിനിരയായ സ്ത്രീകള്‍ പറയുന്നു.

“”മാസ വരുമാനത്തിന്റെ രണ്ടിരട്ടി പണം അടക്കണം. ഒരു ദിവസം പണം കൊടുക്കാന്‍ വൈകാന്‍ പാടില്ല. സ്ഥാപനങ്ങള്‍ പറയുന്ന ദിവസം പണം കൊടുക്കണം. അവര്‍ നിശ്ചയിച്ച സമയത്തില്‍ അരമണിക്കൂര്‍ വൈകിയാല്‍ പോലും ചീത്ത വിളിക്കും. എസ്.എം.എല്ലുകാര്‍ ഒരാളുടെ പണം കിട്ടാത്തത് കാരണം രാത്രി 7.30 വരെ വീടുകളില്‍ ഇരുന്നിട്ടുണ്ട്.

ജോലിക്ക് പോയാലും വിളിച്ചു ശല്ല്യപ്പെടുത്തി കൊണ്ടിരിക്കും. എവിടെയാണെങ്കിലും പണം കളക്ഷന്റെ അന്ന് എത്തിച്ചില്ലെങ്കില്‍ വീട്ടില്‍ വന്നു ബഹളം വെക്കുകയും കയ്യേറ്റം ചെയ്യുകയും ചെയ്യും. നോട്ടു നിരോധനം വന്നപ്പോള്‍ എല്ലാവരും നാലഞ്ചു ആഴ്ചകളില്‍ പണം അടച്ചില്ല. തുടര്‍ന്ന് ഭീഷണിപ്പെടുത്തി ഞങ്ങളെ കൊണ്ട് പണം അടപ്പിച്ചു””- തട്ടിപ്പിനിരയായ സ്ത്രീകള്‍ പറയുന്നു.മൈക്രോ ഫിനാസിംഗ് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം

ഒറ്റയ്ക്ക് ചെന്നാല്‍ ലോണ്‍ കിട്ടില്ല. ലോണ്‍ ആര്‍ക്കാണോ വേണ്ടത് അയാള്‍ 10 പേരുടെ സംഘം രൂപീകരിക്കണം. ഇവരുടെ കൂട്ടുത്തരവാദിത്തത്തിലാണ് സ്ഥാപനങ്ങള്‍ പണം കൊടുക്കുക. 10 പേരുടെ സംഘമായാല്‍ സ്ഥാപനങ്ങള്‍ മീറ്റിംഗ് വിളിക്കും. തുടര്‍ന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ലോണ്‍ പാസാക്കിക്കൊടുക്കും. 15000 രൂപ മുതല്‍ മുകളിലേക്കാണ് ലോണ്‍ തുക.

തുക ലഭിച്ചാല്‍ പിറ്റേ ആഴ്ച മുതല്‍ തിരിച്ചടവ് തുടങ്ങണം. 670 രൂപ മുതലാണ് തിരിച്ചടവ്. 10 പേരില്‍ ഒരാള്‍ തുക അടച്ചില്ലെങ്കില്‍ ബാക്കിയുള്ള ഒമ്പതു പേര്‍ അയാളുടെ തുക കൂടി അടക്കണം. ഒരു കുടുംബത്തില്‍ എത്ര പ്രായപൂര്‍ത്തിയായ സ്ത്രീകളുണ്ടോ അത്രയും സ്ത്രീകള്‍ക്ക് ലോണ്‍ ലഭിക്കും.

ഒരു സ്ഥാപനത്തിലെ പണം അടക്കാന്‍ കഴിയാതെ വരുമ്പോള്‍ മറ്റൊരു സ്ഥാപനത്തില്‍ നിന്നും പണം എടുക്കും. അതും കഴിയാതെ വരുമ്പോള്‍ മറ്റൊരു സ്ഥാപനം. ഇങ്ങനെ ഏഴ് സ്ഥാപനങ്ങളില്‍ നിന്നുവരെ പണം എടുത്തവരാണ് ഭൂരിഭാഗം സ്ത്രീകളും.

ഓരോരുത്തര്‍ക്ക് മൂന്നു ലക്ഷം മുതല്‍ ബാധ്യതയുണ്ട്. ഇസാഫ് എന്ന ഒരൊറ്റ സ്ഥാപനത്തിന് കേരളത്തില്‍ 975000 സംഘങ്ങളുണ്ട്. ഒരു സംഘത്തില്‍ 10 മുതല്‍ 40 സ്ത്രീകള്‍ വരെയുണ്ട്. അതായത് ഒരു കോടിയോളം സ്ത്രീകള്‍ മൈക്രോ ഫിനാന്‍സിംഗ് കമ്പനികളുടെ ചൂഷണത്തിന് ഇരകളാണെന്ന് അര്‍ഥം.

ജംഷീന മുല്ലപ്പാട്ട്
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍. മാസ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം. തേജസ് ദിനപത്രം , ടൂറിസം ന്യൂസ് ലൈവ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം